തേക്കടി-മേഘമല ചുറ്റി അരിക്കൊമ്പൻ: വിനോദ സഞ്ചാരികളെ വിലക്കി തമിഴ്നാട്
text_fieldsകുമളി: പെരിയാർ കടുവ സങ്കേതത്തിനുള്ളിൽ തുറന്നുവിട്ട അരിക്കൊമ്പൻ തമിഴ്നാട് അതിർത്തി വനം കടന്ന് തേയിലത്തോട്ടത്തിലെത്തിയതായി വിവരം. കാട്ടിനുള്ളിലെ ആനത്താര വഴി സഞ്ചരിച്ചാണ് അരിക്കൊമ്പൻ അതിർത്തി കടന്നത്. കേരള-തമിഴ്നാട് കടുവ സങ്കേതങ്ങൾ ചേർന്നുകിടക്കുന്ന വനമേഖല വഴിയാണ് അരിക്കൊമ്പന്‍റെയും സഞ്ചാരം. മുമ്പ് ആനകൾ നടന്ന വഴിയെ അതിർത്തി കടന്ന് തമിഴ്നാട്ടിലേക്കും തിരിച്ചും അരിക്കൊമ്പൻ നടക്കുന്നത് പുതിയ കാടുമായി ഇണങ്ങുന്നതിന്‍റെ സൂചനയാണെന്ന് വനപാലകർ പറയുന്നു.
ചിന്നക്കനാലിൽ അരിക്കൊമ്പൻ നടത്തിയ അതിക്രമങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ മേഘമലക്ക് സമീപം അരിക്കൊമ്പനെ കണ്ടത് തമിഴ്നാട് വനപാലകരിൽ ആശങ്ക ഉയർത്തി. ഇതിനിടെ, ഇരവങ്കലാർ ഭാഗത്ത് കറുപ്പത്തായി എന്ന തൊഴിലാളി സ്ത്രീയുടെ വീടിന്‍റെ പിൻഭാഗം തകർത്ത് അരി, മാവ്, മറ്റ് പലചരക്ക് സാധനങ്ങൾ എന്നിവ ആന ഭക്ഷിച്ചതോടെ ഇത് അരിക്കൊമ്പനാവാമെന്ന പ്രചാരണം ശക്തമായി.
കഴിഞ്ഞ ദിവസം, മേഘമല ഫോറസ്റ്റ് ക്വാർട്ടേഴ്സിനു സമീപം കുടിവെള്ള പൈപ്പുകൾ പൊട്ടിച്ചതും അരിക്കൊമ്പനാണെന്ന രീതിയിലാണ് പ്രചാരണം. ഇതോടെ, മേഘമലയിൽ ജനങ്ങൾ ജാഗ്രത പാലിക്കാൻ നിർദേശം നൽകിയതിനൊപ്പം പ്രദേശത്തേക്ക് വിനോദസഞ്ചാരികൾ വരുന്നത് താൽക്കാലികമായി അധികൃതർ വിലക്കി. സഞ്ചാരികൾ ഇവിടത്തെ കോടമഞ്ഞ് ആസ്വദിച്ച് രാത്രിയും റോഡ് വഴി ഇറങ്ങി നടക്കുന്നത് അപകടത്തിനിടയാക്കാൻ സാധ്യതയുള്ളതിനാലാണ് വിലക്ക്.
പെരിയാർ കടുവ സങ്കേതത്തോട് ചേർന്ന മേഘമല കടുവ സങ്കേതത്തിനുള്ളിൽ സ്വകാര്യ തേയിലത്തോട്ടത്തിന്‍റെ ഏഴ് ഡിവിഷനുകളും ഇതിലെ തൊഴിലാളികളുമാണ് താമസിക്കുന്നത്. മേഘമല, ഇരവങ്കലാർ, മണലാർ, മഹാരാജൻമെട്ട് എന്നിങ്ങനെ കാടും തേയിലത്തോട്ടങ്ങളും ചേർന്നു കിടക്കുന്ന പ്രദേശങ്ങളിൽ കാട്ടാനകളുടെ ആക്രമണം പതിവ് സംഭവമാണ്. ആനകൾക്കൊപ്പം കാട്ടുപോത്ത്, മ്ലാവ്, പന്നി ഉൾപ്പെടെ മിക്ക ജീവികളും തേയിലത്തോട്ടങ്ങളിലിറങ്ങുന്നതും പതിവായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

