മലബാര്‍ ഇന്‍റര്‍നാഷണല്‍ പോര്‍ട്ട് ആൻഡ് സെസ് ലിമിറ്റഡിന്‍റെ കരട് പദ്ധതി റിപ്പോര്‍ട്ടിന് അംഗീകാരം
text_fieldsതിരുവനന്തപുരം: മലബാര്‍ ഇന്‍റര്‍നാഷണല്‍ പോര്‍ട്ട് ആൻഡ് സെസ് ലിമിറ്റഡിന്‍റെ കരട് പദ്ധതി റിപ്പോര്‍ട്ടിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കി. സെന്‍റര്‍ ഫോര്‍ മാനേജ്മെന്‍റ് ഡെവലപ്മെന്‍റ് (സി.എം.ഡി) തയാറാക്കി സമര്‍പ്പിച്ച സാമ്പത്തിക ഘടന റിപ്പോര്‍ട്ട് അംഗീകരിച്ച് നടപടി സ്വീകരിക്കും. പദ്ധതിയുടെ തുടര്‍ന്നുള്ള ഘട്ടങ്ങളിലെ വികസനത്തിന് സർക്കാരിന് അധിക സാമ്പത്തിക ബാധ്യതകൾ ഉണ്ടാകാതിരിക്കാന്‍ കൺസഷണയർക്ക് ലഭിക്കുന്ന വരുമാനത്തിൻറെ ഒരു ഭാഗം പദ്ധതിയുടെ തുടക്കം മുതൽ തന്നെ സർക്കാരിന് ഷെയർ ചെയ്യേണ്ടതാണെന്ന വ്യവസ്ഥ ഇ.ഒ.ഐ ൽ ഉൾപ്പെടുത്തും. കേന്ദ്ര സർക്കാരിൽ നിന്ന് വയബിലിറ്റി ഗ്യാപ് ഫണ്ടിങ് (വി.ജി.എഫ്) ലഭ്യമാക്കുന്നതിനും തത്വത്തിൽ അംഗീകാരം നല്‍കി.
സംസ്ഥാന സർക്കാർ തുറമുഖ വകുപ്പിന് കീഴിൽ നടപ്പാക്കുന്ന പ്രധാന പദ്ധതിയാണ് കണ്ണൂർ അഴീക്കൽ അന്താരാഷ്ട്ര ഗ്രീൻഫീൽഡ് പോർട്ടും അതോടനുബന്ധിച്ച് ഇൻഡസ്ട്രിയൽ പാർക്ക് /പ്രത്യേക സാമ്പത്തിക മേഖലകൾ എന്നിവയുടെ വികസനവും. ഇതിനായി മലബാർ ഇൻറർനാഷണൽ പോർട്ട് ആൻഡ് സെസ് ലിമിറ്റഡ് എന്ന പേരില്‍ പ്രത്യേക കമ്പനി മുഖ്യമന്ത്രി ചെയര്‍മാനായി രൂപീകരിച്ചിരുന്നു.
14.1 മീറ്റര്‍ ആഴമുള്ളതും 8000-75,000 ഡി.ഡബ്ല്യു.ടി അല്ലെങ്കില്‍ 5000 ടി.ഇ.യു വരെ ശേഷിയുള്ള പനമാക്സ് വലിപ്പമുള്ള കണ്ടയിനര്‍ കപ്പലുകള്‍ക്ക് എത്തിച്ചേരാന്‍ സാധിക്കുന്നതരത്തിലുള്ള തുറമുഖ വികസനവും വ്യവസായ പാര്‍ക്കുകള്‍ / പ്രത്യേക സമ്പത്തിക മേഖലകള്‍ വഴി മലബാറിന്‍റെ വ്യവസായ വാണിജ്യ വികസനത്തിനുമാണ് പദ്ധതി ലക്ഷ്യംവെക്കുന്നത്.
പദ്ധതി പ്രദേശത്തെ വിശദമായ മണ്ണ് പരിശോധന ( ജിയോ ടെക്നിക്കല്‍ ഇന്‍വസ്റ്റിഗേഷന്‍) പൂര്‍ത്തിയാക്കി. അന്തിമ റിപ്പോര്‍ട്ട് 2022 ജനുവരിയില്‍ ലഭിച്ചിട്ടുണ്ട്. തുടര്‍ന്ന് സാങ്കേതിക കണ്‍സള്‍ട്ടന്‍റ് സമര്‍പ്പിച്ച ഡിസൈന്‍ റിപ്പോര്‍ട്ട് പ്രകാരം പുലിമുട്ട് ഡിസൈന്‍ മാറ്റങ്ങള്‍ വരുത്തേണ്ടതാണെന്ന് കണ്ടു. ഐഐടി മദ്രാസ് പരിശോധിച്ച് ബ്രേക്ക് വാട്ടര്‍ ഫൗണ്ടേഷന്‍ മാറ്റിക്കൊണ്ടുള്ള ശുപാര്‍ശകളോടെ ഡിസൈന്‍ റിപ്പോര്‍ട്ട് സാങ്കേതിക കണ്‍സള്‍ട്ടന്‍റ് തയ്യാറാക്കി. വിശദമായ പാരിസ്ഥിതിക പഠനങ്ങളും മറ്റു നടപടിക്രമങ്ങളും പുരോഗമിച്ചു വരുന്നു.
കയറ്റുമതി - ഇറക്കുമതി വ്യാപാരം വർദ്ധിപ്പിക്കുന്നതിനും തുറമുഖത്തെ അടിസ്ഥാനമാക്കിയുള്ള സാമ്പത്തിക വികസനത്തിനും പദ്ധതികൾ വിഭാവനം ചെയ്തിട്ടുണ്ട്. . ഇതിൻ്റെ കൺസൾറ്റൻറ്, ടാറ്റ കൺസൾട്ടിംഗ് എഞ്ചിനീയേഴ്‌സ് ലിമിറ്റഡ് (ടി.സി.ഇ) പ്രത്യേക സാമ്പത്തിക മേഖലകളുടെ ഇൻസെപ്ഷൻ റിപ്പോർട്ട് 2021 മാർച്ചിലും, ഹിന്റ്റർലാൻഡ് ബിസിനസ് പൊട്ടൻഷ്യൽ റിപ്പോർട്ട് 2022 മാർച്ചിലും സമർപ്പിച്ചു. വ്യവസായ പാർക്കുകളുടെ വികസനത്തിനും മറ്റുമായി കണ്ണൂർ, കാസർഗോഡ്, വയനാട്, കോഴിക്കോട് ജില്ലകളില്‍ ഭൂമി ഏറ്റെടുക്കുന്നതിനും കൈമാറുന്നതിനുമുള്ള പ്രാരംഭ നടപടികളും മാസ്റ്റർപ്ലാനും തയാറാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

