അരിക്കൊമ്പൻ: കാടിന്റെ മക്കൾ ഹൈകോടതിയിലേക്ക്
text_fieldsഅരിക്കൊമ്പനെ പറമ്പിക്കുളത്ത് വിടുന്നതിനെതിരെ ജനകീയ കമ്മിറ്റി നേതൃത്വത്തിൽ കൊല്ലങ്കോട് ചേർന്ന അഭിഭാഷകരുടെ യോഗം
കൊല്ലങ്കോട്: അരിക്കൊമ്പനെ പറമ്പിക്കുളത്ത് വിടുന്നതിനെതിരെ ഊരുമൂപ്പൻമാർ ഹൈകോടതിയിലേക്ക്. നെന്മാറ നിയോജക മണ്ഡലത്തിലെ അഭിഭാഷകരുടെ യോഗത്തിലാണ് കോളനി മൂപ്പൻമാരെ നിയമപോരാട്ടത്തിലേക്ക് ഇറക്കാൻ തീരുമാനമായത്.
സർവകക്ഷി ജനകീയ കമ്മിറ്റി ചെയർമാൻ കെ. ബാബു എം.എൽ.എയുടെ നേതൃത്വത്തിൽ കൊല്ലങ്കോട്ട് ചേർന്ന യോഗത്തിൽ എട്ട് അഭിഭാഷകർ പങ്കെടുത്തു. പറമ്പിക്കുളം എർത്ത് ഡാം കോളനി മൂപ്പൻ സുന്ദരൻകുട്ടി, ചുങ്കം കോളനി മൂപ്പൻ മുത്തുസ്വാമി എന്നിവർ ഹൈകോടതിയിൽ റിവ്യൂ പെറ്റിഷൻ നൽകും. മുതലമട, കൊല്ലങ്കോട്, എലവഞ്ചേരി, അയിലൂർ, നെന്മാറ, നെല്ലിയാമ്പതി പഞ്ചായത്തുകൾ പ്രമേയം പാസാക്കിയ ശേഷം ഹൈകോടതിയിൽ കക്ഷി ചേരും.
സർവകക്ഷി ജനകീയ കമ്മിറ്റി ചെയർമാൻ കെ. ബാബു എം.എൽ.എ, കൺവീനർ കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. ചിന്നക്കുട്ടൻ എന്നിവരും തിങ്കളാഴ്ച ഹൈകോടതിയെ സമീപിക്കും.
വന്യമൃഗ-മനുഷ്യ സംഘട്ടനങ്ങൾ വർധിച്ച സാഹചര്യത്തിൽ അരിക്കൊമ്പനെ പറമ്പിക്കുളത്ത് എത്തിക്കുന്നതിൽനിന്ന് പിന്തിരിപ്പിക്കാൻ ജനകീയ കമ്മിറ്റി ശക്തമായി മുന്നോട്ടു പോകുമെന്ന് കെ. ബാബു എം.എൽ.എ പറഞ്ഞു.അഭിഭാഷകരായ കെ. സിയാവുദ്ദീൻ, കെ. പ്രഭാകരൻ, ആർ. ദിൽഷ, എസ്. രമേശ്, എൽ. ചിഞ്ചു, കെ. സുകുമാരൻ, ശിവദാസ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

