Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അവസാന ഭീഷണിപോസ്റ്റും അവിടെനിന്ന്, അർജുൻ ആയങ്കിയുടെ ഫോൺ അഭിഭാഷകയുടെ വീട്ടുപറമ്പിൽനിന്ന് കണ്ടെത്തി; ഇന്ന് വീണ്ടും കോടതിയിൽ ഹാജരാക്കും

text_fields
bookmark_border
അവസാന ഭീഷണിപോസ്റ്റും അവിടെനിന്ന്, അർജുൻ ആയങ്കിയുടെ ഫോൺ അഭിഭാഷകയുടെ വീട്ടുപറമ്പിൽനിന്ന് കണ്ടെത്തി; ഇന്ന് വീണ്ടും കോടതിയിൽ ഹാജരാക്കും
cancel

കണ്ണൂർ: സമൂഹമാധ്യമങ്ങളിലൂടെ ആഭ്യന്തരമന്ത്രിയെയും പൊലീസിനെയും വെല്ലുവിളിച്ച കേസിൽ സൈബർ പൊലീസിന്റെ കസ്റ്റഡിയിലുള്ള അർജുൻ ആയങ്കിയുടെ തെളിവെടുപ്പ് പൂർത്തിയായി. കസ്റ്റഡി കാലാവധി വെള്ളിയാഴ്ച വരെ ബാക്കിയുണ്ടെങ്കിലും തെളിവെടുപ്പ് പൂർത്തിയായതിനെ തുടർന്ന് പ്രതിയെ ഇന്ന് തന്നെ വീണ്ടും കോടതിയിൽ ഹാജരാക്കും. ഇന്ന് ഉച്ചവരെ ചോദ്യം ചെയ്യൽ തുടരും.

അതിനിടെ, സ്ഥിരം കുറ്റവാളിയായ ആയങ്കിക്കെതിരെ കാപ്പ ചുമത്താനുള്ള കേസ് ഹിസ്റ്ററി റിപ്പോർട്ട് വളപട്ടണം ഇൻസ്പെക്ടർ സിറ്റി പൊലീസ് കമീഷണർക്ക് കൈമാറി. ഒളിവിൽ കഴിയുന്നതിനിടെ പൊലീസിനെ വെല്ലുവിളിച്ച് പോസ്റ്റിടാൻ ഉപയോഗിച്ച മൊബൈൽ ഫോൺ അന്വേഷണ സംഘം കണ്ടെടുത്തു.

കണ്ണൂർ താളിക്കാവിലെ ആയങ്കിയുടെ അഭിഭാഷകയായ ഡലീറ്റ ടൈറ്റസിന്റെ അപ്പാർട്ട്മെന്റിന് പുറത്തുള്ള കോണിയുടെ ചുവട്ടിലെ ഷൂ റാക്കിൽ സ്വിച്ച് ഓഫ് ചെയ്ത് ഒളിപ്പിച്ച നിലയിലായിരുന്നു ഫോൺ. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം അഭിഭാഷകയുടെ വീട്ടിലെത്തിയ ആയങ്കി, പൊലീസ് എത്താൻ സാധ്യതയുണ്ടെന്ന് മനസ്സിലാക്കിയാണ് ഫോൺ ഇവിടെ ഒളിപ്പിച്ചത്.

സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകൾ താൻ തന്നെയാണ് കൈകാര്യം ചെയ്തതെന്ന് ആയങ്കി പൊലീസിനോട് കുറ്റം സമ്മതിച്ചു. വിവിധയിടങ്ങളിൽ നിന്നായി 21 ദിവസത്തോളം സമൂഹമാധ്യമങ്ങളിലൂടെ സന്ദേശമയച്ച ആയങ്കിയുടെ അവസാനത്തെ ഭീഷണി വീഡിയോ പുറത്തുവന്നത് അഭിഭാഷകയുടെ വീട്ടിലെ വൈഫൈ ഉപയോഗിച്ചാണെന്നും സൈബർ പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

പൊലീസ് അന്വേഷണം ഊർജ്ജിതമായി നടക്കുമ്പോഴും സുഹൃത്തിന്റെ കാറിൽ ഇയാൾ കണ്ണൂരിൽ സ്വൈരവിഹാരം നടത്തുകയായിരുന്നു. മട്ടന്നൂർ, തളിപ്പറമ്പ്, പയ്യന്നൂർ എന്നിവിടങ്ങളിലാണ് പ്രധാനമായും ഒളിവിൽ കഴിഞ്ഞത്. പ്രതിക്ക് ഒളിവിൽ കഴിയാൻ സഹായം ചെയ്ത മട്ടന്നൂർ മരുതായി സ്വദേശികളായ ജിതിൻ, പ്രണവ് എന്നിവർക്കൊപ്പമെത്തി അന്വേഷണസംഘം ഇന്നലെ തെളിവെടുപ്പ് നടത്തിയിരുന്നു. തളിപ്പറമ്പ് പട്ടുവത്തിന് സമീപമുള്ള ഒരു കുപ്രസിദ്ധ രാഷ്ട്രീയ ഗുണ്ടയുടെ താവളത്തിലും ഇയാൾ കഴിഞ്ഞിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

കേരള പൊലീസിൽ തനിക്ക് വിശ്വാസമുണ്ടെന്നും, കോതമംഗലം ഇൻസ്പെക്ടറുമായുള്ള വ്യക്തിപരമായ പ്രശ്നങ്ങളാണ് വീഡിയോയ്ക്ക് പിന്നിലെന്നുമാണ് ആയങ്കിയുടെ മൊഴി. അതേസമയം, കേസിൽ ശാസ്ത്രീയ അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ് കണ്ണൂർ സൈബർ ക്രൈം പൊലീസ്. പ്രതിയുടെ ലാപ്ടോപ്പും മൊബൈൽ ഫോണും ഉടൻ തന്നെ ഫോറൻസിക് പരിശോധനയ്ക്ക് അയക്കും. ലാപ്ടോപ്പിൽ നിന്ന് ഡിലീറ്റ് ചെയ്ത വിവരങ്ങൾ ഉൾപ്പെടെ വീണ്ടെടുക്കും.

കൂടാതെ, വീഡിയോകൾ പോസ്റ്റ് ചെയ്ത സ്ഥലങ്ങൾ, ഉപയോഗിച്ച വൈഫൈ നെറ്റ്വർക്കുകൾ എന്നിവ കൃത്യമായി കണ്ടെത്താൻ ഐ.പി, ഐ.പി.ഡി.ആർ വിവരങ്ങൾ ആവശ്യപ്പെട്ട് ഫേസ്ബുക്കിനും പൊലീസ് അപേക്ഷ നൽകിയിട്ടുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Arjun Ayanki Case: Phone Recovered, Court Appearance Today
Next Story