Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅറനാടരെ ‘വംശഹത്യ’...

അറനാടരെ ‘വംശഹത്യ’ ചെയ്തത് കുടുംബാസൂത്രണ പദ്ധതിയോ?

text_fields
bookmark_border
അറനാടരെ ‘വംശഹത്യ’ ചെയ്തത് കുടുംബാസൂത്രണ പദ്ധതിയോ?
cancel

തേക്കിന്‍കാടുകള്‍ക്ക് പേരുകേട്ട നിലമ്പൂരിനടുത്ത എടക്കരയില്‍നിന്ന് അഞ്ചു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ അറനാടന്‍പാടം എന്ന മലയോര ഗ്രാമത്തിലത്തൊം. അറനാടന്‍ വിഭാഗത്തില്‍പെട്ട ആദിവാസി സമൂഹം മാത്രമായിരുന്നു പണ്ടുകാലത്ത് ഈ വനാതിര്‍ത്തി പ്രദേശത്തെ താമസക്കാര്‍. സ്ഥലത്തിന് ആ പേരുവീണതും അങ്ങനെതന്നെ. നൂറിലധികം അറനാടന്‍ കുടുംബങ്ങള്‍ കൂട്ടത്തോടെ താമസിച്ചിരുന്ന പ്രദേശമാണിത്. ഏക്കര്‍കണക്കിന് സ്ഥലം ഇവര്‍ക്കുണ്ടായിരുന്നു. ആദിവാസികളുടെ അറിവില്ലായ്മ ചൂഷണംചെയ്ത് അവര്‍ അധിവസിച്ച ഭൂപ്രദേശങ്ങള്‍ ഒന്നിനുപിറകെ ഒന്നായി കൈയേറപ്പെട്ടു. റബര്‍ തോട്ടങ്ങളും മണിമാളികകളുമായി കൈയേറ്റക്കാര്‍ തടിച്ചുകൊഴുത്തപ്പോള്‍ ഒരു തുണ്ട് ഭൂമിപോലും സ്വന്തമായില്ലാതെ തെരുവിലലഞ്ഞും കടയോരങ്ങളില്‍ അന്തിയുറങ്ങിയും അറനാടര്‍ അഭയാര്‍ഥികളായി മാറി. അവരുടെ ഉപജീവനമാര്‍ഗമായിരുന്ന കാട് പേരുകേട്ട തേക്കിന്‍തോട്ടങ്ങള്‍ക്കും പ്ളാന്‍േറഷനുകള്‍ക്കും വഴിമാറി. അവരുടെ കുഴിമാടങ്ങളില്‍ ടൂറിസം തടിച്ചുകൊഴുത്തു.

കാടിനൊപ്പം സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള ഗോത്രസംസ്കൃതിയും മണ്ണടിഞ്ഞുപോയി. നാഗരികരും പരിഷ്കൃതരും എന്ന് മേനിനടിച്ചവര്‍ ഈ സാധുജനതയുടെ ജൈവമേഖലയിലേക്ക് അധിനിവേശം നടത്തിയപ്പോള്‍ നിലനില്‍പിനായുള്ള അവരുടെ അവസാനസമരവും തൂക്കുമരം കയറി. സ്ഥലത്തിന്‍െറ പേര് മാറിയിട്ടില്ളെങ്കിലും അറനാടന്‍ ആദിവാസികള്‍ പ്രദേശത്തുനിന്ന് പതിയെ അപ്രത്യക്ഷരായി. നിലവില്‍ രണ്ട് ആദിവാസി കുടുംബങ്ങള്‍ മാത്രമാണ് അറനാടന്‍പാടത്തുള്ളത്. ബാക്കിയുള്ളവര്‍ ചോക്കാട്, കാളികാവ്, മൂത്തേടം, എടക്കര, വഴിക്കടവ്, പോത്തുകല്‍, അമരമ്പലം, കരുളായി പഞ്ചായത്തുകളിലായി ചിന്നിച്ചിതറിക്കിടക്കുന്നു. വനത്തിലെ ഒൗഷധസസ്യങ്ങള്‍, വള്ളികള്‍, കിഴങ്ങുകള്‍, തേന്‍, ഫലവര്‍ഗങ്ങള്‍, വിറക് തുടങ്ങിയവ ശേഖരിക്കലും വേട്ടയും ഉപജീവനമാര്‍ഗമായി സ്വീകരിച്ച ഈ ജനവിഭാഗം വനാതിര്‍ത്തികളിലും നാടിനോടു ചേര്‍ന്നുമാണ് താമസം.

