തിരുവനന്തപുരം: സർക്കാർ സ്ഥാനക്കറ്റം റദ്ദാക്കിയ ജീവനക്കാരിയെ ചട്ടങ്ങൾ കാറ്റിൽപറത്തി സംസ്ഥാന ശിശുക്ഷേമസമിതിയിൽ സൂപ്രണ്ടായി നിയമിച്ചതായി പരാതി. ജനറൽ സെക്രട്ടറി ഷിജുഖാൻറ ഉത്തരവിനെതിരെ സി.പി.എം അനുഭാവികളായ ജീവനക്കാർ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നൽകി.
2006 മുതൽ കരാറടിസ്ഥാനത്തിൽ ജോലി നോക്കുന്ന ഉദ്യോഗസ്ഥയെ 2009ലാണ് ശിശുക്ഷേമ സമിതിയിൽ അസിസ്റ്റൻറ് ഗ്രേഡ് -രണ്ട് തസ്തികയിൽ സ്ഥിരപ്പെടുത്തിയത്.
ആറ് വർഷം മാത്രം സീനിയോറിറ്റി ഉള്ളപ്പോൾ 2015ൽ കോടതിവിധി പ്രകാരം എക്സിക്യൂട്ടീവ് തീരുമാനത്തിന് വിധേയമായി ഇവരെ സൂപ്രണ്ടാക്കി. ഇത് ചട്ടവിരുദ്ധവും ക്രമപ്രകാരവുമല്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് 2019ൽ മുഖ്യമന്ത്രി പങ്കെടുത്ത എക്സിക്യൂട്ടിവ് കമ്മിറ്റി ഇവരുടെ സൂപ്രണ്ട് സ്ഥാനം റദ്ദ് ചെയ്തത്. തുടർന്ന് 35ഉം 23ഉം വർഷം സീനിയോറിറ്റിയുള്ള രണ്ട് ജീവനക്കാരും സൂപ്രണ്ട് സ്ഥാനം നിഷേധിക്കപ്പെട്ട ജൂനിയർ ഉദ്യോഗസ്ഥയും തങ്ങൾക്ക് സൂപ്രണ്ട് സ്ഥാനം വേണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ജൂണിൽ വീണ്ടും ഹൈകോടതി സമീപിച്ചു.
ഹിയറിംഗ് നടത്തി തീരുമാനം കൈക്കൊള്ളാനായിരുന്നു കോടതി നിർദേശം. സമിതി അംഗമായിരുന്ന ബിജു പ്രഭാകർ, ജനറൽ സെക്രട്ടറി ഷിജുഖാൻ, ട്രഷറർ ആർ. രാജു എന്നിവർ അടങ്ങുന്ന സമിതിയെയാണ് ഹിയറിംഗിനായി നിയോഗിച്ചിരുന്നത്. എന്നാൽ മുഖ്യമന്ത്രി പങ്കെടുത്ത എക്സിക്യൂട്ടിവ് യോഗത്തിെൻറ തീരുമാനം മറച്ച് െവച്ച് എട്ട് ജീവനക്കാരുടെ സീനിയോറിറ്റിയും മറികടന്ന് ഉദ്യോഗസ്ഥയെ അസിസ്റ്റൻറ് ഗ്രേഡ് -1 , സീനിയർ ഗ്രേഡ്, ജൂനിയർ സൂപ്രണ്ട് പോസ്റ്റുകളിലേക്ക് മുകളിലൂടെ വീണ്ടും സൂപ്രണ്ട് പദവിയിലെത്തിക്കുകയായിരുെന്നന്നാണ് പരാതി.