ഇടുക്കിയിൽ പ്രാചീന മനുഷ്യവാസയിടം കണ്ടെത്തി
text_fieldsഉദ്ഖനനത്തിൽ കണ്ടെത്തിയ ഇരുമ്പുകൊണ്ടുള്ള ആയുധങ്ങൾ
കട്ടപ്പന: കേരളത്തിന്റെ ആദിമ മനുഷ്യവാസത്തിലേക്ക് വെളിച്ചംവീശി ഇടുക്കി ജില്ലയിൽ പ്രാചീന മനുഷ്യവാസയിടം കണ്ടെത്തി. കട്ടപ്പനയിലെ കൊച്ചറക്കു സമീപം ആനപ്പാറയിലാണ് പ്രാചീന ചരിത്രകാല സംസ്കാരത്തിന്റെ തെളിവുകൾ കണ്ടെത്തിയത്. കേരളത്തിൽ പ്രാചീനകാലത്തുള്ള മനുഷ്യവാസയിടം കണ്ടെത്തുന്നത് ആദ്യമാണെന്ന് ചരിത്രകാരന്മാർ പറയുന്നു.
കേരളചരിത്ര ഗവേഷണ കൗൺസിലിന്റെ (കെ.സി.എച്ച്.ആർ) നേതൃത്വത്തിൽ 2024 ഡിസംബർ മുതൽ 2025 ഫെബ്രുവരിവരെ ആനപ്പാറയിൽ നടത്തിയ പുരാവസ്തു ഖനനത്തിലാണ് കേരള ചരിത്രത്തെ നിർണയിക്കുന്ന തെളിവുകൾ കണ്ടെത്തിയതെന്ന് കെ.സി.എച്ച്.ആർ ഡയറക്ടർ പ്രഫ. ഡോ. വി. ദിനേശൻ പറഞ്ഞു. കേരളത്തിലെ മഹാശിലായുഗ സംസ്കാരവുമായി ബന്ധപ്പെട്ട് നിരവധി പുരാവസ്തുക്കൾ മുമ്പ് കണ്ടെത്തിയിട്ടുണ്ടെങ്കിലും നേരിട്ടുള്ള മനുഷ്യവാസത്തെ സംബന്ധിച്ച തെളിവുകൾ ലഭ്യമായിരുന്നില്ല.
ഈ സാഹചര്യത്തിൽ ആനപ്പാറയിലെ കണ്ടെത്തലുകൾ ഏറെ പ്രാധാന്യമർഹിക്കുന്നുണ്ട്. ഭൂമിശാസ്ത്രപരമായി ഏറെ പ്രത്യേകതയുള്ള സ്ഥലമാണ് ഖനനം നടന്ന ആനപ്പാറ. ഇവിടെ തെക്കുനിന്ന് വടക്കോട്ട് 228 മീ. നീളത്തിലും കിഴക്കുനിന്ന് പടിഞ്ഞാറോട്ട് 48 മീ. വീതിയിലും മുകൾപരപ്പുള്ള വലിയ പാറയുണ്ട്. ഈ പാറയിൽ ക്ഷേത്രവും സ്ഥിതിചെയ്യുന്നു. പുരാതന മനുഷ്യവാസത്തിന്റെ തെളിവുകൾ പാറയുടെ കിഴക്ക്, തെക്കു-കിഴക്ക്, വടക്ക്-കിഴക്ക് ഭാഗങ്ങളിൽനിന്നാണ് ലഭിച്ചത്.
ഉദ്ഖനന പ്രവർത്തനങ്ങൾക്കായി നാല് പ്രധാന കുഴികൾ (ട്രഞ്ചുകൾ) എടുത്താണ് പഠനം നടത്തിയത്.
ഈ ട്രഞ്ചുകളിൽനിന്ന് വിവിധ രീതിയിലുള്ള മൺപാത്ര കഷണങ്ങൾ, ഇരുമ്പുകൊണ്ടുള്ള ആയുധങ്ങൾ, ഇരുമ്പ് ഉരുക്കുമ്പോൾ ഉണ്ടാകുന്ന അവശിഷ്ടങ്ങൾ, ടെറക്കോട്ട ഡിസ്കുകൾ, കല്ലുകൊണ്ടും ഗ്ലാസ് കൊണ്ടും നിർമിച്ച മുത്തുകൾ, കൽ നിർമിതി (ടെറസ്), ആറ് മുഖങ്ങളുള്ളതും നിർമാണ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാവുന്ന തരത്തിലുള്ളതുമായ കല്ലുകൾ, ഇൻഡോ-പസഫിക് ഗ്ലാസ് മുത്തുകൾ, ഇരുമ്പ് അസ്ത്രങ്ങൾ, അരിവാളിന്റെ അവശിഷ്ടങ്ങൾ, കത്തികൾ, ഇരുമ്പ് നിർമാണത്തിന്റെ അവശിഷ്ടങ്ങൾ, ഇരുമ്പ് ഉരുക്കാൻ ഉപയോഗിക്കുന്ന ഉരുക്കുപാത്ര കഷ്ണങ്ങൾ തുടങ്ങിയവ കണ്ടെത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.