അരിക്കൊമ്പൻ: വിദഗ്ധ സമിതി ഇന്ന് ഇടുക്കിയിൽ
text_fieldsകേസ് ചീഫ് ജസ്റ്റിസ് പരിഗണിക്കണമെന്ന്
കർഷക സംഘടനകൾ
തൊടുപുഴ: അരിക്കൊമ്പനെ പിടികൂടുന്നതിനെതിരായ ഹരജിയിൽ ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പഠിച്ച് പരിഹാരം നിർദേശിക്കാൻ ഹൈകോടതി നിയോഗിച്ച വിഗദ്ധ സമിതി തിങ്കളാഴ്ച മൂന്നാറിലെത്തും.ചിന്നക്കനാലും ശാന്തൻപാറയും സന്ദർശിക്കുന്ന സമിതി അംഗങ്ങൾ, കാട്ടാന ശല്യം തടയാനുള്ള മാർഗങ്ങൾ സംബന്ധിച്ച റിപ്പോർട്ട് തയാറാക്കി കോടതിക്ക് സമർപ്പിക്കും. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും കേസിലെ തുടർ നടപടികൾ.
അമിക്കസ് ക്യൂറി രമേശ് ബാബു, ഫോറസ്റ്റ് ഹൈറേഞ്ച് സർക്കിൾ കോട്ടയം ചീഫ് കൺസർവേറ്റർ ആർ.എസ്. അരുൺ, ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ആൻഡ് ഫീൽഡ് ഡയറക്ടർ ടൈഗർ പ്രോജക്ട് കോട്ടയം എച്ച്. പ്രമോദ്, ചീഫ് വെറ്ററിനേറിയനും വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ വൈസ് പ്രസിഡന്റുമായ ഡോ. എൻ.വി.കെ. അഷ്റഫ്, കേരള ഫോറസ്റ്റ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ ഡോ. പി.എസ്. ഈസ എന്നിവരാണ് വിദഗ്ധ സമിതിയിലുള്ളത്.
അരിക്കൊമ്പനെ പിടികൂടണമെന്നും പ്രദേശത്തെ കാട്ടാനശല്യം പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് ചിന്നക്കനാൽ, 301 കോളനിവാസികൾ സിങ്കുകണ്ടത്ത് നടത്തുന്ന രാപ്പകൽ സമരം തുടരുകയാണ്. മറ്റിടങ്ങളിലും ഇപ്പോഴും പ്രതിഷേധ പരിപാടികൾ നടക്കുന്നുണ്ട്. പ്രദേശവാസികൾക്ക് പറയാനുള്ളതുകൂടി വിദഗ്ധ സമിതി കേൾക്കുമെന്നാണ് കരുതുന്നത്.
ഇതിനിടെ, ഇടുക്കിയിലെ കാട്ടാനശല്യം പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട കേസ് ഹൈകോടതി ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് പരിഗണിക്കണമെന്ന ആവശ്യവുമായി കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് കർഷക സംഘടനകൾ. ജസ്റ്റിസുമാരായ എ.കെ. ജയശങ്കരൻ നമ്പ്യാരും പി. ഗോപിനാഥും അടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് ഇപ്പോൾ കേസ് പരിഗണിക്കുന്നത്.
രാത്രി കേസ് പരിഗണിക്കാനുണ്ടായ അടിയന്തര സാഹചര്യം അന്വേഷിക്കണമെന്നും സംഘടനകൾ ആവശ്യപ്പെടുന്നു. ഇടുക്കി ലാൻഡ് ഫ്രീഡം മൂവ്മെന്റ് ഉൾപ്പെടെ കർഷക സംഘടനകളാണ് കേസ് പരിഗണിക്കുന്ന ഏപ്രിൽ അഞ്ചാം തീയതി ചീഫ് ജസ്റ്റിസിന് പരാതി നൽകാൻ തീരുമാനിച്ചത്.
അരിക്കൊമ്പൻ വീണ്ടും ദൗത്യമേഖലയിൽ
തൊടുപുഴ: അക്രമകാരിയായ കാട്ടാന അരിക്കൊമ്പനെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധങ്ങൾ തുടരുന്നതിനിടെ അരിക്കൊമ്പൻ വീണ്ടും ദൗത്യമേഖലയിലെത്തി. ഞായറാഴ്ച കുങ്കിയാനകൾക്ക് സമീപത്തെത്തിയ അരിക്കൊമ്പനെ വനപാലകരും ആർ.ആർ.ടി സംഘവും ചേർന്ന് കാട്ടിലേക്ക് തുരത്തി.
ശനിയാഴ്ചയും അരിക്കൊമ്പൻ കുങ്കിയാനകൾക്ക് സമീപത്തെത്തിയിരുന്നു. ദിവസങ്ങളായി ഇണക്കും രണ്ട് കുട്ടിയാനകൾക്കുമൊപ്പം ചിന്നക്കനാൽ സിമന്റ് പാലത്താണ് അരിക്കൊമ്പനുള്ളത്. ആന പതിവായി കുങ്കിയാനകൾക്ക് സമീപത്തേക്ക് എത്തുന്ന സാഹചര്യത്തിൽ സുരക്ഷക്കായി വാച്ചർമാരുടെ എണ്ണവും വർധിപ്പിച്ചു. കേസ് വീണ്ടും പരിഗണിക്കുന്ന ഏപ്രിൽ അഞ്ച് വരെ കോടതി നിർദേശപ്രകാരം ദൗത്യസംഘം ഇടുക്കിയിൽ തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

