വിസ്ഡം പരിപാടി അലങ്കോലമാക്കിയത് നീതീകരിക്കാനാവില്ല; പൊലീസുകാരുടെ പശ്ചാത്തലം അന്വേഷിക്കണമെന്ന് എ.പി. അനിൽ കുമാർ
text_fieldsമലപ്പുറം: വിസ്ഡം കേരള സ്റ്റുഡന്‍റ്സ് കോൺഫറൻസ് നിർത്തിവെപ്പിച്ച പൊലീസ് നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.പി.സി.സി വർക്കിങ് പ്രസിഡന്‍റ് എ.പി. അനിൽ കുമാർ എം.എൽ.എ. വിസ്ഡം പരിപാടി അലങ്കോലമാക്കിയ പൊലീസുകാരുടെ പശ്ചാത്തലത്തെ കുറിച്ച് അന്വേഷിക്കണമെന്ന് അനിൽ കുമാർ ആവശ്യപ്പെട്ടു.
ഏതു ചെറിയ പ്രശ്നത്തെയും അങ്ങേയറ്റം വഷളാക്കുന്നതിൽ കാട്ടുന്ന താൽപര്യം കുറ്റാന്വേഷണ രംഗത്തും ക്രമസമാധാനപാലന രംഗത്തുമാണ് വേണ്ടത്. പൊലീസ് നടപടിയെ നീതീകരിക്കാനാവില്ലെന്നും അനിൽ കുമാർ ഫേസ്ബുക്കിൽ കുറിച്ചു.
എ.പി. അനിൽ കുമാറിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്
പെരിന്തൽമണ്ണയിൽ സംഘടിപ്പിച്ച വിസ്ഡം സ്റ്റുഡൻസ് കോൺഫറസ്, ലഹരിക്കെതിരേയുള്ള ബഹുജന വികാരത്തിന്‍റെ നേർസാക്ഷ്യമായിരുന്നു.
ലക്ഷക്കണക്കിനു രൂപാ ചെലവിട്ട് നടത്തുന്ന സർക്കാർ വിലാസം ലഹരി വിരുദ്ധ പരിപാടികൾ പ്രഹസനമായി മാറുമ്പോൾ, ആയിരക്കണക്കിനാളുകളെ പങ്കെടുപ്പിച്ചു നടത്തിയ പരിപാടി കേരളാ പോലീസിനെ പൊള്ളിച്ചത് എന്തു കാരണത്താലാണെന്ന് ആഭ്യന്തരവകുപ്പു മന്ത്രി കൂടിയായ മുഖ്യമന്ത്രി വ്യക്തമാക്കണം. യാതൊരു നിയന്ത്രണവുമില്ലാതെ, ലഹരി ഒഴുക്കി നടത്തുന്ന DJ പാർട്ടികൾക്ക് സമയമോ സ്ഥലമോ പ്രശ്നമല്ലാതിരിക്കുന്നിടത്താണ് അപമാനകരമായ പോലീസ് നടപടി.
ആയിരക്കണക്കിനു പേർ തടിച്ചു കൂടിയ പരിപാടിയിലേക്ക് കടന്നുചെന്ന് പരിപാടി അലങ്കോലമാക്കിയ പോലീസുകാരുടെ പശ്ചാത്തലത്തെക്കുറിച്ച് അന്വേഷിക്കുകയും, നിലവിട്ട് പെരുമാറിയ പോലീസുകാരെ സസ്പെന്റ് ചെയ്ത് അന്വേഷണം പ്രഖ്യാപിക്കുകയും വേണം.
മന:പൂർവ്വം പ്രകോപനമുണ്ടാക്കി സംഘർഷാവസ്ഥ സൃഷ്ടിക്കാൻ പോലീസും മറ്റാരെങ്കിലും ചേർന്ന് ഗുഢാലോചന നടത്തിയോ എന്നതും അന്വേഷണ വിഷയമാക്കണം. ഏതു ചെറിയ പ്രശ്നത്തെയും അങ്ങേയറ്റം വഷളാക്കുന്നതിൽ കാട്ടുന്ന താൽപ്പര്യം കുറ്റാന്വേഷണ രംഗത്തും ക്രമസമാധാനപാലന രംഗത്തുമാണ് വേണ്ടത്. പോലീസ് നടപടി യാതൊരു തരത്തിലും നീതീകരിക്കത്തക്കതല്ല.
ലഹരിക്കെതിരെ ഞായറാഴ്ച രാത്രി പെരിന്തൽമണ്ണയിൽ വിസ്ഡം സംഘടിപ്പിച്ച കേരള സ്റ്റുഡന്‍റ്സ് കോൺഫറൻസ് പരിപാടിയാണ് പൊലീസ് ഇടപെട്ട് നിർത്തിവെപ്പിച്ചത്. അനുവദിച്ച സമയപരിധി കഴിഞ്ഞുവെന്ന് പറഞ്ഞാണ് രാത്രി 10ന് പൊലീസ് സമ്മേളന വേദിയിലേക്ക് കടന്നുവന്നതും നിർത്തിവെക്കാൻ ആവശ്യപ്പെട്ടതും.
എന്നാൽ, 10 മണിക്ക് മുമ്പ് നിർത്തുന്ന വിധമാണ് എല്ലാ പരിപാടികളും ക്രമീകരിച്ചതെന്നും പൊലീസ് എത്തുമ്പോൾ സമാപന പ്രസംഗം നടക്കുകയായിരുന്നുവെന്നും ഉടൻ നിർത്താമെന്ന് പറഞ്ഞിട്ടും സമ്മതിക്കാതെ പൊലീസ് നിർത്താൻ ആക്രോശിക്കുകയായിരുന്നുവെന്നാണ് വിസ്ഡം നേതാക്കൾ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

