ജോലി നഷ്ടപ്പെടില്ല; 37 അധ്യാപകർക്ക് നിയമനമായി
text_fieldsകോഴിക്കോട്: അധിക തസ്തികയായി കണക്കാക്കി (സൂപ്പർ ന്യൂമററി) സർക്കാർ സംരക്ഷണം നൽകിയ 37 അധ്യാപകർക്ക് ജോലി നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കാൻ അർധരാത്രിയോടെ സർക്കാർ ഇടപെടൽ.
എച്ച്.എസ്.എസ്.ടി (ജൂനിയർ) ഇംഗ്ലീഷ് തസ്തികയിൽനിന്ന് എച്ച്.എസ്.എസ്.ടി ഇംഗ്ലീഷ് തസ്തികയിലേക്ക് 50 അധ്യാപകർക്ക് സ്ഥാനക്കയറ്റം നൽകാനും ഈ ഒഴിവിലേക്ക് സൂപ്പർ ന്യൂമററി തസ്തികയിലുള്ളവരെ മാറ്റി നിയമിക്കാൻ ഉത്തരവിടുകയും ചെയ്തതോടെയാണ് പി.എസ്.സി വഴി നിയമനം നേടിയ അധ്യാപകർക്ക് തൊഴിൽ നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവായത്.
സംരക്ഷണ കാലാവധി അവസാനിക്കുന്ന മേയ് 31ന് അർധരാത്രിയോടെയാണ് ഇതുസംബന്ധിച്ച ഉത്തരവ് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഇറക്കിയത്. പി.എസ്.സി പരീക്ഷയെഴുതി എച്ച്.എസ്.എസ്.ടി (ജൂനിയർ) ഇംഗ്ലീഷ് തസ്തികയിൽ നിയമനം നേടിയ 68 അധ്യാപകർക്ക് തൊഴിൽ നഷ്ടപ്പെടുന്ന സാഹചര്യം ഉടലെടുത്തത് രണ്ടുവർഷം മുമ്പാണ്.
തസ്തിക നിർണയം നടത്തിയപ്പോൾ 68 തസ്തികകൾ അധികമാണെന്നു കണ്ടെത്തിയതോടെയായിരുന്നു ഇത്. ആഴ്ചയിൽ ഏഴു മുതൽ 14വരെ പീരിയഡ് എന്ന നിരക്കിൽ ജോലിഭാരം കണക്കാക്കി തസ്തിക പുനർനിർണയിച്ചതായിരുന്നു കാരണം. പി.എസ്.സി വഴി നിയമനം നേടിയ അധ്യാപകർക്ക് തൊഴിൽ നഷ്ടപ്പെടുന്ന സാഹചര്യം വലിയ പ്രതിഷേധത്തിനിടയാക്കിയപ്പോൾ സൂപ്പർ ന്യൂമററി തസ്തിക സൃഷ്ടിച്ച് 68 പേർക്ക് സംരക്ഷണം നൽകാൻ സർക്കാർ തീരുമാനിച്ചു. 2025 മേയ് 31 വരെയായിരുന്നു സംരക്ഷണ കാലയളവ്. ഇതിനിടയിൽ സ്ഥിരം തസ്തികയിൽ ഒഴിവുവരുന്ന മുറക്ക് ഇവർക്ക് നിയമനം സ്ഥിരപ്പെടുത്താനും തീരുമാനിച്ചു. കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ 31 പേർക്ക് ഇത്തരത്തിൽ റഗുലർ തസ്തികയിൽ നിയമനം നൽകി. അവശേഷിക്കുന്ന 37 പേരുടെ സംരക്ഷണ കാലാവധി ദീർഘിപ്പിക്കുകയോ റഗുലർ തസ്തികയിൽ നിയമിക്കുകയോ ചെയ്തില്ലെങ്കിൽ ഇവർക്ക് മേയ് 31ഓടെ ജോലി നഷ്ടപ്പെടുന്ന സ്ഥിതിയായി.
ഇതു പരിഹരിക്കാനാണ് 50 പേർക്ക് പെട്ടെന്ന് സ്ഥാനക്കയറ്റം നൽകാനും ആ ഒഴിവുകളിലേക്ക് സൂപ്പർ ന്യൂമററി തസ്തികയിലുള്ളവരെ മാറ്റി നിയമിക്കാനും ഉത്തരവായത്. ഇവർ ഏത് സ്കൂളിലാണ് ജോലിയിൽ പ്രവേശിക്കേണ്ടതെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ നേരത്തേ സൃഷ്ടിച്ച 68 സൂപ്പർ ന്യൂമററി തസ്തികകൾ ഇല്ലാതായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

