വനിത ദിനത്തിൽ കുളത്തൂപുഴ പൊലീസ് സ്റ്റേഷന് മുന്നിൽ അരിപ്പ ഭൂസമരക്കാർ പ്രതിഷേധ ധർണ നടത്തി
text_fieldsകൊല്ലം: ആദിവാസി ദലിത് മുന്നേറ്റ സമിതി നേതാക്കളെ കാപ്പ ചുമത്തുന്നതിനെതിരെ വനിത ദിനത്തിൽ കുളത്തൂപുഴ പൊലീസ് സ്റ്റേഷന് മുന്നിൽ അരിപ്പ ഭൂസമരക്കാർ പ്രതിഷേധ ധർണ നടത്തി. കാപ്പ ചുമത്തുന്നതിന് ഒത്താശ ചെയ്യുന്ന എം.എൽ.എയുടെയും പാർട്ടി നേതാക്കളുടെയും വീട്ട് പടിക്കലേക്ക് കുടിൽ കെട്ടി സമരം നടത്തുമെന്ന് ധർണ ഉൽഘാടനം ചെയ്ത ഏ.ഡി.എം എസ് ജില്ല പ്രസിഡണ്ട് മണി പി. അലയമൺ പറഞ്ഞു. കുമാരൻ പുന്നല അധ്യക്ഷത വഹിച്ചു.
അരിപ്പ ഭൂസമരം പൊലീസിനെ ഉപയോഗിച്ച് തകർക്കാൻ നീക്കം നടത്തുന്നതായി ആദിവാസി ദലിത് മുന്നേറ്റ സമിതി നേതാവ് ശ്രീരാമൻ കൊയ്യോൻ പറഞ്ഞു. ആദിവാസി ദലിത് മുന്നേറ്റ സമിതിയുടെ നേതൃത്വത്തിൽ കഴിഞ്ഞ 13 വർഷമായി അരിപ്പയിൽ തുടർന്ന് വരുന്ന ഭൂസമരം പരിഹരിക്കാമെന്നുള്ള റവന്യൂ മന്ത്രിയുടെ ഉറപ്പ് നിലനിൽക്കേ, ഭരണകക്ഷിയുടെ നേതൃത്വത്തിൽ പട്ടിക വിഭാഗത്തിൽപ്പെടാത്ത ചെറിയൊരു വിഭാഗത്തെ അടർത്തിയെടുത്ത് രാഷ്ട്രീയ മുതലെടുപ്പിന് സമരഭൂമിയിൽ നിരന്തരം സംഘർഷം സൃഷ്ടിക്കുന്നു.
പൊലീസിനെ ഉപയോഗിച്ച് ഭൂസമര നേതാക്കളെ ഉൾപ്പെടെയുള്ള സമര പ്രവർത്തകരെ കള്ള കേസിൽ കുടുക്കി പീഡിപ്പിക്കുന്ന നടപടിക്കെതിരെ വനിത ദിനത്തിൽ കുളത്തൂപുഴ പൊലീസ് സ്റ്റേഷന് മുന്നിൽ ആദിവാസി ദലിത് മുന്നേറ്റ സമിതിയുടെ നേതൃത്വത്തിൽ പ്രായമായ അമ്മമാർ കുത്തിയിരിപ്പ് ധർണ നടത്തി.
ഭൂസമരമാരംഭിച്ച കാലം മുതൽ അരിപ്പ ഭൂസമര പ്രവർത്തകരെ ഉപരോധിച്ചും, അക്രമിച്ചും അടിച്ചോടിക്കാൻ ശ്രമിച്ച ഭരണകക്ഷി പാർട്ടികളും, ജനപ്രതിനിധികളുമാണ് ഭൂസമരം പരിഹരിക്കുന്നതിന്റെ അന്തിമ ഘട്ടത്തിലും സംഘർഷത്തിന് നേതൃത്വം നൽകുന്നതെന്നും ശ്രീരാമൻ കൊയ്യോൻ പറഞ്ഞു. സുലേഖ ബീവി, എൽ.പാപ്പൻ , ബേബി .കെ, സുനിൽ അച്ചൻകോവിൽ , പ്രഭാ സത്യൻ, അമ്മിണി ചെങ്ങറ തുടങ്ങിയവരും സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

