കുറിഞ്ഞിസങ്കേതത്തിെൻറ വിസ്തീർണം കുറയുമെന്ന് മന്ത്രിമാർ
text_fieldsതിരുവനന്തപുരം: കുറിഞ്ഞിസങ്കേതത്തിെൻറ വിസ്തീർണം കുറയുമെന്ന കാര്യത്തിൽ മന്ത്രിതലസംഘം ഒറ്റക്കെട്ട്. നീലക്കുറിഞ്ഞി സങ്കേതമേഖല സന്ദർശിച്ച് ജനങ്ങളുമായി ചർച്ച ചെയ്ത് നൽകിയ റിപ്പോർട്ടിലാണ് മന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ, എം.എം. മണി, കെ. രാജു തുടങ്ങിയവർ ഒരേ റിപ്പോർട്ട് നൽകിയത്. നിർദിഷ്ട സങ്കേതത്തിൽ നിരവധി വീടും സ്ഥാപനങ്ങളും കൃഷിയിടങ്ങളുമുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. പലതും 450 വർഷത്തിലേറെ പഴക്കമുള്ള ജനവാസപ്രദേശമാണ്. പ്രദേശവിസ്തൃതിയും അതിർത്തിയും സംബന്ധിച്ച അവ്യക്തത നീക്കാൻ പരിഹാരനിർദേശം ആവശ്യമാണെന്ന് റിപ്പോർട്ടിൽ പറയുന്നു.
2006 സെപ്റ്റംബർ ആറിന് നടത്തിയ പ്രഖ്യാപനത്തിൽ 8000 ഏക്കറെന്നാണ് കുറിച്ചതെങ്കിലും 2008 േമയ് ഒമ്പതിന് ദേവികുളം സബ്കലക്ടറുടെ വിജ്ഞാപനത്തിൽ ഭൂമി 7255 ഏക്കറായി കുറച്ചിരുന്നു. വട്ടവട 62ാം ബ്ലോക്കിൽ 2297 ഏക്കറും കൊട്ടക്കാമ്പൂർ 58ാം ബ്ലോക്കിൽ 4957 ഏക്കറുമായി. ദേവികുളം സബ്കലക്ടർ 2009 സെപ്റ്റംബർ ഒമ്പതിന് നടത്തിയ പ്രഖ്യാപനത്തിൽ വട്ടവട ബ്ലോക്കിലെ വിസ്തീർണം 619 ഏക്കറായി ചുരുങ്ങി. അപ്പോൾ ആകെ വിസ്തീർണം 5575 ഏക്കറായി. ചുരുക്കത്തിൽ 2425 ഏക്കർ 2009ൽ തന്നെ സങ്കേതത്തിലില്ല. ഇക്കാര്യങ്ങൾ ഉദ്യോഗസ്ഥതല സമിതിയുടെ പരിശോധനക്ക് വിധേയമാക്കണമെന്നാണ് ആദ്യ നിർദേശം.
വീടുകളും കൃഷിയിടങ്ങളും ജലസംഭരണികളും പൊതുസ്ഥാപനങ്ങളും അടങ്ങുന്ന ജനവാസപ്രദേശം ഒഴിവാക്കി കുറിഞ്ഞിച്ചെടികൾ സ്വാഭാവികമായി വളരുന്ന സ്ഥലങ്ങൾ ഉൾപ്പെടുന്നതാകണം സങ്കേതപ്രദേശം. ഈ കാഴ്ചപ്പാടോടെ പ്രദേശനിർണയം നടത്തണമെന്നും റിപ്പോർട്ടിൽ പറയുന്നു. ജനകീയപ്രശ്നം ചർച്ചചെയ്യുന്നതിന് സംവിധാനങ്ങൾ ഏർപ്പെടുത്തണം. സങ്കേതപ്രദേശത്തെ സർവേയും അതിർത്തിനിർണയവും സമയബന്ധിതമായി തീർക്കണം. ജനങ്ങളുമായും പ്രാദേശിക ഭരണകൂടവുമായി നന്നായി ആശയവിനിമയം നടത്താനാകുന്ന മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനെ ഈ നടപടികളുടെ ചുമതല ഏൽപ്പിക്കണം. നിർദേശങ്ങൾ ജൂൺ ഒന്നിന് മുമ്പ് യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കണമെന്നും റിപ്പോർട്ടിലുണ്ടായിരുന്നു.-
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
