കാസർകോട് ആരിക്കാടി ടോൾ പിരിവ്; ദേശീയ പാത ഉപരോധിച്ച് പ്രതിഷേധം
text_fieldsഎ.കെ.എം അഷ്ഫറഫ് എം.എൽ.എയുടെ നേതൃത്വത്തിൽ ടോൾ പ്ലാസ ഉപരോധിക്കുന്നു
കാസർകോട്: കാസർകോട് ആരിക്കാടിയിൽ ടോൾപിരിവിനെതിരെ മഞ്ചേശ്വരം എം.എൽ.എ എ.കെ.എം അഷ്റഫിന്റെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ച് പ്രതിഷേധം.
ദേശീയപാതയിൽ തലപ്പാടിയിൽ ഒരു ടോൾ ബൂത്ത് നിലനിൽക്കെ 22 കിലോമീറ്റർ മാറി കുമ്പള ആരിക്കാടിയിലും ടോൾ പിരിവ് നടത്തുന്ന ദേശീയ പാത അതോറിറ്റിയുടെ നടപടിയിൽ പ്രതിഷേധിച്ചാണ് തിങ്കളാഴ്ച രാവിലെ മുതൽ പ്രതിഷേധക്കാർ തെരുവിലിറങ്ങിയത്.
രണ്ട് ടോൾ ബൂത്തുകൾക്കിടയിൽ 60 കിലോമീറ്റർ ദൂരം നിലനിർത്തി മാത്രമായിരിക്കും പുതിയ ടോൾ ബൂത്ത് പ്രവർത്തിക്കുകയെന്ന ദേശീയ പാത അതോറിറ്റിയും കേന്ദ്ര മന്ത്രിയും ഉറപ്പു നൽകിയിട്ടും അത് ലംഘിച്ചുകൊണ്ട് ആരിക്കാടിയിൽ ടോൾ പിരിവ് തുടങ്ങിയതിനു പിന്നാലെയാണ് പ്രതിഷേധമുയർന്നത്. ഇവിടെ ടോൾ പിരിവിനെതിരെ പ്രദേശവാസികൾ ചേർന്നുള്ള ആക്ഷൻ കമ്മിറ്റി നൽകിയ പരാതി കോടതി പരിഗണനയിൽ നിൽക്കെയാണ് ടോൾ പിരിവ് ആരംഭിച്ചതെന്ന് എ.കെ.എം അഷ്റഫ് എം.എൽ.എ പറഞ്ഞു.
കോടതിയിൽ കേസ് നിലനിൽക്കെ ഇവിടെ ടോൾ പിരിവ് ആരംഭിക്കില്ലെന്ന പ്രതീക്ഷയിലായിരുന്നു ജനങ്ങളെന്ന് എം.എൽ.എ പറഞ്ഞു. രാവിലെ ടോൾ പിരിവ് ശ്രദ്ധയിൽ പെട്ടതിനു പിന്നാലെ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ പ്രതിഷേധവും റോഡ് ഉപരോധവും ആരംഭിക്കുകയായിരുന്നു. മേഖലയിൽ വൻ പൊലീസ് സുരക്ഷയും ഏർപ്പെടുത്തിയിട്ടുണ്ട്. ഒന്നര മണിക്കൂറിലേറെ നീണ്ടു നിന്ന സമരത്തിനൊടുവിൽ പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി.
ദേശീയപാത ചട്ടപ്രകാരം അടുത്തടുത്ത രണ്ട് ടോളുകൾക്കിടയിൽ 60 കിലോമീറ്റർ ദൂരം എന്ന നിർദേശം ലംഘിക്കുന്ന നിലയിലാണ് അരിക്കാടി ടോൾ പ്ലാസ പ്രവർത്തനം ആരംഭിക്കുന്നതെന്നാരോപിപ്പാണ് നാട്ടുകരുടെ സമരം. ആരിക്കാടി ടോൾ പ്ലാസയും നിലവിലെ തലപ്പാടി ടോൾ പ്ലാസയും തമ്മിൽ അകലം 22 കിലോമീറ്റർ മാത്രമാണ്.
ടോൾ പിരിവിനെതിരെ ആക്ഷൻ കമ്മിറ്റി ആഗസ്റ്റിൽ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ വിധി വരുന്നത് വരെ ടോൾ പിരിവ് നടത്തില്ലെന്ന് കലക്ടറും ദേശീയപാത അതോറിറ്റി അധികൃതരും ആക്‌ഷൻ കമ്മിറ്റിയും തമ്മിൽ ധാരണയുണ്ടായിരുന്നു.
കേസ് പലപ്പോഴായി നീട്ടി വയ്ക്കുകയായിരുന്നു. നേരത്തെ 3 തവണ ടോൾ പിരിവ് നടത്താനുള്ള ശ്രമം നാട്ടുകാരും ആക്‌ഷൻ കമ്മിറ്റിയും ജനപ്രതിനിധികളും തടയുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

