നിയമന ഉത്തരവിറങ്ങി; കെ.വി. തോമസിന്‍റെ ശമ്പളവും ആനുകൂല്യങ്ങളും അവ്യക്തം
text_fieldsതിരുവനന്തപുരം: കോൺഗ്രസിൽ നിന്ന് പുറത്താക്കപ്പെട്ട മുൻ കേന്ദ്രമന്ത്രി കെ.വി. തോമസിനെ സംസ്ഥാന സർക്കാറിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിയായി കാബിനറ്റ് പദവിയോടെ നിയമിച്ച് ഉത്തരവിറങ്ങി. പൊതുഭരണ വകുപ്പ് അഡീ. ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാൽ പുറത്തിറക്കിയ ഉത്തരവിൽ കെ.വി. തോമസിന്‍റെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും വ്യക്തമാക്കിയിട്ടില്ല. നിലവിലെ മന്ത്രിസഭയുടെ കാലാവധിവരെയാണ് തോമസിന്‍റെ നിയമനം.
കെ.വി. തോമസിനെ പ്രത്യേക പ്രതിനിധിയായി ഡൽഹിയിൽ നിയമിക്കാൻ വ്യാഴാഴ്ച ചേർന്ന മന്ത്രിസഭായോഗമാണ് തീരുമാനിച്ചത്. നിയമനത്തിനെതിരെ വ്യാപകമായ രാഷ്ട്രീയ വിമർശനത്തോടൊപ്പം സംസ്ഥാനത്തിന്‍റെ കടുത്ത സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടിയും വിമർശനം ഉയർന്നിട്ടുണ്ട്.
കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ സംസ്ഥാന ഖജനാവിന് പ്രതിമാസം ലക്ഷങ്ങളുടെ ബാധ്യത ഉണ്ടാക്കുമെന്ന വിമർശനമാണ് ശക്തമായിട്ടുള്ളത്. ഈ സാഹചര്യത്തിലാണ് കെ.വി. തോമസിന്‍റെ നിയമന ഉത്തരവിൽ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും വ്യക്തമാക്കാത്തതെന്ന് അറിയുന്നു.