മകൻ കട്ടായം പറഞ്ഞു, അവസാന നിമിഷം നേപ്പാൾ യാത്ര ഉപേക്ഷിച്ചു; ഞെട്ടലോടെ ആർക്കിടെക്റ്റ് ജി. ശങ്കർ
text_fieldsആർക്കിടെക്റ്റ് ജി. ശങ്കർ
തിരുവനന്തപുരം: ‘140 പേരടങ്ങുന്ന സംഘത്തോടൊപ്പം നേപ്പാളിലേക്ക് പോകാനിരുന്നതാണ്. എല്ലാ തയാറെടുപ്പുകളും നടത്തിയിരുന്നു. പോകരുതെന്ന് മകൻ കട്ടായം പറഞ്ഞത് കൊണ്ട് അവസാന നിമിഷം യാത്ര റദ്ദാക്കിക്കുകയായിരുന്നു’. നേപ്പാളിലെ മിന്നൽ പ്രളയത്തെക്കുറിച്ച ഞെട്ടലുളവാക്കുന്ന വാർത്തകൾക്ക് നടുവിൽ ആശങ്കയും ഒപ്പം ആശ്വാസവും പങ്കുവെക്കുകയാണ് ആർക്കിടെക്റ്റ് ജി. ശങ്കർ.
മോഹൻജി ഫൗണ്ടേഷനൊപ്പം 285 പേരടങ്ങുന്ന സംഘം രണ്ട് ഗ്രൂപ്പുകളായാണ് നേപ്പാളിലേക്ക് യാത്ര ആസൂത്രണം ചെയ്തത്. അംഗസംഖ്യ കൂടുതലായതിനാൽ 145, 140 എന്നിങ്ങനെ രണ്ട് ഗ്രൂപ്പുകളായി തിരിച്ചായിരുന്നു ക്രമീകരണം. മൂന്ന് മാസം മുമ്പ് തന്നെ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. ഹിമാലയം നടന്നുകാണണമെന്നുള്ളത് ജീവിതത്തിലെ വലിയ മോഹമായിരുന്നുവെന്നതും അതായിരുന്നു യാത്രക്ക് പ്രേരകമായതെന്നും ശങ്കർ പറഞ്ഞു.
‘ഹിമാലയത്തിലെ 27 കൊടുമുടികളും വിമാനമാർഗം അടുത്ത് കണ്ടിട്ടുണ്ട്. നേപ്പാളിൽ ഒരുപാട് വർഷങ്ങൾ ജോലി ചെയ്തിരുന്നു. ഭൂകമ്പത്തിൽ തകർന്ന നേപ്പാളിന്റെ പുനരധിവാസവും പുനർനിർമാണവുമായിട്ട് ബന്ധപ്പെട്ട് ഐക്യരാഷ്ട്രസഭയുടെ അംഗമായിട്ടായിരുന്നു നിയോഗം. ’ -അദ്ദേഹം പറഞ്ഞു.
താൻ പോകേണ്ടിയിരുന്ന ഗ്രൂപ്പ് ഇപ്പോൾ സാഖ എന്ന സ്ഥലത്ത് എത്തിയിട്ടുണ്ടാകും. സംഘം തൊട്ട് തലേന്ന് സഞ്ചരിച്ച വഴികളിലാണ് ദുരന്തം ഉണ്ടായിരിക്കുന്നത്. -ശങ്കർ പറഞ്ഞു.
അതേസമയം, മിന്നൽ പ്രളയം ദുരന്തംവിതച്ച നേപ്പാളിൽ കുടുങ്ങിയ കോഴിക്കോട് ഉളേള്യരിയിൽ നിന്നുള്ള വിനോദയാത്രാ സംഘം സുരക്ഷിതരാണ്. ഇക്കഴിഞ്ഞ 21നാണ് സ്ത്രീകളും കുട്ടികളും അടങ്ങുന്ന 42 അംഗ സംഘം നേപ്പാളിലേക്ക് യാത്രതിരിച്ചത്. ബാലുശ്ശേരിയിലെ സ്വകാര്യ ടൂർ ഏജൻസിക്ക് കീഴിലായിരുന്നു യാത്ര. കഴിഞ്ഞ മൂന്ന് ദിവസമായി നേപ്പാളിലെ പ്രധാന നഗരമായ പൊക്രയിൽ ആയിരുന്നു ഇവർ.
വ്യാഴാഴ്ച കാഠ്മണ്ഡുവിലേക്ക് യാത്ര തിരിക്കേണ്ടതായിരുന്നു സംഘം. പ്രളയത്തെ തുടർന്ന് അവിടേക്കുള്ള റോഡ് ഗതാഗതം നിലച്ചിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

