സർക്കാറിനെ അഭിനന്ദിച്ചും കോൺഗ്രസിനെ വിമർശിച്ചും തൃശൂർ അതിരൂപത
text_fieldsതൃശൂർ: രണ്ടാം പിണറായി സർക്കാറിനെ അഭിനന്ദിച്ചും കോൺഗ്രസിനെ വിമർശിച്ചും തൃശൂർ അതിരൂപതയുടെ മുഖപത്രമായ 'കത്തോലിക്കാസഭ' രംഗത്ത്. അസാധാരണ പ്രതിസന്ധിയുടെ സാഹചര്യത്തിൽ ചിട്ടയായ പ്രവർത്തനം നടത്തിയ സർക്കാറിന് ലഭിച്ച അംഗീകാരമാണ് ഭരണത്തുടർച്ചയെന്നും, കേരള ജനതയുടെ രാഷ്ട്രീയബോധം വ്യക്തമാക്കുന്നതാണ് ആ ജനപിന്തുണയെന്നും 'കത്തോലിക്കാസഭ'യുടെ പുതിയ ലക്കം വ്യക്തമാക്കുന്നു.
കോൺഗ്രസിൽ കസേരകൾ ഇളക്കിപ്രതിഷ്ഠിച്ചതുകൊണ്ട് കാര്യമില്ല. നയങ്ങളിലും സമീപനങ്ങളിലുമാണ് ഇളക്കിപ്രതിഷ്ഠ വേണ്ടത്. തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ പതിവ് ചക്കളത്തിപ്പോരാട്ടം കോൺഗ്രസിലും യു.ഡി.എഫിലും ആരംഭിച്ചതായും 'ഇളക്കിപ്രതിഷ്ഠിക്കേണ്ടത് കസേരയോ, നയമോ' എന്ന കോളത്തിൽ ചൂണ്ടിക്കാട്ടി.
തോൽവിയുടെ യഥാർഥ കാരണങ്ങൾ കണ്ടെത്താതെ കാര്യമില്ല. ഉടച്ചുവാർക്കലിന് വിധേയമാകാതെയും ജനങ്ങൾക്കിടയിൽ സജീവമായി ഇടപെടാതെയും കോൺഗ്രസിനോ യു.ഡി.എഫിനോ കേരളത്തിൽ വിജയിക്കാനാവുമെന്നത് മൗഢ്യമാണ്. അധികാരവും സ്ഥാനമാനങ്ങളും പങ്കിടുന്ന ആൾക്കൂട്ടമായി കോൺഗ്രസ് അധഃപതിച്ചു.
ദേശീയതലത്തിൽ ഒരു നേതാവിനെ കണ്ടെത്താൻ കഴിയാതെ കോൺഗ്രസ് കുഴയുകയാണ്. അഞ്ചു മന്ത്രിമാർ രാജിവെച്ചൊഴിയേണ്ടി വന്ന സാഹചര്യമുണ്ടായിട്ടും ഭരണമുന്നണിയിൽ ഭിന്നതകളില്ലാതെ സർക്കാറിനെ നയിച്ച പിണറായി വിജയന് പാർട്ടിക്കതീതമായി ലഭിച്ച അംഗീകാരം കൂടിയാണ് രണ്ടാമൂഴം. സ്ഥാനാർഥി നിർണയത്തിൽ പുലർത്തിയ ജാഗ്രതയും പുതുമയും മന്ത്രിസഭ രൂപവത്കരണത്തിലും പ്രകടമായത് ധീരമായ തീരുമാനമാണ്. ഇക്കാര്യത്തിൽ ആരും അതൃപ്തി പ്രകടിപ്പിച്ചില്ലെന്നത് മറ്റു രാഷ്ട്രീയ പാർട്ടികൾക്ക് മാതൃകയാണ്.
നവകേരള സൃഷ്ടിയിൽ എല്ലാവർക്കും പങ്കാളിത്തം നൽകിയതും മൂന്നു വനിതകൾക്ക് മന്ത്രിസഭയിൽ ഇടം നൽകിയതും അഭിമാനകരമാണ്. പട്ടികജാതി വിഭാഗത്തിൽനിന്നുള്ള കെ. രാധാകൃഷ്ണന് ദേവസ്വം വകുപ്പ് നൽകിയ തീരുമാനം വിപ്ലവകരമാണ്. ന്യൂനപക്ഷക്ഷേമ വകുപ്പ് മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്നത് പ്രതീക്ഷ നൽകുന്നതാണ്. മുൻകാലങ്ങളിൽ ഏറെ ആക്ഷേപത്തിനിടയാക്കിയ വകുപ്പിൽ ഇതിന് പരിഹാരവും നിഷ്പക്ഷ സമീപനവുമുണ്ടാകുമെന്ന് പ്രതീക്ഷിക്കാം. സാമ്പത്തിക അച്ചടക്കവും അനാവശ്യ ചെലവുകൾ ഒഴിവാക്കലും വേണമെന്നും മുഖപത്രം ചൂണ്ടിക്കാട്ടി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.