അയൽക്കാർ തമ്മിൽ തർക്കം; കൊല്ലത്ത് അഭിഭാഷകന് വെടിയേറ്റു
text_fieldsമുകേഷ്
കൊല്ലം: അയൽക്കാർ തമ്മിലുള്ള തർക്കത്തിനൊടുവിൽ അഭിഭാഷകന് വെടിയേറ്റു. കൊല്ലം കൊട്ടാരക്കരയിൽ ബുധനാഴ്ച രാത്രി 11ഓടെയാണ് സംഭവം. പുലമണ്‍ സ്വദേശി മുകേഷി(34)നാണ് വെടിയേറ്റത്. തോളിൽ വെടിയേറ്റ ഇദ്ദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. സംഭവത്തിൽ പ്രധാന പ്രതിയായ പ്രൈം എന്നയാളും മറ്റൊരാളും അറസ്റ്റിലായിട്ടുണ്ട്.
മുകേഷിന്റെ വീട്ടുകാരും അയൽവീട്ടുകാരും തമ്മിൽ തർക്കം നിലനിന്നിരുന്നു. ഇന്നലെയുണ്ടായ വാക്കുതർക്കത്തെ തുടർന്ന് പ്രൈം മുകേഷിന്റെ വീട്ടിൽ അതിക്രമിച്ചു കയറി മുകേഷിന്റെ അച്ഛനെ മർദിക്കുകയും അമ്മക്ക് നേരെ അസഭ്യവർഷം നടത്തുകയും ചെയ്തുവത്രെ.
ശേഷം എയർ ഗൺ ഉപയോഗിച്ച് മുകേഷിന് നേരെ വെടിയുതിർക്കുകയായിരുന്നു. മുകേഷിന്റെ തോളെല്ലിനാണ് വെടിയേറ്റത്. ഉടൻ തന്നെ ഇദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി. ആരോഗ്യനില ഗുരുതരമല്ല.
ശസ്ത്രക്രിയ നടത്തി ഇന്ന് തന്നെ വെടിയുണ്ട പുറത്തെടുക്കുമെന്ന് ഡോക്ടർമാർ അറിയിച്ചു. പരാതിയെ തുടർന്ന് കൊട്ടാരക്കര പൊലീസാണ് പ്രൈമിനെ അറസ്റ്റ് ചെയ്തത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന സുഹൃത്തിനെയും അറസ്റ്റ് ചെയ്തു.

