ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന്; പങ്കെടുക്കുന്നത് 48 പള്ളിയോടങ്ങൾ
text_fieldsപത്തനംതിട്ട: ആറന്മുള പാർഥ സാരഥി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനവുമായി ബന്ധപ്പെട്ട ചരിത്രപ്രസിദ്ധമായ ആറന്മുള ഉത്രട്ടാതി ജലമേള ശനിയാഴ്ച ഉച്ചക്ക് ഒന്നിന് പമ്പയുടെ നെട്ടായത്തിൽ നടക്കും.മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ.എസ്. രാജൻ അധ്യക്ഷത വഹിക്കും. ജലഘോഷയാത്ര മന്ത്രി വീണ ജോർജ് ഫ്ലാഗ് ഓഫ് ചെയ്യും. മാർഗദർശക മണ്ഡലം സംസ്ഥാന സെക്രട്ടറി സ്വാമി സത്സ്വരൂപാനന്ദ സരസ്വതി ഭദ്രദീപം തെളിയിക്കും. മന്ത്രി പി. പ്രസാദ് പാഞ്ചജന്യം സുവനീർ പ്രകാശനം ചെയ്യും.
പള്ളിയോട സേവാസംഘം നൽകുന്ന രാമപുരത്ത് വാര്യർ പുരസ്കാരം മാളികപ്പുറം സിനിമയുടെ തിരക്കഥാകൃത്ത് അഭിലാഷ് പിള്ളക്ക് പ്രമോദ് നാരായൺ എം.എൽ.എ നൽകും. പള്ളിയോട ശിൽപി സന്തോഷ് ആചാരിയെ ആന്റോ ആന്റണി എം.പി.യും വഞ്ചിപ്പാട്ട് ആചാര്യൻ ശിവൻകുട്ടിയെ ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരനും ആദരിക്കും. മുൻ മിസോറം ഗവർണർ കുമ്മനം രാജശേഖരൻ മുഖ്യപ്രഭാഷണം നടത്തും. എൻ.എസ്.എസ്. ട്രഷറർ എൻ.വി. അയ്യപ്പൻപിള്ള സമ്മാനദാനം നിർവഹിക്കും. സിനിമാനടൻ ഉണ്ണിമുകുന്ദൻ, മാളികപ്പുറം ഫെയിം ദേവനന്ദ എന്നിവർ പങ്കെടുക്കും. 48 പള്ളിയോടങ്ങളാണ് മത്സരവള്ളംകളിയിൽ പങ്കെടുക്കുന്നത്.
എ ബാച്ചിലെ 32 പള്ളിയോടങ്ങൾ ഒമ്പത് ഹീറ്റ്സിലായാണ് മത്സരിക്കുക. ആദ്യ അഞ്ച് ഹീറ്റ്സിൽ 20 പള്ളിയോടങ്ങളും പിന്നീടുള്ള നാല് ഹീറ്റ്സിൽ മൂന്ന് പള്ളിയോടങ്ങൾ വീതവുമാണ് മത്സരിക്കുന്നത്. ബി ബാച്ചിലെ 16 പള്ളിയോടങ്ങൾ നാല് ഹീറ്റ്സായും മത്സരിക്കും. എ ബാച്ചിലെ ഒന്ന്, രണ്ട്, മൂന്ന് ഹീറ്റ്സിൽ ഒന്നാമതെത്തുന്ന പള്ളിയോടങ്ങൾ ഒന്നാം സെമിയിലും നാല് അഞ്ച്, ആറ് ഹീറ്റ്സിൽ ഒന്നാമതെത്തുന്ന പള്ളിയോടങ്ങൾ രണ്ടാം സെമിയിലും, ഏഴ്, എട്ട് ഒമ്പത് ഹീറ്റ്സിൽ ഒന്നാമതെത്തുന്ന പള്ളിയോടങ്ങൾ മൂന്നാം സെമിയിലും മത്സരിക്കും. മൂന്ന് സെമിഫൈനലുകളിൽ ഒന്നാമത് എത്തുന്ന മൂന്ന് പള്ളിയോടങ്ങൾ ഫൈനലിൽ മത്സരിക്കും. ബി ബാച്ചിലെ നാല് ഹീറ്റ്സിൽ ഒന്നാമത് എത്തുന്ന പള്ളിയോടങ്ങളെ നേരിട്ട് ഫൈനലിൽ മത്സരിപ്പിക്കും.
