പുതിയ വനംമേധാവിയെ നിയമിക്കാൻ സർക്കാർ; രാജേഷ് രവീന്ദ്രന് സാധ്യത
text_fieldsഗംഗാസിങ്
തിരുവനന്തപുരം: ഗംഗാസിങ് മേയ് 30ന് വിരമിക്കുന്നതോടെ, പുതിയ വനം മേധാവിയെ നിയമിക്കാൻ സർക്കാർ നടപടി തുടങ്ങി. സീനിയോറിറ്റി പരിഗണിക്കുമോ അതോ ഇത് മറികടന്ന് നിയമനം നടത്തുമോ എന്നതിൽ അനിശ്ചിതത്വമുണ്ട്. ചീഫ് സെക്രട്ടറി അധ്യക്ഷനായ സെലക്ഷൻ ബോർഡാണ് വനം മേധാവി സ്ഥാനത്തേക്കുള്ള പാനൽ ശിപാർശ ചെയ്യുക. മന്ത്രിസഭ യോഗം ഇതിൽ തീരുമാനമെടുക്കും.
ഏറ്റവും സീനിയറും പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററും എറണാകുളം സ്വദേശിയുമായ രാജേഷ് രവീന്ദ്രനാണ് പരിഗണന പട്ടികയിൽ മുൻതൂക്കം. 1995 ബാച്ചുകാരനായ രാജേഷ് രവീന്ദ്രന് 2032 മേയ് വരെ സർവിസുണ്ട്. ഫോറസ്റ്റ് മാനേജ്മെന്റിന്റെ ചുമതലയിലാണ് നിലവിൽ അദ്ദേഹം. ഐ.എഫ്.എസിൽ 30 വർഷമായവർക്കു മാത്രമേ, പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (പി.സി.സി.എഫ്) തസ്തിക ലഭിക്കൂ. ഇവരെയേ വനം മേധാവിയായി നിയമിക്കൂ. ഗംഗാ സിങ്ങും രാജേഷ് രവീന്ദ്രനും മാത്രമാണ് നിലവിൽ പി.സി.സി.എഫ് തസ്തികയിലുള്ളത്.
സീനിയോറിറ്റി മറികടക്കാൻ ആലോചിച്ചാൽ അഡീഷനൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (എ.പി.സി.സി.എഫ്) തസ്തികയിലുള്ളവരെ പരിഗണിക്കും. രാജേഷ് രവീന്ദ്രൻ കഴിഞ്ഞാൽ തൊട്ടടുത്തുള്ളത് 96 ബാച്ചുകാരനും തമിഴ്നാട് സ്വദേശിയുമായ എ.പി.സി.സി.എഫ് (ഫിനാൻസ്, ബജറ്റ് ആൻഡ് ഓഡിറ്റ്, സാമൂഹിക വനവത്കരണം) ഡോ.പി.കെ. പുകഴേന്തിയാണ്. 2030 ഏപ്രിൽ വരെ പുകഴേന്തിക്ക് സർവിസുണ്ട്. ഐ.എഫ്.എസിൽ 30 വർഷം തികയാൻ പുകഴേന്തിക്ക് അടുത്ത ജനുവരി വരെയും തൊട്ടുതാഴെയുള്ള യു.പി സ്വദേശി (97 ബാച്ച്) അഡീഷനൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ദീപക് മിശ്രക്ക് 2027 ജനുവരി വരെയും കാത്തിരിക്കണം. നിലവിൽ ദീപക് മിശ്ര ഡെപ്യൂട്ടേഷനിലാണ്. 2030 ഡിസംബർ വരെ ഇദ്ദേഹത്തിന് കാലാവധിയുണ്ട്.
തമിഴ്നാട്ടുകാരനായ എൽ.എൽ. ചന്ദ്രശേഖർ, എറണാകുളം സ്വദേശിയും ചീഫ് വൈൽഡ് ലൈഫ് വാർഡനുമായ പ്രമോദ് ജി. കൃഷ്ണൻ, മധ്യപ്രദേശ് സ്വദേശി ജി. ഫണീന്ദ്രകുമാർ റാവു എന്നിവരാണ് തൊട്ടടുത്തുള്ള എ.പി.സി.സി.എഫ് തസ്തികയിലുള്ളവർ. ചന്ദ്രശേഖറിന് 2034 ഒക്ടോബർ വരെയും പ്രമോദ് ജി. കൃഷ്ണന് 2032 മേയ് വരെയും ഫണീന്ദ്രകുമാറിന് 2028 ഒക്ടോബർ വരെയുമാണ് സർവിസുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

