അപ്നാഘറിൽനിന്ന് പുതുജീവിതത്തിലേക്ക്; പ്രിയ ഇനി സെൽവരാജിന് സ്വന്തം
text_fieldsപാലക്കാട്: പ്രളയം തകർത്ത ജീവിതത്തെ തോൽപിച്ച് പ്രിയ പുതുജീവിതത്തിലേക്ക് വലതുകാലെടുത്തുവെച്ചു. അപ്നാഘറിലെ ദുരിതാശ്വാസ ക്യാമ്പിൽനിന്ന് പട്ടുസാരിയുടുത്ത്, ആഭരണങ്ങളണിഞ്ഞ്, മുല്ലപ്പൂ ചാർത്തി നവവധുവായി പ്രിയ കതിർമണ്ഡപത്തിലേക്ക്് എത്തി.
പ്രിയയെയും പരിവാരങ്ങളെയും മാധ്യമപ്പടയും എം.എൽ.എയുമടക്കം നിരവധി പേർ കാത്തുനിന്നു. വടക്കന്തറ ശ്രീ തിരുപുരായ്ക്കൽ ഭഗവതി ക്ഷേത്രത്തിലായിരുന്നു വിവാഹച്ചടങ്ങുകൾ. ജീവിതത്തിലെ സമ്പാദ്യങ്ങളത്രയും കനത്തമഴയിൽ ഒലിച്ചുപോയ പ്രിയയെ സെൽവരാജാണ് വരണമാല്യം ചാർത്തിയത്. തോണിപ്പാളയം അംബികാപുരം കോളനിയിലെ മണികണ്ഠെൻറയും ദേവിയുടെയും മകളാണ് പ്രിയ. കല്ലേപ്പുള്ളി വെള്ളോലിപ്പറമ്പിൽ വേലായുധെൻറയും ദേവുവിെൻറയും മകനാണ് സെൽവരാജ്.
സെപ്റ്റംബർ മൂന്നിന് വിവാഹം നടത്താൻ മാസങ്ങൾക്കു മുമ്പേ തീരുമാനിച്ചിരുന്നു. എന്നാൽ, പ്രളയം ഇവരുടെ സ്വപ്നങ്ങളിൽ കരിനിഴൽ പടർത്തി. വിവാഹത്തിനായി ഒരുക്കിയ സ്വർണാഭരണങ്ങളടക്കം എല്ലാ സമ്പാദ്യവും വെള്ളം കൊണ്ടുപോയി. തോണിപ്പാളയത്തെ വാടകവീട്ടിലായിരുന്നു താമസം. മുൻകൂട്ടി നിശ്ചയിച്ച മുഹൂർത്തത്തിൽതന്നെ വിവാഹം നടത്താമെന്ന് സെൽവരാജും കുടുംബവും സമ്മതം അറിയിച്ചെങ്കിലും സാമ്പത്തിക പ്രയാസങ്ങൾ പ്രിയയെയും കുടുംബത്തെയും ബുദ്ധിമുട്ടിലാക്കി. പ്രശ്നം കണ്ടറിഞ്ഞ് സർക്കാർ വകുപ്പുകളും കുടുംബശ്രീയും സുമനസ്സുകളും സംഘടനകളും ഒന്നുചേർന്നതോടെ അപ്നാഘർ കല്യാണ വീടായി മാറി.വിവാഹത്തിന് തലേന്നുതന്നെ പെൺകുട്ടിക്ക് വേണ്ട പട്ടുസാരിയും പാത്രങ്ങളും ഗവ. മോയൻ എൽ.പി സ്കൂൾ പ്രധാനാധ്യാപിക മണിയമ്മ അപ്നാഘറിൽ എത്തിച്ചു. കമ്മൽ നൽകിയത് എസ്.ഐ എ. പ്രതാപെൻറ നേതൃത്വത്തിലുള്ള പൊലീസുകാരാണ്.
കുടുംബശ്രീക്കാരുടെ നേതൃത്വത്തിൽ മൈലാഞ്ചി കല്യാണം നടത്തി. തൊഴിൽ വകുപ്പ് ജീവനക്കാരും വ്യവസായികളും ചേർന്ന് 50,000 രൂപ വിവാഹസമ്മാനമായി നൽകി. വിവാഹശേഷം അപ്നാഘറിൽ ചായസൽക്കാരവും ഏർപ്പെടുത്തി. കിൻഫ്ര കലക്ഷൻ സെൻററിലെ ഉദ്യോഗസ്ഥരും വളൻറിയർമാരും വധുവിന് വസ്ത്രങ്ങളും നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
