ശ്രീറാം വെങ്കിട്ടരാമന്‍റെ നിയമനം: കേസ് അട്ടിമറിക്കാൻ സർക്കാർ ശ്രമിക്കുന്നുവെന്ന് ബഷീറിന്‍റെ കുടുംബം
text_fieldsശ്രീറാം വെങ്കിട്ടരാമൻ
തിരൂർ: മാധ്യമ പ്രവർത്തകൻ കെ.എം. ബഷീറിനെ മദ്യപിച്ച് വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ല കലക്ടറായി നിയമിച്ച നടപടിയിൽ പ്രതിഷേധവുമായി ബഷീറിന്റെ ബന്ധുക്കളും നാട്ടുകാരും. ബഷീറിന്‍റെ മരണത്തിന് ആഗസ്റ്റ് മൂന്നിന് മൂന്നുവർഷം പൂർത്തിയാവനിരിക്കെയാണ് ആരോഗ്യ വകുപ്പിൽനിന്ന് മാറ്റി കലക്ടറായി നിയമിച്ചത്.
സർക്കാർ വാക്കുപാലിച്ചില്ലെന്നും കലക്ടറായി നിയമിച്ചതിലൂടെ സർക്കാർ കേസ് അടിമറിക്കാൻ ശ്രമിക്കുകയാണെന്നും ബഷീറിന്റെ സഹോദരൻ അബ്ദുറഹ്മാൻ ഹാജി പറഞ്ഞു. പ്രതിയെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്. കലക്ടറാക്കിയ ഉത്തരവിന് എതിരെ നിയമപരമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.
സർക്കാർ കൊലയാളിക്ക് കഞ്ഞിവെക്കരുത് - കെ.എം. ബഷീർ ഫൗണ്ടേഷൻ
തിരൂർ: കെ.എം. ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ ശ്രീറാം വെങ്കിട്ടരാമനെ കലക്ടറാക്കാനുള്ള തീരുമാനം അപലപനീയമാണെന്ന് കെ.എം. ബഷീർ ഫൗണ്ടേഷൻ. കൊലപാതകം, തെളിവുനശിപ്പിക്കൽ തുടങ്ങി വിവിധ കേസുകളിൽ വിചാരണ നേരിടുന്ന വ്യക്തിയെ മജിസ്ട്രേറ്റ് അധികാരമുള്ള കലക്ടർ പദവിയിൽ നിയമിച്ചാൽ പദവി ദുരുപയോഗം ചെയ്ത് കേസ് അട്ടിമറിക്കും എന്ന കാര്യത്തിൽ സംശയമില്ല.
മാത്രമല്ല, താൻ ചെയ്ത അതിക്രമങ്ങൾക്ക് മാപ്പുപറയാനോ ഖേദം പ്രകടിപ്പിക്കാനോ പോലും തയാറാകാതെ കേസ് പെൺ സുഹൃത്തിന്റെ തലയിൽ കെട്ടിവെക്കാൻ ശ്രമിച്ച ഒരാളെ ഏതെങ്കിലും ഒരു ജില്ലക്കാരുടെ മേൽ കെട്ടിവെക്കുന്നത്ശരിയല്ല. തീരുമാനത്തിൽനിന്ന് സർക്കാർ പിന്മാറാത്ത പക്ഷം ശക്തമായ പ്രതിഷേധവുമായി മുന്നോട്ടുപോകും.
കെ.എം. ബഷീറിന്റെ നാമധേയത്തിൽ ആരംഭിച്ച ഫൗണ്ടേഷൻ നിലവിൽ ബഷീറിന്റെ ജന്മനാട്ടിൽ ജീവകാരുണ്യ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോവുകയാണ്.ചെയർമാൻ മുഹമ്മദ് ബുഖാരി, കൺവീനർ ഡോ. സലീം ബാബു, ട്രഷറർ ബഷീറിന്റെ സഹോദരൻ കെ. ഉമർ, മെംബർമാരായ അൻസ്വാരി, സത്താർ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

