അച്ഛൻ വഴികാട്ടി, ഗസ്സയിലെ കുരുന്നുകൾക്ക് മാപ്പിളപ്പാട്ടിലൂടെ ആർദ്ര മരിയയുടെ ഐക്യദാർഢ്യം
text_fieldsആർദ്ര മരിയ മാതാപിതാക്കൾക്കൊപ്പം
തൃശൂർ: പിറന്ന നാടിന് വേണ്ടി രക്തസാക്ഷികളായ ഫലസ്തീൻ ജനതയ്ക്ക് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മാപ്പിളപ്പാട്ടിലൂടെ ഐക്യദാർഢ്യം. എച്ച്.എസ്.എസ് വിഭാഗം മത്സരത്തിലാണ് എറണാകുളം നോർത്ത് പറവൂർ കൊട്ടുവള്ളിക്കാട് എച്ച്.എം.വൈ.എസ്.എച്ച്.എസ്.എസ് വിദ്യാർഥിനി ആർദ്ര മരിയ ഗസ്സയുടെ നോവുകൾ ആലപിച്ചത്.
എന്തിനാണ് കൊല്ലപ്പെട്ടതെന്നുപോലും അറിയാതെ പിടഞ്ഞു വീണ പിഞ്ചു കുഞ്ഞുങ്ങൾക്കും അമ്മമാർക്കും സഹോദരിമാർക്കും മനസ്സ് കൊണ്ടെങ്കിലും ഐക്യദാർഢ്യപ്പെടുക എന്ന ലക്ഷ്യത്തിലാണ് ഈ പാട്ട് തെരഞ്ഞെടുത്തതെന്ന് ആർദ്ര പറഞ്ഞു. ആസ്വാദനത്തിനപ്പുറം, കലയിലൂടെ അനീതികൾക്കെതിരെ പ്രതികരിക്കുക എന്ന തിരിച്ചറിവാണ് സബ് ജില്ലാ, ജില്ലാ മത്സരങ്ങളിൽ വിജയിച്ചപ്പോഴും ഇതേ ഗാനം തന്നെ തെരഞ്ഞെടുക്കാൻ ആർദ്രയെ പ്രേരിപ്പിച്ചത്. അച്ഛൻ ജയ്‌സൺ ഇക്കാര്യത്തിൽ കൃത്യമായ നിർദേശങ്ങൾ നൽകി.
മികച്ച അവതരണത്തിലൂടെ ആർദ്ര സദസ്സിന്റെ മനം കവർന്നു. ബദറുദ്ദീൻ പാറന്നൂരാണ് ഫലസ്തീന്റെ പൈതൃകം വിളിച്ചോതുന്ന ഈ മാപ്പിളപ്പാട്ട് രചിച്ചത്. പ്രശസ്ത ഗായകനും സംഗീത സംവിധായകനും അധ്യാപകനുമായ അനീസ് മാസ്റ്റർ കൂരാടാണ് സംഗീതം. സിറാജുദ്ദീൻ എറണാകുളമാണ് പരിശീകൻ. എച്ച്.എസ്.എസ് വിഭാഗം കഥാപ്രസംഗം മത്സരത്തിലും ആർദ്ര മരിയ പങ്കെടുക്കുന്നുണ്ട്. പിതാവ് ജയ്‌സൺ സ്വകാര്യ ഐ.ടി കമ്പനി ജീവനക്കാരനാണ്. മാതാവ് സൗമ്യ ഇതേ സ്കൂളിലെ ഹൈസ്കൂൾ വിഭാഗം അധ്യാപികയാണ്. സഹോദരൻ അനുഗ്രഹ് ജോ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

