അരിക്കൊമ്പൻ റേഷൻകട തകർത്തത് 11 തവണ; ഞെട്ടലോടെ കടയുടമ ആന്റണി
text_fieldsഅരിക്കൊമ്പൻ തകർത്ത ആന്റണിയുടെ റേഷൻകട (ഫയൽ ചിത്രം)
തൊടുപുഴ: അരിക്കൊമ്പനെ പിടികൂടി കൊണ്ടുപോകേണ്ടെന്ന തീരുമാനത്തെ ഞെട്ടലോടെയാണ് ചൂണ്ടൽ സ്വദേശി പി.എൽ. ആന്റണി കേട്ടത്. കാരണം മറ്റൊന്നുമല്ല ആന്റണിയുടെ പന്നിയാറിലെ റേഷൻകട കാട്ടാന തകർത്തത് ഒന്നും രണ്ടും തവണയല്ല; 11 വട്ടമാണ്. ഏറ്റവുമൊടുവിൽ അരിക്കൊമ്പൻ റേഷൻ കടയുടെ തറവരെ പൊളിച്ചാണ് മടങ്ങിയതെന്ന് ആന്റണി പറയുന്നു.
ഓരോ തവണയും ആക്രമണശേഷം കട മാറ്റിയാലും അവിടെയുമെത്തി അരികഴിച്ച് കടയും തകർക്കുകയാണ് അരിക്കൊമ്പന്റെ പതിവ്. കടക്കുള്ളിലും പേടിയോടെയാണ് ഇരിക്കുന്നത്. ഓരോതവണയും കടതകർത്ത് പോകുന്നത് വലിയ സാമ്പത്തിക ബാധ്യതയും ആന്റണിക്ക് ഉണ്ടാക്കുന്നുണ്ട്. അരിക്കൊമ്പനെ വ്യാഴാഴ്ച പിടികൂടുമെന്ന് തന്നെയായിരുന്നു കരുതിയിരുന്നതെന്ന് ആന്റണി പറഞ്ഞു.
വർഷങ്ങളായി അരിക്കൊമ്പനെക്കൊണ്ട് ദുരിതം അനുഭവിക്കുന്നത് ഇവിടുത്തെ പ്രദേശവാസികളാണ്. അരിക്കൊമ്പന്റെ ശല്യത്തിന് ശാശ്വത പരിഹാരം ഉണ്ടാകുന്നുവെന്ന് കരുതിയിരിക്കുമ്പോഴുണ്ടായ നീക്കങ്ങൾ സത്യത്തിൽ പ്രദേശവാസികളെ സങ്കടത്തിലാക്കി. അരിക്കൊമ്പനെ മാത്രം പിടികൂടുന്നതിലൂടെ പ്രശ്നം മാറുന്നില്ലെന്നറിയാമെങ്കിലും പകുതി ശല്യം ഇതോടെ ഒഴിവാകും.
രാവിലെ മുതൽ വൈകീട്ട് വരെ തോട്ടത്തിൽ പണി എടുക്കുന്നവർക്ക് അരിക്കൊമ്പന്റെ ശല്യം മൂലം മനഃസമാധാനമായി കിടന്നുറങ്ങാൻ കഴിയാത്ത സാഹചര്യമാണ്.അരിക്കൊമ്പനെ പേടിച്ച് വ്യാപാരികൾക്ക് കടയിൽ സാധനങ്ങൾ വെക്കാൻപോലും കഴിയുന്നില്ല. അരിക്കൊമ്പനെ പിടികൂടാൻ നിയമസംവിധാനങ്ങൾ അനുകൂല നടപടി സ്വീകരിക്കുമെന്നാണ് കരുതുന്നതെന്നും ആന്റണി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