വന്ധ്യംകരണം അഥവാ സര്‍ക്കാര്‍ സ്പോണ്‍സേഡ് വംശഹത്യ

കുടുംബാസൂത്രണത്തിന്‍െറ ഭാഗമായ വന്ധ്യംകരണ ശസ്ത്രക്രിയയുടെ തുടക്കം മുതല്‍ ഇന്നുവരെ അതിന്‍െറ ഏറ്റവും വലിയ ഇരകള്‍ ആദിവാസികളായിരുന്നു. വയനാട്ടിലും ഇടുക്കിയിലും മലപ്പുറത്തും കുടുംബാസൂത്രണ പ്രമോട്ടര്‍മാര്‍ പലപ്പോഴും ക്വോട്ട തികക്കാന്‍ ഇരയാക്കിയത് ആദിവാസികളെയാണ്. മലപ്പുറം ജില്ലയില്‍ അറനാടന്‍, ചോലനായ്ക്ക വിഭാഗത്തില്‍പെട്ട നിരവധി ആദിവാസികള്‍ വന്ധ്യംകരണത്തിന് ഇരകളായി. 1975-84 വരെ കാലത്ത് മാത്രം അറനാടന്‍ വിഭാഗത്തില്‍നിന്ന് വന്ധ്യംകരണത്തിന് ഇരകളായത് 20ലധികം പേരാണ്. അറനാടരെപ്പോലെതന്നെ നിലമ്പൂരില്‍ മാത്രം കാണുന്ന ചോലനായ്ക്കര്‍ വിഭാഗവും ആളരും വംശനാശത്തിന്‍െറ വക്കിലാണ്.

അടിയന്തരാവസ്ഥക്കാലത്താണ് രാജ്യത്ത് വന്ധ്യംകരണ പദ്ധതി കൂടുതല്‍ പ്രചാരത്തിലാകുന്നത്. രണ്ടോ അതിലധികമോ കുട്ടികളുള്ളവര്‍ വന്ധ്യംകരണത്തിന് വിധേയമാകണമെന്നായിരുന്നു നിയമം. ഇക്കാലയളവില്‍ തന്നെയാണ് കേരള ചരിത്രത്തിലെ ഏറ്റവും മനുഷ്യത്വവിരുദ്ധ വന്ധ്യംകരണ ശസ്ത്രക്രിയകള്‍ അരങ്ങേറിയത്. പൊലീസ്രാജിന്‍െറ മറവില്‍ അവിവാഹിതരായ നിരവധി ചെറുപ്പക്കാരെ പൊലീസ് പിടിച്ചുകൊണ്ടുപോയി വന്ധ്യംകരിച്ചു. തൊഴില്‍രഹിതര്‍, ദരിദ്രവിഭാഗങ്ങള്‍, ആദിവാസികള്‍, ജയില്‍പുള്ളികള്‍ എന്നിങ്ങനെ ആയിരങ്ങള്‍ നിര്‍ബന്ധിത വന്ധ്യംകരണത്തിന് ഇരകളായി. പലരും മരിച്ചുവീണു. മറുത്തൊരു വാക്കുപറയാന്‍ ആര്‍ക്കും നാവ് പൊങ്ങിയില്ല. നടപടികള്‍ ഭയന്ന് പൊലീസ്, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വന്ധ്യംകരണത്തിന് ആളെക്കൂട്ടാന്‍ മത്സരിച്ചു.

