കോളജ് പ്രിൻസിപ്പൽ നിയമനം ഒരാഴ്ചക്കകം നടത്തണം
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളജ് പ്രിൻസിപ്പൽ നിയമനത്തിനായി മാസങ്ങൾക്ക് മുമ്പ് തയാറാക്കിയ റാങ്ക് പട്ടികയിൽ ഉൾപ്പെട്ടവർക്ക് ഒരാഴ്ചക്കക്കം നിയമനം നൽകി ഉത്തരവ് ഹാജരാക്കാൻ സർക്കാറിന് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവ്.
43 പേരുടെ പട്ടിക തയാറാക്കിയിട്ടും നിയമനം നൽകാത്തതിനെ ചോദ്യം ചെയ്തുള്ള ഹരജിയിലാണ് ഇടക്കാല ഉത്തരവ്. പട്ടികയിൽ ഉൾപ്പെട്ട 43 പേരും പ്രിൻസിപ്പൽ നിയമനത്തിന് യോഗ്യരാണെന്നും വിരമിച്ച ഒരാളൊഴികെ 42 പേർക്കും ഒരാഴ്ചക്കക്കം നിയമനം നൽകുമെന്ന് സർക്കാർ കോടതിയെ അറിയിച്ചു. ഇതേതുടർന്നാണ് സർക്കാർ ഉറപ്പ് രേഖപ്പെടുത്തിയ ട്രൈബ്യൂണൽ നിയമനം നൽകി ഒരാഴ്ചക്കക്കം ഉത്തരവ് ഹാജരാക്കാൻ നിർദേശം നൽകിയത്.
കേസ് ഒരാഴ്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കും. യു.ജി.സി റെഗുലേഷൻ അട്ടിമറിച്ച് പ്രിൻസിപ്പൽ നിയമനം നടത്താൻ സർക്കാർ ശ്രമിച്ചിരുന്നു. റെഗുലേഷനിൽ വെള്ളം ചേർത്ത് സീനിയോറിറ്റി അടിസ്ഥാനമാക്കി പ്രിൻസിപ്പൽ നിയമനം നടത്താനുള്ള നീക്കം നേരത്തെ കോടതി തടഞ്ഞിരുന്നു. റെഗുലേഷൻ പ്രകാരം പ്രിൻസിപ്പൽ നിയമനത്തിന് പട്ടിക തയാറാക്കിയിട്ടും നിയമനം വൈകിപ്പിച്ചു.
പട്ടികയിൽനിന്ന് പുറത്തായ ഭരണാനുകൂല സംഘടന നേതാക്കളെ തിരുകിക്കയറ്റാനുള്ള നീക്കവും നടന്നു. ഇതിനായി പരാതികൾ പരിഗണിച്ച് തീർപ്പാക്കാനെന്ന പേരിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രത്യേക സമിതിയെ നിയോഗിക്കുകയും നിയമനം നീട്ടിക്കൊണ്ടുപോവുകയും ചെയ്തു. ഇതോടെയാണ് പട്ടികയിൽ ഉൾപ്പെട്ടവർ ട്രൈബ്യൂണലിനെ സമീപിച്ചത്. യു.ജി.സി റെഗുലേഷൻ നടപ്പാക്കുന്നതിനെ ചൊല്ലിയുള്ള തർക്കം കാരണം 2018ന് ശേഷം സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളജുകളിൽ പ്രിൻസിപ്പൽ നിയമനം നടന്നിട്ടില്ല. 63 കോളജുകളിൽ താൽക്കാലിക പ്രിൻസിപ്പൽമാരാണ് ചുമതല വഹിക്കുന്നത്.
പ്രിൻസിപ്പൽ നിയമനം സീനിയൊറിറ്റിക്ക് പകരം സെലക്ഷൻ രീതിയിലേക്ക് മാറ്റിയതാണ് യു.ജി.സി റെഗുലേഷനിലൂടെ വന്ന പ്രധാന മാറ്റം. 15 വർഷത്തെ അധ്യാപന പരിചയത്തിനും പിഎച്ച്.ഡിക്കും പുറമെ അംഗീകൃത ജേണലുകളിലെ നിശ്ചിത എണ്ണം പ്രസിദ്ധീകരണം, റിസർച്ച് സ്കോർ എന്നിവയും നിർബന്ധമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

