പാലക്കാട് സി.പി.എമ്മിൽ പൊട്ടിത്തെറി; ഏരിയ കമ്മിറ്റിയംഗം പാർട്ടി വിട്ടു, മാധ്യമങ്ങൾക്ക് മുമ്പിൽ പൊട്ടിക്കരഞ്ഞ് അബ്ദുൽ ഷുക്കൂർ
text_fieldsപാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിന്‍റെ പ്രചാരണം ചൂടുപിടിച്ചിരിക്കെ ജില്ലയിലെ സി.പി.എമ്മിൽ പൊട്ടിത്തെറി. സി.പി.എം ജില്ലാ നേതൃത്വം അപമാനിക്കുകയും അവഗണിക്കുകയും ചെയ്തെന്ന് ആരോപിച്ച് പാലക്കാട് ഏരിയ കമ്മിറ്റിയംഗം അബ്ദുൽ ഷുക്കൂർ പാർട്ടി വിട്ടു. മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറിയും പാലക്കാട് നഗരസഭ കൗൺസിലറും പാലക്കാട് ഓട്ടോ ടാക്സി യൂണിയൻ ജില്ലാ ട്രഷററുമാണ് അബ്ദുൽ ഷുക്കൂർ.
സമാന അനുഭവസ്ഥർ പാർട്ടിയിൽ വേറെയുമുണ്ടെന്ന് മാധ്യമങ്ങൾക്ക് മുമ്പിൽ പൊട്ടിക്കരഞ്ഞ് കൊണ്ട് ഷുക്കൂർ പറയുന്നു. പാർട്ടിക്ക് വേണ്ടി ആത്മാർഥമായാണ് താൻ പ്രവർത്തിച്ചത്. എന്നാൽ, പാർട്ടിക്കുള്ളിൽ ചവിട്ടി താഴ്ത്തുകയാണ്. ഒരുപാടായി സഹിക്കുകയാണ്. ജില്ല സെക്രട്ടറി ഏകാധിപതിയെ പോലെ പെരുമാറുന്നു. ജില്ല സെക്രട്ടറിയുടെ പെരുമാറ്റം സഹിക്കാവുന്നതിലും അപ്പുറമാണ്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി ബോർഡുകൾ സ്ഥാപിച്ചില്ലെന്നും ചുമരെഴുതിയില്ലെന്നുമാണ് തനിക്കെതിരായ നേതൃത്വത്തിന്‍റെ കുറ്റാരോപണം. ഇതൊന്നും തന്നെ ഏൽപിച്ചിട്ടുള്ള കാര്യങ്ങളായിരുന്നില്ല. ബൂത്ത് സെക്രട്ടറിമാർ ചെയ്യാത്ത കാര്യങ്ങളിൽ തനിക്കുമേൽ കുറ്റം ചുമത്തുകയാണ്.
നാൽപതോളം പേരുള്ള യോഗത്തിലാണ് തന്നെ അവഹേളിച്ചത്. നിന്നെ കാണിച്ചു തരാമെന്ന് ഏതാനും ദിവസം മുമ്പ് സെക്രട്ടറി ഭീഷണിപ്പെടുത്തിയിരുന്നു. അതിന് ശേഷം യോഗത്തിൽ അപമാനിച്ചു. സഹിച്ചു നിൽക്കാൻ സാധിക്കാത്തത് കൊണ്ട് പാർട്ടിയുമായി എല്ലാ ബന്ധവും ഉപേക്ഷിച്ചതെന്നും ഷുക്കൂർ വ്യക്തമാക്കി. തെരഞ്ഞെടുപ്പിൽ ജയിക്കണമെന്ന് ജില്ല സെക്രട്ടറിക്ക് ആഗ്രഹമില്ലെന്നും ഷുക്കൂർ ആരോപിച്ചു.
അതേസമയം, പാർട്ടിവിട്ട അബ്ദുൽ ഷുക്കൂറിനെ അനുനയിപ്പിക്കാനുള്ള ശ്രമം സി.പി.എം തുടങ്ങി. മുതിർന്ന സി.പി.എം നേതാവ് എൻ.എൻ കൃഷ്ണദാസ് ഷുക്കൂറിന്‍റെ വീട്ടിലെത്തി സംസാരിച്ചു.
ഷുക്കൂർ പാർട്ടി വിടുന്നതിനെ കുറിച്ച് അറിവില്ലെന്ന് കേന്ദ്ര കമ്മിറ്റിയംഗം എ.കെ ബാലൻ മാധ്യമങ്ങളോട് പറഞ്ഞു. ആരോടും മോശമായി ജില്ല സെക്രട്ടറി പെരുമാറില്ല. അതൊക്കെ തെറ്റിദ്ധാരണയാണ്. ഒറ്റപ്പെട്ട സംഭവങ്ങൾ തെരഞ്ഞെടുപ്പ് കാലത്ത് ഉണ്ടാവാറുണ്ട്. അതെല്ലാം പറഞ്ഞ് തീർക്കാറുമുണ്ട്. ഈ വിഷയത്തിൽ ആവശ്യമെങ്കിൽ സംസാരിക്കുമെന്നും എ.കെ. ബാലൻ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

