അപ്പോളോ ഗ്രൂപ് നിക്ഷേപ തട്ടിപ്പ്; 3000 കോടിയുടെ തട്ടിപ്പ് നടന്നതായി ആക്ഷൻ കമ്മിറ്റി
text_fieldsകോഴിക്കോട്: അപ്പോളോ ഗ്രൂപ് നിക്ഷേപത്തട്ടിപ്പിലെ പ്രതി ദുബൈയിൽ ഒളിവിൽ കഴിയുന്ന സി.പി മൂസഹാജിയെ ഇന്ത്യയിലെത്തിക്കണമെന്നും തട്ടിപ്പിലെ കണ്ണിയായ ഒ.എം.എ. റഷീദിന്റെ നിയന്ത്രണത്തിലുള്ള കമ്പനികളിലേക്ക് കോടികളുടെ ഫണ്ടും ആസ്തികളും വകമാറ്റിയത് സംബന്ധിച്ച് അന്വേഷിക്കണമെന്നും അപ്പോളോ ഗ്രൂപ് നിക്ഷേപക ആക്ഷൻ കമ്മിറ്റി. ഇതുമായി ബന്ധപ്പെട്ട ഇന്ത്യയിലെയും വിദേശത്തെയും സ്ഥാപനങ്ങളുടെ സാമ്പത്തിക ഇടപാടുകൾ, നിക്ഷേപകരുടെ പണം സ്വീകരിച്ച് ഉണ്ടാക്കിയ ആസ്തികൾ, കമ്പനികൾ തമ്മിലുള്ള സ്വത്ത് കൈമാറ്റങ്ങൾ, ഡയറക്ടർ ബോർഡുകളിലെ മാറ്റങ്ങൾ, ഹവാല ഇടപാടുകൾ എന്നിവയെല്ലാം ഉൾകൊള്ളുന്ന അന്വേഷണം ആവശ്യമാണ്.
3000 കോടിയുടെ തട്ടിപ്പാണ് നടന്നിരിക്കുന്നത്. അപ്പോളോ ഗ്രൂപ് നിക്ഷേപകരിൽനിന്ന് സ്വീകരിച്ച ആയിരം കോടിയിലധികം ഇന്ത്യയിലെയും വിദേശത്തെയും വിവിധ ബിസിനസ് സ്ഥാപനങ്ങളിലേക്കും റിയൽ എസ്റ്റേറ്റ് പദ്ധതികളിലേക്കും വകമാറ്റിയിരിക്കുകയാണെന്ന് ആക്ഷൻ കമ്മിറ്റി വാർത്തസമ്മേളനത്തിൽ ആരോപിച്ചു. ആയിരത്തിലധികം പേർക്ക് പണം തിരികെ നൽകാനുണ്ട്. 12 ശതമാനം വരെ ലാഭം വാഗദാനം ചെയ്‌തായിരുന്നു നിക്ഷേപം കൈപ്പറ്റിയത്. പണം ഉപയോഗിച്ച് നേടിയ ആസ്തികൾ അനുബന്ധ കമ്പനികളിലേക്ക് കൈമാറ്റം ചെയ്തും സ്ഥാപനങ്ങളുടെ പേരും ഡയറക്ടർമാരെയും മാറ്റിയും നിയമനടപടികൾ ഒഴിവാക്കാൻ ശ്രമിച്ചിരിക്കയാണ്.
മൂന്നു വർഷത്തിലേറെയായി അന്വേഷണം തുടരുന്നു. ഇനി നടപടികൾ ഊർജിതമാക്കണം. അപ്പോളോ ഗ്രൂപ് ചെയർമാൻ സി.പി. മൂസ ഹാജിക്കെതിരെ കോഴിക്കോട് ക്രൈംബ്രാഞ്ചിൽ 250 കേസുകളുണ്ട്. വടകരയിൽ 500-ലധികം പരാതികൾ പുതുതായി നൽകിയിട്ടുണ്ട്. അപ്പോളോ ഗോൾഡിൽനിന്നുള്ള പണം ഡിമോറ ഫ്ലാറ്റ് പദ്ധതികൾ, ഹോട്ടലുകൾ, കോഴിക്കോട് അപ്പോളോ ഫ്ലാറ്റ് നിർമാണം എന്നിവക്കായി വകമാറ്റിയതായി ഇ.ഡി അന്വേഷണത്തിൽ കണ്ടെത്തിയെന്ന് സമിതി അറിയിച്ചു. ഒ.എം.എ. റഷീദിന്റെ നിയന്ത്രണത്തിലുള്ള കമ്പനികളിലേക്ക് ഫണ്ടും ആസ്‌തികളും മാറ്റി. റഷീദിനെതിരെ കോഴിക്കോടും മലപ്പുറത്തുമായി കേസുണ്ട്. നിക്ഷേപം തിരിച്ചുനൽകാമെന്ന ഉറപ്പിൽ പണം സ്വീകരിച്ചശേഷം ഓഹരി വാങ്ങൽ രേഖകൾ നൽകി വഞ്ചിച്ചെന്നാണ് പരാതി.
ഇവരെ നാട്ടിലെത്തിച്ച് അന്വേഷണം വേഗത്തിലാക്കണം. പൊലീസിലെ ഉന്നത ഉദ്യോഗസ്ഥർ ഇവരെ ഇപ്പോഴും സഹായിച്ചുകൊണ്ടിരിക്കുന്നുണ്ടെന്നും ഭാരവാഹികൾ ആരോപിച്ചു. വാർത്താസമ്മേളനത്തിൽ കെ.എം. ബഷീർ, ഡോ. റിസ്‍വിൻ നാസർ, സൂപ്പി ആറാമം, എൻ.വി സുബൈർ, ഷരീഫ് വടകര, സൈനബ ജാസ്മിൻ, മുഹമ്മദ് അലി നാലകത്ത് ഒടവിൽ എന്നിവർ പങ്കെടുത്തു.