ടാര്‍ഗറ്റ് പൂര്‍ത്തിയാക്കാന്‍ ആരോഗ്യ പ്രമോട്ടര്‍മാര്‍ ആദിവാസികളെയും മറ്റു ദുര്‍ബല ജനവിഭാഗങ്ങളെയും കൂട്ടത്തോടെ വന്ധ്യംകരണ ക്യാമ്പുകളില്‍ എത്തിച്ചു. 1976 ഡിസംബര്‍ 23ന് നിയമസഭയില്‍ പിണറായി വിജയന്‍െറ ചോദ്യത്തിന് ആരോഗ്യമന്ത്രി നല്‍കിയ മറുപടിയില്‍ കുടുംബാസൂത്രണ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ചുരുങ്ങിയത് ഇത്ര ആളുകളെ ശസ്ത്രക്രിയക്ക് വിധേയരാക്കണമെന്ന ക്വോട്ട നിശ്ചയിച്ചിട്ടുണ്ടെന്നും ക്വോട്ട പൂര്‍ത്തിയാക്കാന്‍ കഴിയാത്തവരുടെ പേരില്‍ നടപടി എടുത്തിരുന്നുവെന്നും വ്യക്തമാക്കുന്നു. 1941ലെ സെന്‍സസ് പ്രകാരം 489 ആയിരുന്നു അറനാടന്‍ ജനസംഖ്യ. 1951ലെ സെന്‍സസില്‍ അറനാടരെക്കുറിച്ച് വിവരമില്ല. 1961ല്‍ 43ഉം 1981ല്‍ 95ഉം 1991ല്‍ 196ഉം പേര്‍ ഉള്‍പ്പെട്ടപ്പോള്‍ 1971ലെ സെന്‍സസില്‍ ഒരു അറനാടന്‍ മാത്രമാണ് ഉള്ളത്. സെന്‍സസ് കണക്കുകളുടെ ഈ പൊരുത്തക്കേടുതന്നെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ എത്ര നിരുത്തരവാദപരമായാണ് ഈ ആദിവാസി വിഭാഗത്തിന്‍െറ പ്രശ്നങ്ങളെ സമീപിച്ചത് എന്നതിനു തെളിവാണ്. 2008ല്‍ ‘കില’ നടത്തിയ സര്‍വേയില്‍ 348 അറനാടരുണ്ടെന്ന് കണ്ടത്തെി. കിര്‍ത്താഡ്സ് ഈ വര്‍ഷം പേരിനൊരു സര്‍വേ നടത്തിയെങ്കിലും ഇത് പൂര്‍ണമല്ല. കൃത്യമായ വിവരശേഖരണം നടത്താതെയാണ് കിര്‍ത്താഡ്സ് റിപ്പോര്‍ട്ട് തയാറാക്കിയതെന്ന് അറനാടന്‍ വിഭാഗക്കാര്‍ ആരോപിക്കുന്നു. തങ്ങളുടെ എണ്ണം കണക്കാക്കാന്‍പോലും സര്‍ക്കാര്‍ സംവിധാനങ്ങള്‍ മടിച്ചുനിന്നതിനെ തുടര്‍ന്ന് സ്വന്തംനിലക്ക് സര്‍വേ നടത്താന്‍ നിര്‍ബന്ധിതരായി ഇവര്‍.

സമുദായത്തില്‍നിന്നുള്ള അപൂര്‍വം വിദ്യാസമ്പന്നരുടെ നേതൃത്വത്തിലാണ് വിവരശേഖരണം പൂര്‍ത്തിയാക്കിയത്.
അറനാടന്‍ വിഭാഗത്തിന്‍െറ വംശമറ്റുപോകലിന്‍െറ അടിസ്ഥാന കാരണം സര്‍ക്കാര്‍ നടപ്പാക്കിയ തലതിരിഞ്ഞ കുടുംബാസൂത്രണ പരിപാടിയായിരുന്നു. ആദിവാസികളുടെ അജ്ഞതയും അറവില്ലായ്മയും ക്രൂരമായി മുതലെടുത്ത ഭരണകൂടം അക്ഷരാര്‍ഥത്തില്‍ വംശഹത്യയാണ് നടത്തിയതെന്ന് സമര്‍ഥിക്കാന്‍ പുതിയ സര്‍വേ കണക്കുകള്‍ ധാരാളമാണ്. 15 വയസ്സിനും 49നും ഇടയിലുള്ള 13 സ്ത്രീകള്‍ ഉള്‍പ്പെടെ 20ലധികം പേരാണ് അന്ന് വന്ധ്യംകരണത്തിന് വിധേയമായത്. 250ല്‍ താഴെ മാത്രം ജനസംഖ്യയുള്ള വിഭാഗത്തിലെ 10 ശതമാനത്തിലധികം യുവതീയുവാക്കളെ വന്ധ്യംകരിച്ചാല്‍ വര്‍ഷങ്ങള്‍ക്കകം ആ വംശംതന്നെ ഇല്ലാതാകുമെന്നത് കണ്ടത്തൊന്‍ വലിയ ഗവേഷണത്തിന്‍െറ ആവശ്യമൊന്നുമില്ല. വന്ധ്യംകരണത്തിന് ഇരയായ 13 സ്ത്രീകളില്‍ ആറു പേരും 25നും 29നും ഇടയില്‍ പ്രായമുള്ളവരായിരുന്നു. 30നും 34നും ഇടയിലുള്ള മൂന്ന് സ്ത്രീകളും 20നും 24നും ഇടയിലും 35നും 29നും ഇടയിലുമുള്ള രണ്ടു പേര്‍ വീതവും വന്ധ്യംകരണ ശസ്ത്രക്രിയക്ക് ഇരകളായി. പ്രത്യുല്‍പാദനത്തിന് ഏറ്റവും കൂടുതല്‍ സാധ്യതയുള്ളവരാണ് ഇരയാക്കപ്പെട്ടതെന്നര്‍ഥം.
പിടിതരാതെ പടരുന്ന വന്ധ്യത

