You are here
രണ്ട് മണിക്കൂറോളം ആൾക്കൂട്ട വിചാരണ; വെട്ടിക്കൊന്നത് നൂറോളം പേരുടെ മുന്നിലിട്ട്
കണ്ണൂർ: ഒമ്പത് വർഷം കഴിഞ്ഞിട്ടും ഉൾക്കിടിലം മാറാത്ത അറുകൊലയുടെ ചിത്രമാണ് അരിയിൽ ഷുക്കൂർ വധക്കേസ്. കൊന്നവനെ കൊല്ലുകയെന്ന കണ്ണൂർ രാഷ്ട്രീയത്തിലെ പതിവ് ശൈലി അതിനിഷ്ഠൂരമായി നടപ്പിലാക്കിയതെങ്ങനെയെന്ന് വിവരിക്കുന്ന സാക്ഷിമൊഴികളാണ് കേസിെൻറ തുടക്കത്തിൽ രേഖപ്പെടുത്തപ്പെട്ടത്. പക്ഷേ, രാഷ്ട്രീയ ഭയം മൂലം സാക്ഷികളിൽ പലരും പിന്മാറി. കേസിെൻറ തുടക്കത്തിൽ രേഖപ്പെടുത്തിയ മൊഴികളെ ബലപ്പെടുത്തുന്നതാണ് സി.ബി.െഎയുടെ അനുബന്ധ കുറ്റപത്രത്തിെൻറ രത്നച്ചുരുക്കം.
മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ അക്രമം നടത്തിയ പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനെത്തിയ പാര്‍ട്ടി നേതാക്കളെ, പട്ടുവം പഞ്ചായത്തിലെ അരിയിലില്വെച്ച് മുസ്ലിം ലീഗ് സംഘം അപായപ്പെടുത്താന്‍ ശ്രമിച്ചതിെൻറ തുടർച്ചയായി ജനങ്ങളിലുണ്ടായ വികാരപ്രകടനത്തിെൻറ ഭാഗമാണ് കൊലപാതകമെന്നായിരുന്നു പാർട്ടിയുടെ വിശദീകരണം. പക്ഷേ, ഷുക്കൂറിനെ അറിയുന്നവർ വിവരിക്കുന്നത്, പ്രാണനും കൊണ്ട് ഒാടിയ നിരായുധനായ ഒരു യുവാവിനെ പേപ്പട്ടിയെപ്പോലെ തല്ലിക്കൊന്ന കഥയാണ്.
2012 ഫെബ്രുവരി 20ന് പി.ജയരാജനും ടി.വി.രാജേഷും സഞ്ചരിച്ച വാഹനം പട്ടുവത്തെ അരിയിലിൽവെച്ച് ആക്രമിക്കപ്പെട്ടിരുന്നു. മുസ്ലിം ലീഗ്-സി.പി.എം സംഘർഷം നിലനിന്ന സമയമായിരുന്നു അത്. ആക്രമിക്കപ്പെട്ട ഇരുവരും തളിപ്പറമ്പിലെ ആശുപത്രിയിൽ ചികിത്സതേടി. ഇൗ വിവരം പാർട്ടി വൃത്തങ്ങളിലാകെ പടർന്നു. മിനിറ്റുകൾക്കകം നൂറുകണക്കിന് പാർട്ടി പ്രവർത്തകർ അരിയിൽ പ്രദേശത്ത് സംഘടിച്ചു. ജയരാജനെ ആക്രമിക്കുന്നവരുടെ മൊബൈൽ ദൃശ്യം പരസ്പരം കൈമാറി ഷുക്കൂറിനെയും നാലുപേരെയും കണ്ടെത്തുകയായിരുന്നു. ഷുക്കൂറിെൻറ നേതൃത്വത്തിൽ പ്രാണരക്ഷാർഥം ഒരു വീട്ടിൽ പാഞ്ഞുകയറിയെങ്കിലും വീട്ടുടമയെ ഭീഷണിപ്പെടുത്തി പുറത്തിറക്കി. തുടർന്ന് രണ്ട് മണിക്കൂറോളം ആൾക്കൂട്ടം വിചാരണ ചെയ്ത് വെട്ടിക്കൊല്ലുകയായിരുന്നു.
അതേസമയം, ക്രിക്കറ്റ് കളിക്കിടയിൽ വീണു പരിക്കേറ്റ സുഹൃത്തിനെ ആശുപത്രിയിലെത്തിക്കാൻ പോയതാണ് ഷുക്കൂറെന്ന് കുടുംബം പറയുന്നു. ഇവർ പോകുന്നതിന് തൊട്ടുമുമ്പാണ് പി.ജയരാജനും മറ്റും ആക്രമിക്കപ്പെട്ടത്. ഇക്കാര്യം അറിയാതെ ഷുക്കൂറും സംഘവും കടവിൽ തോണിയിറങ്ങിയപ്പോൾ സി.പി.എമ്മിെൻറ ആൾക്കൂട്ടത്തെക്കണ്ട് സമീപത്തെ വീട്ടിലേക്ക് ഒാടിക്കയറുകയായിരുന്നു. ജയരാജനെ ആക്രമിച്ച സംഘത്തിൽ ഷുക്കൂർ ഇല്ലായിരുന്നുവെന്ന് വീട്ടുകാർ പറെഞ്ഞങ്കിലും ഇറക്കിവിടാൻ കുടുംബനാഥനോട് ആക്രോശിക്കുകയായിരുന്നു.
പൊലീസ് വരാതെ വിടില്ലെന്നുപറഞ്ഞ വീട്ടുകാരെ ഭീഷണിപ്പെടുത്തി. വീടിന് തീയിടുമെന്നായിരുന്നു ഭീഷണി. തുടർന്നാണ് ഷുക്കൂറും സുഹൃത്ത് സഖരിയ്യയും പുറത്തിറങ്ങിയത്. വയലിലേക്ക് നടത്തിക്കൊണ്ടുപോയി മണിക്കൂറുകളോളം വിചാരണ നടത്തി. തുടർന്ന് സഖരിയ്യയെ വെട്ടി. ഷുക്കൂറിെൻറ കാൽമുട്ട് ഇരുമ്പ് വടികൊണ്ട് അടിച്ചുടച്ചു. പ്രാണരക്ഷാർഥം ഒാടിയ ഷുക്കൂറിനെ പിന്തുടർന്ന് വെട്ടിക്കൊല്ലുകയായിരുന്നു.