വി.സി നിയമനം; യു.ജി.സി റെഗുലേഷൻ കേരളത്തിന്റെ നിയമനിർമാണം അട്ടിമറിക്കും
text_fieldsതിരുവനന്തപുരം: യു.ജി.സിയുടെ കരട് റെഗുലേഷൻ പ്രാബല്യത്തിൽ വരുന്നതോടെ വൈസ്ചാൻസലർ നിയമനത്തിലുള്ള സെർച്ച് കമ്മിറ്റിയുടെ ഘടന പൊളിച്ചുപണിയാൻ കേരളം നടത്തിയ നിയമനിർമാണം അട്ടിമറിക്കപ്പെടും. വി.സി നിയമനത്തിന് അഞ്ചംഗ സെർച്ച് കമ്മിറ്റിയാണ് നിയമസഭ പാസാക്കിയ 2022ലെ സർവകലാശാല നിയമഭേദഗതി ബില്ലിൽ വ്യവസ്ഥ ചെയ്യുന്നത്.
ബില്ലിൽ ഒപ്പിടാതെ ഗവർണറായിരുന്ന ആരിഫ് മുഹമ്മദ്ഖാൻ മാസങ്ങളോളം തടഞ്ഞുവെച്ചു. ഇതിനെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചതോടെ ബില്ലുകൾ ഗവർണർ രാഷ്ട്രപതിക്ക് അയക്കുകയായിരുന്നു. ഇതിൽ വി.സി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയുടെ ഘടന മാറ്റാൻ വ്യവസ്ഥ ചെയ്യുന്ന ബില്ലും ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ മാറ്റാൻ വ്യവസ്ഥ ചെയ്യുന്ന ബില്ലും രാഷ്ട്രപതി തടഞ്ഞ് തിരിച്ചയക്കുകയും ചെയ്തിരുന്നു. ബില്ലുകൾ ഒപ്പിടാത്തതിനെതിരായ കേസ് സുപ്രീംകോടതിയുടെ പരിഗണനയിലാണ്. കേസ് അടിയന്തരമായി പരിഗണിക്കണമെന്നാവശ്യപ്പെട്ട് സർക്കാർ ഹരജിയും സമർപ്പിച്ചിട്ടുണ്ട്. ഇതിനിടെയാണ് സെർച്ച് കമ്മിറ്റിയുടെ ഘടന മാറ്റാൻ വ്യവസ്ഥ ചെയ്യുന്ന ബില്ല് തന്നെ റദ്ദാക്കുന്ന രീതിയിൽ യു.ജി.സി കരട് റെഗുലേഷൻ പുറത്തിറക്കിയത്.
കരട് റെഗുലേഷൻ പ്രകാരം വി.സി നിയമനത്തിന് മൂന്നംഗ സെർച്ച് കമ്മിറ്റിയാണ് രൂപവത്കരിക്കേണ്ടത്. ഇതിൽ ചാൻസലറുടെ പ്രതിനിധി, യു.ജി.സി ചെയർമാന്റെ പ്രതിനിധി, സർവകലാശാല പ്രതിനിധി എന്നിവരാണുള്ളത്. നിയമസഭ പാസാക്കിയ ബില്ല് പ്രകാരം അഞ്ചംഗ സെർച്ച് കമ്മിറ്റിയുടെ കൺവീനർ സർക്കാർ പ്രതിനിധിയായിരിക്കും. ഇതിന് പുറമെ ചാൻസലറുടെ പ്രതിനിധി, ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാന്റെ പ്രതിനിധി, യു.ജി.സി ചെയർമാന്റെ പ്രതിനിധി, സർവകലാശാല പ്രതിനിധി എന്നിവരും അടങ്ങിയതാണ് സെർച്ച് കമ്മിറ്റി. സെർച്ച് കമ്മിറ്റിയിലെ ഭൂരിപക്ഷം അംഗങ്ങൾ നിർദേശിക്കുന്നയാളെ വി.സിയായി ചാൻസലർ നിയമിക്കണമെന്നും ബില്ലിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഈ കമ്മിറ്റി നിലവിൽ വന്നാൽ വി.സി നിയമനത്തിൽ ഗവർണർക്കുള്ള നിയന്ത്രണം നഷ്ടപ്പെടും.
നിലവിൽ സെർച്ച് കമ്മിറ്റി സമർപ്പിക്കുന്ന പേരുകളിൽനിന്ന് ആരെ വേണമെങ്കിലും ചാൻസലറായ ഗവർണർക്ക് വി.സിയായി നിയമിക്കാനാകും. നിയമസഭ പാസാക്കിയ ബില്ലിലെ വ്യവസ്ഥകൾ തന്റെ അധികാരങ്ങൾ നിയന്ത്രിക്കുന്നുവെന്ന കാരണത്താലാണ് ഗവർണർ ഏറെനാൾ ബില്ല് തടഞ്ഞതും പിന്നീട് രാഷ്ട്രപതിക്ക് റഫർ ചെയ്തതും. ഒരേ വിഷയത്തിൽ സംസ്ഥാന നിയമവും കേന്ദ്ര സർക്കാർ ഏജൻസികൾ സബോഡിനേറ്റ് നിയമനിർമാണത്തിന്റെ ഭാഗമായി പുറപ്പെടുവിക്കുന്ന റെഗുലേഷനുകളും വ്യത്യാസമുണ്ടെങ്കിൽ കേന്ദ്ര റെഗുലേഷനായിരിക്കും നിലനിൽക്കുകയെന്നാണ് സുപ്രീംകോടതി വിധികൾ.
ബില്ല് ഒപ്പിടാതെ തടഞ്ഞ നടപടിക്കെതിരായ കേസിൽ അനുകൂല വിധി സമ്പാദിക്കുകയാണ് കേരളത്തിന് റെഗുലേഷനെ മറികടക്കാനുള്ള വഴികളിലൊന്ന്. ഇതുവഴി ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ നീക്കാനുള്ള ബില്ലിൽ അനുകൂല തീർപ്പിലുമെത്താനാകും. കേന്ദ്ര സർക്കാറാകട്ടെ യു.ജി.സിയെ ഉപയോഗിച്ച് സംസ്ഥാന സർവകലാശാലകൾ പിടിച്ചെടുക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് റെഗുലേഷനിൽ ഭേദഗതി കൊണ്ടുവരുന്നതും.
കേരളം വിയോജിപ്പറിയിക്കും
തിരുവനന്തപുരം: യു.ജി.സിയുടെ കരട് റെഗുലേഷനിൽ സംസ്ഥാന സർക്കാർ കടുത്ത വിയോജിപ്പറിയിക്കും. ഫെബ്രുവരി അഞ്ച് വരെയാണ് ഇതിനായി യു.ജി.സി അനുവദിച്ച സമയം. ഇതോടൊപ്പം റെഗുലേഷനെതിരെ സുപ്രീംകോടതിയെ സമീപിക്കുന്നതിനുള്ള നിയമോപദേശം അഡ്വക്കറ്റ് ജനറലിൽനിന്ന് തേടിയിട്ടുമുണ്ട്. റെഗുലേഷൻ പ്രാബല്യത്തിൽ വരുന്നതിന് മുമ്പുതന്നെ സുപ്രീംകോടതിയെ സമീപിക്കാനുള്ള സാധ്യതയാണ് തേടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.