ആർച്ച് ബിഷപ്പ് ഡോ. മാർ അപ്രേം മെത്രാപ്പോലീത്ത അന്തരിച്ചു
text_fieldsമാർ അപ്രേം മെത്രാപ്പോലീത്ത
തൃശൂർ: സാംസ്കാരിക നഗരിയുടെ ഹൃദയം തൊട്ടറിഞ്ഞ പൗരസ്ത്യ കൽദായ സുറിയാനി സഭയുടെ ആത്മീയ പിതാവ് ഡോ. മാർ അപ്രേം മെത്രാപ്പോലീത്ത അന്തരിച്ചു. 85 വയസ്സായിരുന്നു. മേയ് രണ്ടു മുതൽ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മാർ അപ്രേം തിങ്കളാഴ്ച രാവിലെയാണ് വിടവാങ്ങിയത്. 57 വർഷം പൗരസ്ത്യ കൽദായ സുറിയാനി സഭയെ ഭരിച്ച മാർ അപ്രേം ആറു മാസത്തോളം ആഗോള സഭയെയും നയിച്ചിട്ടുണ്ട്. ധിഷണാശാലി, എഴുത്തുകാരൻ, സംഗീതജ്ഞൻ തുടങ്ങിയ നിലകളിലും മുദ്രപതിപ്പിച്ചു.
തൃശൂരിലെ മൂക്കൻ കുടുംബത്തിലെ കൊച്ചൗസേപ്പ് ദേവസിയുടെയും കൊച്ചുമറിയത്തിന്‍റെയും 10 മക്കളിൽ നാലാമനായി 1940 ജൂൺ 13നാണ് ജനിച്ചത്. ജോർജ് ഡേവീഡ് മൂക്കൻ എന്നായിരുന്നു ആദ്യ പേര്. കാൽഡിയൻ സിറിയൻ സ്കൂൾ, സി.എം.എസ് സ്കൂൾ, തൃശൂർ സെന്‍റ് തോമസ് കോളജ് എന്നിവിടങ്ങളിലെ പഠനത്തിനുശേഷം ജബൽപുരിലെ ലിയോണർഡ് തിയോളജിക്കൽ കോളജ്, ലണ്ടനിലെ സെന്‍റ് ബോണിഫൈഡ് കോളജ്, ബംഗളൂരു യു.ടി കോളജ്, പ്രിൻസ്റ്റൺ തിയോളജിക്കൽ സെമിനാരി, യൂനിയൻ തിയോളജിക്കൽ സെമിനാരി ന്യൂയോർക് എന്നീ ആത്മീയ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഉപരിപഠനം പൂർത്തിയാക്കി. സെറാമ്പൂർ സർവകലാശാലയിൽനിന്ന് ദൈവശാസ്ത്രത്തിലും എം.ജി സർവകലാശാലയിൽനിന്ന് സുറിയാനിയിലും ഡോക്ടറേറ്റ് കരസ്ഥമാക്കി.
ഇന്ത്യയിലെ മെത്രാപ്പോലീത്തയായിരുന്ന മാർ തോമ ധർമോയിൽനിന്ന് 1961ൽ ശെമ്മാശനായും 1965ൽ കശീശയായും വൈദികപട്ടം സ്വീകരിച്ചു. ജോർജ് ഡേവീഡ് മൂക്കനെ 1968ൽ എപ്പിസ്കോപ്പയായും തുടർന്ന് മെത്രാപ്പോലീത്തയായും ബഗ്ദാദിലെ മാർ സയ്യാ കത്തീഡ്രൽ പള്ളിയിൽവെച്ച് മാർ അപ്രേം എന്ന നാമധേയത്തിൽ അന്നത്തെ പാത്രിയാർക്കീസ് മാർ തോമ ധർമോ അഭിഷിക്തനാക്കി.
64 വർഷത്തെ പൗരോഹിത്യ ജീവിതത്തിൽ 57 വർഷം ഭാരതസഭയെ നയിച്ചു. 75ലധികം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. മാർ അപ്രേമിന്റെ ‘കാൽവരി ക്രൂശേ നോക്കി ഞാൻ’ എന്ന ഗാനം 101 ഭാഷകളിൽ തർജമ ചെയ്തിട്ടുണ്ട്. ശ്രീനാരായണ ഗുരു രചിച്ച ദൈവദശകം എന്ന ശ്ലോകം യേശു സംസാരിച്ചിരുന്ന അരാമായ (സുറിയാനി) ഭാഷയിലേക്ക് തർജമ ചെയ്തതും മാർ അപ്രേം ആണ്. എട്ടു ഭാഷകൾ അദ്ദേഹത്തിന് അറിയാമായിരുന്നു. ഗിത്താർ, കീബോർഡ് എന്നിവ തിരക്കുകൾക്കിടയിലും പഠിക്കാൻ ശ്രമിച്ചു. 2015ൽ മാറൻ മാർ ദിൻഹ നാലാമൻ പാത്രിയാർക്കീസ് കാലംചെയ്തതിനെ തുടർന്ന് പുതിയ പാത്രിയാർക്കീസ് തെരഞ്ഞെടുപ്പുവരെ ആറു മാസത്തോളമാണ് ആഗോള സഭയെ നയിച്ചത്.
സംസ്കാരശുശ്രൂഷ വ്യാഴാഴ്ച നടക്കും. രാവിലെ ഏഴിന് മാർത്ത മറിയം വലിയ പള്ളിയിൽ കുർബാന നടക്കും. തുടർന്ന് നഗരികാണിക്കലിനുശേഷം ഉച്ചക്ക് ഒന്നിന് കുരുവിളച്ചൻ പള്ളിയിലാണ് കബറടക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

