സതീശൻ അയയുന്നില്ല; അന്‍വറിന്റെ യു.ഡി.എഫ് പ്രവേശനം തൽക്കാലം നടക്കില്ലെന്ന് സൂചന
text_fieldsമലപ്പുറം: ഇക്കഴിഞ്ഞ നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ്, എൽ.ഡി.എഫ് മുന്നണികളോട് ചേരാതെ ഒറ്റക്ക് മത്സരിച്ച് 20000ത്തോളം വോട്ട് നേടിയിട്ടും മുൻ നിലമ്പൂർ എം.എൽ.എ പി.വി അൻവറിന്റെ യു.ഡി.എഫ് പ്രവേശനം അനിശ്ചിതത്വത്തിൽ. നിലമ്പൂരിൽ നല്ല പ്രകടനം നടത്തിയതുകൊണ്ട് മാത്രം അദ്ദേഹത്തിന്റെ യു.ഡി.എഫ് പ്രവേശനം തൽക്കാലം സാധ്യമാകില്ലെന്നാണ് പുറത്തു വരുന്ന സൂചനകള്‍ വ്യക്തമാക്കുന്നത്. അന്‍വറിനോടുള്ള നിലപാട് തെല്ലും മയപ്പെടുത്താത്ത പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നിലപാടാണ് ഇപ്പോൾ അൻവറിന്റെ പ്രതീക്ഷകൾ തല്ലിക്കെടുത്തുന്നത്.
തെരഞ്ഞെടുപ്പ് ഫലം വന്ന ദിവസം തന്നെ കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫും ലീഗ് നേതാക്കളും അൻവറിനെ മുന്നണിയിൽ എടുക്കുന്നതു സംബന്ധിച്ച് അനുകൂലമായി പറഞ്ഞിരുന്നുവെങ്കിലും ദിവസങ്ങൾ കഴിയുന്തോറും വ്യക്തമായ ചിത്രം തെളിയാത്ത അവസ്ഥയാണ്. അൻവറിന്റെ
വിലപേശല്‍ രാഷ്ട്രീയത്തിന് മുന്നില്‍ വഴങ്ങാനാവില്ലെന്നാണ് സതീശന്റെ അഭിപ്രായം. ‘അന്‍വറിന് മുന്നില്‍ വാതില്‍ അടക്കാന്‍ തീരുമാനിച്ചത് യു.ഡി.എഫാണ്. അതിനപ്പുറം തനിക്കൊന്നും പറയാനില്ല. താല്‍ക്കാലിക ലാഭത്തിനു വേണ്ടി എപ്പോഴെങ്കിലും വഴങ്ങിക്കൊടുത്താല്‍ പിന്നെ എപ്പോഴും വഴങ്ങി കൊടുത്തുകൊണ്ടിരിക്കേണ്ടി വരുമെന്ന്’ വി.ഡി. സതീശന്‍ പറഞ്ഞു. പ്രതിപക്ഷ നേതാവ് പറഞ്ഞതാണ് ഞങ്ങളുടെ തീരുമാനമെന്നും ആ തീരുമാനം മാറ്റേണ്ട സാഹചര്യം ഇപ്പോള്‍ ഇല്ലെന്നും കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫും അഭിപ്രായപ്പെടുന്നു.
അടുത്ത വെള്ളിയാഴ്ച ചേരുന്ന കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി വിഷയം ചര്‍ച്ച ചെയ്യുമെന്നാണ് അറിയുന്നത്. നേരത്തേ, അനുകൂല നിലപാട് സ്വീകരിച്ച മുസ്‍ലിം ലീഗും ഇപ്പോൾ ഒന്നും പറയുന്നില്ല. അന്‍വറിനെ മുന്നണിയിലെടുക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്നാണ് ഘടകകക്ഷികളുടെയും നിലപാട്. മുമ്പ് പറഞ്ഞതെല്ലാം തിരുത്തി വന്നാല്‍ മാത്രമേ അൻവറിനെ യു.ഡി.എഫില്‍ എടുക്കുന്ന കാര്യത്തില്‍ ചര്‍ച്ച ചെയ്യേണ്ടതുള്ളൂ എന്നാണ് മുന്നണിക്കകത്തെ പൊതുവികാരം. പലവട്ടം പ്രസ്താവനകൾ നടത്തി യു.ഡി.എഫിനെ പ്രതിസന്ധിയിലാക്കിയാണ് അന്‍വര്‍ നിലമ്പൂരില്‍ മത്സരിക്കാന്‍ തീരുമാനിച്ചത്.
കൂടാതെ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശനു നേരെ തെരഞ്ഞെടുപ്പ് വേളയില്‍ കടുത്ത വിമര്‍ശനങ്ങളും അന്‍വര്‍ ഉയര്‍ത്തിയിരുന്നു. ഇതോടെയാണ് അന്‍വറിനെ അനുകൂലിച്ചിരുന്ന നേതാക്കള്‍ പോലും കൈവിടുന്ന നിലപാടിലേക്ക് എത്തിയതെന്നാണ് റിപ്പോര്‍ട്ട്. ഏതായാലും നേരത്തേ പറഞ്ഞ തീക്ഷ്ണ വാക്കുകൾ തന്നെയാണ് അൻവറിനെതിരെ തിരിഞ്ഞു കുത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

