നിയമനങ്ങൾക്ക് സുതാര്യത വേണം; ഇടതുമുന്നണിയിൽ ആവശ്യവുമായി സി.പി.ഐ
text_fieldsതിരുവനന്തപുരം: സർക്കാർ മേഖലയിലെ താൽക്കാലിക നിയമനങ്ങൾക്ക് സുതാര്യത വേണമെന്ന് ഇടത് മുന്നണിയിൽ ആവശ്യം. വ്യാഴാഴ്ച ചേർന്ന യോഗത്തിൽ സി.പി.ഐ ആണ് ഈ ആവശ്യം ഉന്നയിച്ചത്. യുവാക്കളെ വിശ്വാസത്തിലെടുത്ത് മുന്നോട്ടുപോകണമെന്ന് ആവശ്യപ്പെട്ടു.
കരാർ നിയമനങ്ങൾ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയാക്കണം. സ്ഥിരനിയമനങ്ങൾ പി.എസ്.സി വഴി മാത്രമേ നടത്താവൂ എന്നും സി.പി.ഐ ആവശ്യപ്പെട്ടു. വികസന നയരേഖ ചർച്ച ചെയ്യാനാണ് യോഗം ചേർന്നത്. സി.പി.എം സംസ്ഥാന സമ്മേളനമാണ് വികസനരേഖ അംഗീകരിച്ചത്. ഇത് മുന്നണിയിലെ ഘടകകക്ഷികളുമായി ചർച്ച ചെയ്ത് സമഗ്രമാക്കാൻ ധാരണയായിരുന്നു.
വികസന നയരേഖയുടെ ഭാഗമായി നിർദേശം ഉൾപ്പെടുത്താമെന്ന് കൺവീനർ ഇ.പി. ജയരാജൻ മറുപടി നൽകി. കർഷകർക്ക് പട്ടയ വിതരണം വേഗത്തിലാക്കണമെന്നും ഭൂമിയുമായി ബന്ധപ്പെട്ട നൂലാമാലകൾ പരിഹരിക്കണമെന്നും കേരള കോൺഗ്രസ് മാണി വിഭാഗം ആവശ്യപ്പെട്ടു. കർഷകർ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം വേണമെന്ന അഭിപ്രായം പൊതുവെ ഉയർന്നു. വന്യമൃഗ ശല്യത്തിന് പരിഹാരം വേണം. പൊതുവിദ്യാഭ്യാസ സംരക്ഷണത്തിൽ വിട്ടുവീഴ്ച പാടില്ല. കൽപിത-സ്വകാര്യ സർവകലാശാലകൾ ആരംഭിക്കുന്നത് സൂക്ഷിച്ച് മാത്രമായിരിക്കണമെന്നും നിർദേശമുണ്ടായി. നയരേഖയിൽ വീണ്ടും ചർച്ച നടക്കും. ഇതിന് നവംബർ അവസാനം വീണ്ടും യോഗം ചേരാനും ധാരണയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

