അരിക്കൊമ്പൻ: നെന്മാറ ഡി.എഫ്.ഒ ഓഫിസിലേക്ക് കർഷക മാർച്ച്
text_fieldsനെന്മാറ: ഇടുക്കിയിലെ ചിന്നക്കനാലിൽ ദുരിതം തീർക്കുന്ന കാട്ടാന അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് എത്തിക്കാനുള്ള വനംവകുപ്പ് തീരുമാനത്തിനെതിരെ കർഷകരുടെ പ്രതിഷേധ മാർച്ച്.
അരിക്കൊമ്പനെ വനം വകുപ്പ് ജൈവായുധമായി മലയോര മേഖലയിലെ ജനവാസ മേഖലക്ക് നേരെ പ്രയോഗിക്കുകയാണെന്നും ആനയെ പറമ്പിക്കുളത്ത് വിടാൻ അനുവദിക്കില്ലെന്നും കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്സ് അസോസിയേഷൻ (കിഫ) ഭാരവാഹികൾ പറഞ്ഞു. നെന്മാറ ടൗണിൽനിന്ന് ഡി.എഫ്.ഒ ഓഫിസിലേക്ക് കിഫ നടത്തിയ പ്രതിഷേധ മാർച്ച് എം. അബ്ബാസിന് പതാക കൈമാറി സണ്ണി കിഴക്കേക്കര ഉദ്ഘാടനം ചെയ്തു.
അധികാരികളുടെ മനസ്സിൽ വെളിച്ചം എത്തിക്കാൻ എന്ന ലക്ഷ്യവുമായി പകൽ വെളിച്ചത്തിലും കത്തിച്ചുവെച്ച റാന്തലുകളും പ്ലക്കാർഡുകളും പിടിച്ച് നൂറുകണക്കിന് മലയോരവാസികൾ പ്രതിഷേധ മാർച്ചിൽ അണിനിരന്നു. അയിനം പാടത്തെ ഡി.എഫ്.ഒ ഓഫിസിന് മുന്നിൽ മാർച്ച് പൊലീസ് തടഞ്ഞു.
തുടർന്ന് നടന്ന പൊതുയോഗം കിഫ ജില്ല പ്രസിഡന്റ് സണ്ണി കിഴക്കേക്കര ഉദ്ഘാടനം ചെയ്തു. ഡോ. സിബി സക്കറിയ അധ്യക്ഷത വഹിച്ചു. ഫാദർ സജി വട്ടംകുളം മുഖ്യപ്രഭാഷണം നടത്തി. രാമദാസ് ഇളനാട്, ജോമി മാളിയേക്കൽ, ബിനു പൈതല, എസ്.എം. ഷാജഹാൻ എന്നിവർ സംസാരിച്ചു. അബ്ബാസ് ഒറവൻചിറ നന്ദി പറഞ്ഞു.