ഉത്രട്ടാതി ജലമേളയുടെ ഉദ്ഘാടന ചടങ്ങ് നടക്കുന്ന പന്തൽ ഒരുങ്ങുന്നു
ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി
ശനിയാഴ്ച നടക്കുന്ന ആറൻമുള ഉത്രട്ടാതി ജലോത്സവത്തിന്റെ സുഗമമായ നടത്തിപ്പിന് വിപുലമായ ക്രമീകരണങ്ങളുമായി പൊലീസ്. ഒരു അഡീഷനൽ എസ്. പി, എട്ട് ഡി. വൈ.എസ്.പിമാർ, 21 ഇൻസ്പെക്ടർമാർ, 137 എസ്. ഐ, എ.എസ്. ഐ റാങ്കിലുള്ള ഉദ്യോഗസ്ഥർ ഉൾപ്പെടെ 619 ഉദ്യോഗസ്ഥരെയാണ് ജലമേളയുടെ ഡ്യൂട്ടിക്കായി വിന്യസിച്ചിട്ടുള്ളത്. ഡി.വൈ. എസ്പിമാരുടെ നേതൃത്വത്തിൽ ഒമ്പത് ഡിവിഷനുകളായി തിരിച്ചാണ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുള്ളത്.
ജലോത്സവത്തിന്റെ സ്റ്റാർട്ടിങ് പോയന്റായ പരപ്പുഴ കടവിലും ഫിനിഷിങ് പോയന്റായ സത്രക്കടവിലുമുള്ള പവിലിയനിലേക്കുള്ള റോഡുകളിലെ ഗതാഗത തടസ്സം ഒഴിവാക്കാൻ തെക്കേമല മുതൽ അയ്യൻകോയിക്കൽ ജങ്ഷൻ വരെയും ഐക്കര ജങ്ഷൻ മുതൽ കോഴിപ്പാലം ജങ്ഷൻ വരെയും ഓൾഡ് പൊലീസ് സ്റ്റേഷൻ മുതൽ കിഴക്കേ നട വഞ്ചിതറ റോഡിലും ഇരുവശങ്ങളിലുള്ള പാർക്കിങ് നിരോധിച്ചു. ഗതാഗതടസ്സം ഉണ്ടാക്കുന്ന രീതിയിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങൾ പിടിച്ചെടുത്ത് കേസ് രജിസ്റ്റർ ചെയ്യും. മോഷണം തടയാൻ മഫ്തിയിൽ പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. സി.സി.ടി.വി കാമറ വഴിയും നിരീക്ഷണം ഉണ്ടാകും.
ആശ്വാസം; ജലനിരപ്പ് ഉയർന്നു
പമ്പയിൽ ജലനിരപ്പ് ക്രമാതീതമായി താഴ്ന്നത് മൂലം ഉത്രട്ടാതി ജലമേളയുടെ സുമഗമായ നടത്തിപ്പുമായി ബന്ധപ്പെട്ട് ഉയർന്ന ആശങ്കക്ക് വിരാമം. ഡാമിൽ നിന്ന് വെള്ളം തുറന്നു വിട്ടതും കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ ചെറു മഴയും മൂലം ജലനിരപ്പ് ഉയർന്നതാണ് സംഘാടകർക്ക് ആശ്വാസമായത്. നിലവിലെ സാഹചര്യത്തിൽ പള്ളിയോടങ്ങളുടെ യാത്ര തടസ്സപ്പെടുന്ന സാഹചര്യമില്ല. വെള്ളക്കുറവ് മൂലം കഴിഞ്ഞ ദിവസം തിരുവോണ സദ്യക്കുള്ള വിഭവങ്ങളുമായി കാട്ടൂരിൽനിന്ന് ആറന്മുളയിലേക്ക് വന്ന തിരുവോണ തോണിക്ക് വളരെ ക്ലേശിച്ചാണ് ആറന്മുളയിലേക്ക് എത്താൻ കഴിഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