നിര്‍ബന്ധിത വന്ധ്യംകരണത്തിന് വിധേയമായവരില്‍ ചുരുക്കം പേര്‍ മാത്രമാണ് ഇന്ന് ജീവിച്ചിരിപ്പുള്ളത്. എന്നാല്‍, ഇവരുടെ അടുത്ത തലമുറയില്‍ വന്ധ്യത ബാധിച്ചവരുടെ എണ്ണം കൂടുകയാണ്. വിവിധ കോളനികളിലായി 30ഓളം അറനാടന്‍ ദമ്പതിമാര്‍ക്ക് കുട്ടികളില്ല. എല്ലാ കോളനികളിലും കുട്ടികളില്ലാത്ത ഒരു കുടുംബമെങ്കിലുമുണ്ട്. അസാധാരണമായ ഈ പ്രവണത ശ്രദ്ധയില്‍പെട്ടിട്ടും പട്ടികവര്‍ഗ വകുപ്പോ ആരോഗ്യവകുപ്പോ ഗൗരവത്തിലെടുത്തിട്ടില്ല.
കല്‍ക്കുളം കോളനിയില്‍ ഏഴില്‍ രണ്ടു കുടുംബങ്ങള്‍ക്കേ കുട്ടികളുള്ളൂ. അഥവാ ഇവരുടെ മരണത്തോടെ ഈ അറനാടന്‍ കോളനിതന്നെ ഇല്ലാതാകും. തൊട്ടടുത്ത പനമ്പറ്റ കോളനിയില്‍ രണ്ടു കുടുംബങ്ങളില്‍ മക്കളില്ല. കൊട്ടുപാറയില്‍ മൂന്നു കുടുംബങ്ങള്‍ക്കും മയിലാംപാറയിലും തെക്കേപാലാടും വള്ളിക്കെട്ടും പാലാങ്കരയിലും കോടാലിപൊയിലിലും രണ്ടു കുടുംബങ്ങള്‍ക്ക് വീതവും മക്കളില്ല. വഴിക്കടവ് വെള്ളക്കട്ടയില്‍ ഒരു കുടുംബത്തിന് അടുത്ത തലമുറയില്ല. ഗിരിജന്‍ കോളനിയില്‍ കുട്ടികളില്ലാത്ത മൂന്നു കുടുംബങ്ങളുണ്ട്.

ഈ ഭാഗങ്ങളിലെ ചാരായമാഫിയ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കായി അറനാടരെയാണ് ഉപയോഗപ്പെടുത്തിയിരുന്നത്. സ്ത്രീകളും പുരുഷന്മാരും കൗമാരകാലം തൊട്ടേ ചാരായത്തിന് അടിമകളായി. അമിത മദ്യപാനവും ലഹരി ഉപയോഗവും അവരെ അജ്ഞാത രോഗങ്ങളിലേക്കും അകാല വാര്‍ധക്യത്തിലേക്കും മരണത്തിലേക്കും തള്ളിയിട്ടു. ആത്മഹത്യകളും ദുരൂഹമരണങ്ങളും കൊലപാതകങ്ങളും നിത്യസംഭവമായി. സ്ത്രീകളില്‍ പലരും കടുത്ത ലൈംഗികചൂഷണത്തിന് ഇരകളായി.

പുരുഷ ജനസംഖ്യ ക്രമാതീതമായി കുറഞ്ഞു. 50 വയസ്സിനപ്പുറം ജീവിക്കുന്ന പുരുഷന്മാരുടെ എണ്ണം നന്നേ കുറഞ്ഞു. അവിവാഹിതരായി കഴിയുന്ന പെണ്‍കുട്ടികള്‍ കൂടി. ഇതര ആദിവാസി സമുദായങ്ങളില്‍നിന്ന് പങ്കാളികളെ കണ്ടത്തൊന്‍ ഇവര്‍ നിര്‍ബന്ധിതരായി. സര്‍ക്കാര്‍ കണക്കുകളെക്കാള്‍ എത്രയോ അകലെയാണ് ഇന്ന് യഥാര്‍ഥ അറനാടരുടെ എണ്ണം.

നാളെ: സംരക്ഷിക്കപ്പെടണം കാടറിവുകളുടെ ഈ അപൂര്‍വ കലവറ

Show Full Article
TAGS:aranadan padam 
News Summary - ara nadan padam
Next Story