മുൻഗണന റേഷൻകാർഡ് തിരിച്ചുനൽകാതെ നൂറുകണക്കിന് ജീവനക്കാർ
text_fieldsമലപ്പുറം: പൊതുമേഖലയിലും സഹകരണ മേഖലയിലും ജോലിചെയ്യുന്ന നൂറുകണക്കിന് ജീവനക്കാർ ഇപ്പോഴും മുൻഗണന റേഷൻ കാർഡ് കൈവശംവെക്കുന്നു. സർവിസ് ചട്ടലംഘനത്തിനെതിരെ കർശന നടപടി ഇല്ലാത്തതാണ് ജീവനക്കാർക്ക് ധൈര്യമേകുന്നത്. യഥാർഥ ശമ്പളം മറച്ചുവെച്ചാണ് പലരും കാർഡ് സ്വന്തമാക്കിയത്. 2017 ആഗസ്റ്റ് 20നകം സർക്കാർ, അർധസർക്കാർ ജീവനക്കാരും പൊതു, സഹകരണ മേഖല ജീവനക്കാരും റേഷൻ കാർഡ് ഡ്രോയിങ് ആൻഡ് ഡിസ്ബേഴ്സിങ് ഒാഫിസർ മുമ്പാകെ പരിശോധനക്ക് ഹാജരാക്കണമെന്ന് സർക്കാർ ഉത്തരവ് ഇറക്കിയിരുന്നെങ്കിലും ഇത് നടപ്പായില്ല. മതിയായ കാരണമില്ലാതെ കാർഡ് ഹാജരാക്കാത്തവർക്കെതിരെ വകുപ്പ് തലവന്മാർ നടപടി സ്വീകരിക്കണമെന്നും നിർദേശമുണ്ടായിരുന്നു.
ദേശസാത്കൃത, ഷെഡ്യൂൾഡ് ബാങ്കുകൾ, ലിമിറ്റഡ് കമ്പനികൾ, യൂനിവേഴ്സിറ്റി എന്നിവിടങ്ങളിലെ ജീവനക്കാർക്കും ഉത്തരവ് ബാധകമായിരുന്നു. ഒരു പൊതുമേഖല സ്ഥാപനംപോലും ഇതുമായി ബന്ധപ്പെട്ട് ഉത്തരവോ നോട്ടീസോ പുറത്തിറക്കിയിട്ടില്ല. സഹകരണ സ്ഥാപനങ്ങളിൽ പരിശോധനക്ക് രജിസ്ട്രാർ സർക്കുലർ പുറത്തിറക്കിയിരുന്നു.
എന്നാൽ, യൂനിയനുകളുടെ സമർദത്തെ തുടർന്ന് സ്ഥാപന മേധാവികൾ റേഷൻ കാർഡുമായി ബന്ധപ്പെട്ട നോട്ടീസ് പൂഴ്ത്തിവെക്കുകയായിരുന്നു. സഹകരണ മേഖലയിലും പൊതുമേഖലയിലുമുള്ള ഭൂരിപക്ഷം ജീവനക്കാരുടെയും മാസവേതനം 15,000 രൂപക്ക് മുകളിലാണ്. ഇവർ കൂട്ടുകുടുംബത്തിെൻറ റേഷൻ കാർഡിൽ തൊഴിലും യഥാർഥ വരുമാനവും കാണിക്കാതെയാണ് മുൻഗണന റേഷൻ കാർഡ് തരപ്പെടുത്തിയത്.
പല സ്ഥാപനങ്ങളിലെയും ഇതു നടപ്പാക്കേണ്ട ഉയർന്ന ഉദ്യോഗസ്ഥർപോലും യഥാർഥ വരുമാനം കാണിച്ചിട്ടില്ലെന്ന് ആരോപണമുണ്ട്. മുൻഗണന പട്ടികയിൽനിന്ന് 2017 ആഗസ്റ്റ് പത്തിനകം ഒഴിവായില്ലെങ്കിൽ ഉദ്യോഗസ്ഥർക്കെതിരെ ശിക്ഷ നടപടി നേരിടേണ്ടിവരുമെന്ന മുന്നറിപ്പ് ഉണ്ടായിരുന്നെങ്കിലും അത് മുഖവിലക്കെടുക്കാതെ ഇപ്പോഴും മുൻഗണന കാർഡ് കൈവശം വെക്കുന്നവരുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.