രാത്രിയിൽ മകനുമായി വാക്കേറ്റം; പിന്നാലെ പിതാവിനെ മരിച്ചനിലയിൽ കണ്ടെത്തി
text_fieldsആലപ്പുഴ: രാത്രിയിൽ മകനുമായുണ്ടായ വാക്കേറ്റത്തിന് പിന്നാലെ പിതാവിനെ ദുരൂഹസാഹചര്യത്തിൽ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. ആലപ്പുഴ കാളാത്ത് തടിക്കൽ കയർ ഫാക്ടറി തൊഴിലാളി സുരേഷ് കുമാറാണ് (55) മരിച്ചത്. സംഭവത്തിന് പിന്നാലെ മകൻ നിഖിൽ (24) ഒളിവിലാണ്. ചൊവ്വാഴ്ച രാത്രി മദ്യപിച്ചശേഷം അച്ഛനും മകനും തമ്മിൽ വാക്കേറ്റവും ബഹളവും നടന്നതായി മാതാവ് മിനിമോൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.
വീടിന്‍റെ ചവിട്ടുപടിയിൽനിന്ന് വീണ് കാലിന് പരിക്കേറ്റ മിനിമോൾ പ്ലാസ്റ്ററിട്ട് കിടപ്പിലാണ്. ഇതിനാൽ ഇരുവരും വാക്കേറ്റമുണ്ടായപ്പോൾ ഇടപെടാൻ കഴിഞ്ഞിരുന്നില്ല. കുറച്ചു കഴിഞ്ഞ് വാക്കേറ്റവും ബഹളവും നിലച്ചപ്പോൾ പ്രശ്നം തീർന്നുവെന്നാണ് കരുതിയത്.
ബുധനാഴ്ച രാവിലെ ഏഴരയായിട്ടും സുരേഷ് എഴുന്നേൽക്കാതെ വന്നതോടെ നടത്തിയ അന്വേഷണത്തിലാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ജനൽവഴി അടുത്തമുറിയിലേക്ക് നോക്കിയപ്പോഴാണ് ചലനമില്ലാതെ കിടക്കുന്നതുകണ്ടത്. മിനിമോളുടെ നിലവിളികേട്ട് എത്തിയ അയൽവാസികൾ പൊലീസിൽ വിവരമറിയിച്ചു. പരിശോധനയിൽ തലക്ക് പിന്നിൽ ആഴത്തിലുള്ള മുറിവും ദേഹത്ത് പരിക്കുകളും കണ്ടെത്തി.
ഈ മാസം 28ന് നിഖിലിന്‍റെ വിവാഹം നടക്കാനിരിക്കെയാണ് സംഭവം. വിവാഹ ആവശ്യത്തിന് എടുത്ത പണത്തെച്ചൊല്ലിയുണ്ടായ തർക്കമാണ് വാക്കേറ്റത്തിൽ കലാശിച്ചെതെന്ന് പറയപ്പെടുന്നു. നഗരത്തിലെ കേബിൾ സ്ഥാപനത്തിലെ ജോലിക്കാരനാണ് നിഖിൽ.
നോർത്ത് പൊലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. ഇൻക്വസ്റ്റ് പൂർത്തിയാക്കി മൃതദേഹം വണ്ടാനം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. നിഖിലിനെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് പറഞ്ഞു. മകൾ: രേഷ്മ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

