അരിക്കൊമ്പൻ കേരള വനാതിർത്തിയിൽ; ചിന്നക്കനാലിൽ ‘അരിക്കൊമ്പൻ ഫ്രണ്ട്സ് ടീ സ്റ്റാൾ’
text_fieldsഇടുക്കി: ചിന്നക്കനാലിൽനിന്നും പിടികൂടി നാടുകടത്തിയ അരിക്കൊമ്പൻ പെരിയാർ കടുവാ സങ്കേതത്തിലെ മുല്ലക്കൊടിയിൽ നിലയുറപ്പിക്കുന്നു. ഏതാനും ദിവസങ്ങളായി കേരളാ വനാതിർത്തിയിലൂടെയാണ് അരിക്കൊമ്പന്‍റെ സഞ്ചാരം. എന്നാൽ, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് വിലയിരുത്തൽ.
കേരള-തമിഴ്നാട് വനാതിർത്തി മേഖലയിലൂടെ സഞ്ചരിക്കുന്ന അരിക്കൊമ്പൻ ഇടയ്ക്ക് തമിഴ്നാട്ടിലെ ജനവാസ മേഖലയിൽ ഇറങ്ങിയിരുന്നു. എന്നാൽ, രണ്ടു ദിവസമായി അരിക്കൊമ്പൻ കേരള വനാതിർത്തിയിൽ തന്നെയാണ് ഉള്ളത്.
അതേസമയം, അരിക്കൊമ്പനെ പിടികൂടിയ ചിന്നക്കനാലിൽ ആനയുടെ പേരിൽ ചായക്കട ആരംഭിച്ചു. വനംവകുപ്പ് വാച്ചറായിരുന്ന രഘുവാണ് തന്‍റെ ചായക്കടക്ക് ‘അരിക്കൊമ്പൻ ഫ്രണ്ട്സ് ടീ സ്റ്റാൾ’ എന്ന് പേര് നൽകിയത്. പൂപ്പാറ ഗാന്ധിനഗറിൽ ദേശീയപാതയോരത്താണ് കട.
അരിക്കൊമ്പനെ സ്നേഹിക്കുന്ന നിരവധി പേർ ചിന്നക്കനാലിലും ശാന്തൻപാറയിലുമുണ്ട്. വിവിധ ഭാഗങ്ങളിൽ അരിക്കൊമ്പന്‍റെ ഫ്ലെക്സുകൾ നേരത്തെ പ്രത്യക്ഷപ്പെട്ടിരുന്നു. അണക്കരയിലെ ഓട്ടോ ഡ്രൈവർമാർ അരിക്കൊമ്പൻ ഫാൻസ് എന്ന പേരിൽ ബോർഡ് സ്ഥാപിച്ചിരുന്നു. കാറിലും ബസിലുമടക്കം അരിക്കൊമ്പൻ എന്ന് എഴുതി ചേർത്തതും വാർത്തയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

