ഹെയർ ട്രാൻസ്പ്ലാന്റ് ചെയ്യാൻ അവകാശമുണ്ടെന്ന് എ.ഒ.എം.എസ്.ഐ
text_fieldsകോട്ടയം: മുഖ സൗന്ദര്യ ശസ്ത്രക്രിയയും ഹെയർ ട്രാൻസ്പ്ലാന്റും ചെയ്യാൻ തങ്ങൾക്ക് പൂർണ അധികാരവും പരിജ്ഞാനവുമുണ്ടെന്ന് ഓറൽ ആൻഡ് മാക്സിലോഫേഷ്യൽ സർജൻമാർ. കോട്ടയം പ്രസ് ക്ലബ്ബിൽ വാർത്ത സമ്മേളനത്തിലാണ് അസോസിയേഷൻ ഓഫ് ഓറൽ ആൻഡ് മാക്സിലോഫേഷ്യൽ സർജൻസ് ഓഫ് ഇന്ത്യ (എ.ഒ.എം.എസ്.ഐ) കേരള ശാഖയുടെ നേതാക്കൾ ഇക്കാര്യം വ്യക്തമാക്കിയത്.
എം.ഡി.എസ് ഓറൽ ആൻഡ് മാക്സിലോഫേഷ്യൽ സർജൻമാർക്ക് ഹെയർ ട്രാൻസ്പ്ലാന്റ്ചെയ്യാനും മുഖസൗന്ദര്യ ശസ്ത്രക്രിയകൾ നടത്താനും യോഗ്യതയില്ലെന്ന തെലങ്കാന മെഡിക്കൽ കൗൺസിലിന്റെ പ്രസ്താവനയാണ് ജനങ്ങളിലും സോഷ്യൽ മീഡിയയിലും തെറ്റിദ്ധാരണ പരത്തിയത്. കേരളത്തിലെ ചില മാധ്യമങ്ങളും ഇത് ഏറ്റെടുത്ത് തെറ്റായ പ്രചാരണം നടത്തിക്കൊണ്ടിരിക്കുകയാണ്. ഡെന്റൽ കൗൺസിൽ ഓഫ് ഇന്ത്യ എം.ഡി.എസ് മാക്സിലോഫേഷ്യൽ സർജൻമാർക്ക്, മുഖസൗന്ദര്യ ശസ്ത്രക്രിയയും ഹെയർ ട്രാൻസ്പ്ലാന്റും ചെയ്യാൻ നിയമപരവും ശാസ്ത്രീയവുമായ പുർണ പാടവമുണ്ടെന്നു വ്യക്തമാക്കിയിട്ടുണ്ടെന്നും നേതാക്കൾ അറിയിച്ചു.
അനേകായിരം ശസ്ത്രക്രിയകൾക്കിടയിൽ സംഭവിക്കുന്ന ഏതാനും പിഴവുകൾ മാത്രം ഉയർത്തിക്കാണിച്ച് ഒരു വൈദ്യശാസ്ത്ര ശാഖയെ മുഴുവൻ കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നും അവർ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ എ.ഒ.എം.എസ്.ഐ സംസ്ഥാന പ്രസിഡന്റ് ഡോ. എൽദോ മാർകോസ്, സെക്രട്ടറി ഡോ. എം. മുരളീ കൃഷ്ണൻ, മുൻ പ്രസിഡന്റ് ഡോ. ഈപ്പൻ തോമസ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

