വഹാബ് വിഭാഗം സി.പി.എം, സി.പി.െഎ നേതൃത്വത്തെ കണ്ടു; വിജയരാഘവൻ നേതാക്കളെ അതൃപ്തി അറിയിച്ചു
text_fieldsതിരുവനന്തപുരം: നിർണായക സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റ് യോഗം വെള്ളിയാഴ്ച ചേരവെ ഇടത് നേതൃത്വത്തെ കാണാൻ തമ്മിലടിച്ച് പിളർന്ന െഎ.എൻ.എല്ലിലെ വഹാബ് വിഭാഗം തലസ്ഥാനത്തെത്തി. സി.പി.എം ആസ്ഥാനമായ എ.കെ.ജി സെൻററിലും സി.പി.െഎ ആസ്ഥാനമായ എം.എൻ സ്മാരകത്തിലും എത്തി നേതൃത്വെത്ത കണ്ട െഎ.എൻ.എൽ സംസ്ഥാന പ്രസിഡൻറ് എ.പി. അബ്ദുൽ വഹാബിെൻറ നേതൃത്വത്തിലുള്ള സംഘം പിളർപ്പുണ്ടായ സാഹചര്യം വിശദീകരിച്ചു.
എന്നാൽ, സി.പി.എം നേതൃത്വം സംഭവങ്ങളിൽ തങ്ങളുടെ അനിഷ്ടം െഎ.എൻ.എൽ നേതാക്കളോട് മറച്ചുവെച്ചില്ല. വ്യാഴാഴ്ച വൈകീട്ട് എ.കെ.ജി സെൻററിലെത്തി സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ. വിജയരാഘവനെ കണ്ട വഹാബ് കഴിഞ്ഞ മൂന്നുവർഷമായി പാർട്ടിയിൽ നിലനിൽക്കുന്ന പ്രശ്നമാണിതെന്ന് വിശദീകരിച്ചു.
പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കും മുമ്പ് പ്രശ്നം പരിഹരിക്കുന്നതിനായാണ് പ്രസിഡൻറായ താൻ സംസ്ഥാന സെക്രേട്ടറിയറ്റ് കഴിഞ്ഞ ഞായറാഴ്ച എറണാകുളത്ത് വിളിച്ചത്. എന്നാൽ, യോഗത്തിൽ വിഷയം ചർച്ച ചെയ്ത് തീർക്കും മുമ്പ് മറുവിഭാഗം അലേങ്കാലപ്പെടുത്തി. ഇതാണ് പൊട്ടിത്തെറിയിൽ കലാശിച്ചതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം െഎ.എൻ.എല്ലിലെ ആഭ്യന്തരപ്രശ്നം സർക്കാറിനും മുന്നണിക്കും അവമതിപ്പ് ഉണ്ടാക്കരുതെന്ന് തങ്ങൾ മുന്നറിയിപ്പ് നൽകിയിരുന്നതാണെന്ന് വിജയരാഘവൻ ചൂണ്ടിക്കാട്ടി. പാർട്ടിക്കുള്ളിലെ പ്രശ്നം നിങ്ങൾതന്നെ പരിഹരിക്കണമെന്ന് പറഞ്ഞതല്ലേ എന്ന് ചോദിച്ച അദ്ദേഹം വിഷയം എൽ.ഡി.എഫ് ചർച്ച ചെയ്യുമെന്ന് അറിയിച്ചു.
എം.എൻ സ്മാരകത്തിൽ സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെയും വഹാബ് വിഭാഗം സന്ദർശിച്ച് തങ്ങളുടെ നിലപാട് വിശദീകരിച്ചു. ഉണ്ടായ സംഭവങ്ങൾ നിർഭാഗ്യകരമെന്നായിരുന്നു കാനത്തിെൻറ പ്രതികരണം. വെള്ളിയാഴ്ച വൈകീട്ട് സി.പി.എം പി.ബിയംഗം കോടിയേരി ബാലകൃഷ്ണനെ കാണും. ശേഷമാവും മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചക്ക് ശ്രമിക്കുകയെന്നാണ് സൂചന. എ.പി. അബ്ദുൽ വഹാബിനൊപ്പം സംസ്ഥാന ജനറൽ സെക്രട്ടറി സി.പി. നാസർകോയ, ഒ.പി.െഎ. കോയ, എൻ.കെ. അബ്ദുൽ അസീസ് എന്നിവരുമുണ്ടായിരുന്നു.