അരിക്കൊമ്പൻ കാടിറങ്ങി ജനവാസ മേഖലക്ക് സമീപമെത്തി നാടിനെ വിറപ്പിച്ചു
text_fieldsകുമളി: ചിന്നക്കനാലിൽ നിന്ന് പെരിയാർ വന്യജീവി സങ്കേതത്തിലെത്തിച്ച് തുറന്നുവിട്ട അരിക്കൊമ്പൻ വ്യാഴാഴ്ച രാത്രി കാടിറങ്ങി ജനവാസ മേഖലക്ക് സമീപമെത്തി നാടിനെ വിറപ്പിച്ചു. ആനയുമായി വാഹനം വനമേഖലയിലേക്ക് പ്രവേശിച്ച ഗേറ്റിനടുത്തുള്ള മുരുകന്‍റെ വീടിനു സമീപമാണ് രാത്രി അരിക്കൊമ്പനെ കണ്ടത്.
വീടിന്‍റെ കതകിൽ തട്ടിയെങ്കിലും നാശനഷ്ടമൊന്നും വരുത്തിയില്ല. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ തേക്കടിയിലെ വനപാലകർ തിരികെ കാട്ടിനുള്ളിലേക്ക് ഓടിച്ചു. വൈകാതെ ആന ടൗണിന് സമീപം ജനങ്ങൾ തിങ്ങിപ്പാർക്കുന്ന റോസാപ്പൂക്കണ്ടം ഭാഗത്തും എത്തി. ഇവിടെ വീടുകൾക്ക് സമീപം എത്തും മുമ്പേ വനപാലകരും നാട്ടുകാരും സ്ഥലത്തേക്ക് പാഞ്ഞെത്തി.
വനപാലകർ ആകാശത്തേക്ക് വെടിവെച്ചതോടെ ആന ഏറെ അകലെ അല്ലാതെ കുളത്തിന് സമീപത്തെ കുറ്റിക്കാട്ടിലേക്ക് നീങ്ങി. ഇവിടെ, നിലയുറപ്പിച്ച അരിക്കൊമ്പനെ രാത്രി 11ഓടെ കൂടുതൽ വനപാലകരെത്തി തുരത്തി ഓടിക്കാൻ ശ്രമം നടത്തി. ഇരുട്ടിൽ ആനയെ കാണാതായതോടെ കാട്ടിലേക്ക് കയറിപ്പോയ റേഞ്ച് ഓഫിസർ ഉൾപ്പെട്ട സംഘത്തെ ആന തുരത്തിയോടിച്ചു. ശബ്ദമുണ്ടാക്കി പാഞ്ഞടുത്തതോടെ വനപാലകരും നാട്ടുകാരും പലവഴിക്ക് ചിതറിയോടി. ഓട്ടത്തിനിടെ ചിലർ വീണെങ്കിലും ആന അടുത്തെത്തും മുമ്പേ രക്ഷപ്പെടാനായി.
പെരിയാർ കടുവ സങ്കേതം ഫീൽഡ് ഡയറക്ടർ പി.പി. പ്രമോദിന്‍റെ നേതൃത്വത്തിൽ 30 തവണയിലധികം ആകാശത്തേക്ക് വെടിവെച്ച ശേഷമാണ് ആന ജനവാസ മേഖലക്ക് സമീപത്തുനിന്ന് പുലർച്ച രണ്ടോടെ കാടിന്‍റെ മറ്റൊരു ഭാഗത്തേക്ക് നീങ്ങിയത്. ആനയുടെ കഴുത്തിൽ റേഡിയോ കോളർ ഉണ്ടെങ്കിലും ഇതിൽനിന്നും കാര്യമായ സിഗ്നലുകൾ ലഭിക്കാത്തതാണ് കാടിറങ്ങിയ കാര്യം വനപാലകർ വൈകി അറിയാനിടയായതിന്‍റെ കാരണം.