‘അൻവർ, പ്ലെയർ ഓഫ് ദ മാച്ച്’; നിലമ്പൂരിൽ വോട്ട് തേടി യൂസഫ് പത്താൻ
text_fieldsപി.വി. അൻവറും യൂസഫ് പത്താനും
നിലമ്പൂർ: പി.വി. അൻവർ, ഉപതെരഞ്ഞെടുപ്പിലെ ഓപണറും പ്ലെയർ ഓഫ് ദ മാച്ചും ആണെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും തൃണമൂൽ കോൺഗ്രസ് എം.പിയുമായ യൂസഫ് പത്താൻ. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി നിലമ്പൂരിലെത്തിയ പത്താൻ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് അൻവറിനെ പ്ലെയർ ഓഫ് ദ മാച്ച് എന്ന് വിശേഷിപ്പിച്ചത്.
തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണം അവസാനിക്കാൻ രണ്ട് ദിവസം മാത്രം ബാക്കിനിൽകെയാണ് യുവാക്കളുടെ ഹരമായ താരം വോട്ട് തേടിയെത്തിയത്. രാവിലെ നിലമ്പൂർ കോടതിപടിയിലെ ടർഫിലെത്തിയ വിവിധ സ്കൂളിലെ കുട്ടികളുമായി താരം സംവദിച്ചു.
തുടർന്ന് ടർഫിൽ യൂസഫ് പത്താനും പി.വി. അൻവറും കുട്ടികളുമായി ക്രിക്കറ്റ് കളിച്ചു. വൈകിട്ട് മൂന്ന് മണിക്ക് വടപുറം മുതൽ നിലമ്പൂർ ടൗൺ വരെ അൻവറിനൊപ്പം പത്താൻ റോഡ് ഷോയിൽ പങ്കെടുക്കും. രാത്രി ഏഴു മണിക്ക് വഴിക്കടവിലെ പൊതുയോഗത്തിലും താരം പങ്കെടുക്കും.
പി.വി. അൻവറിനായി സിക്സർ അടിക്കാനായി യൂസഫ് പത്താൻ എത്തുവെന്ന് വ്യാപക പ്രചാരണം തൃണമൂൽ കോൺഗ്രസ് മണ്ഡലത്തിൽ നടത്തിയിരുന്നു. പത്താനിലൂടെ തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കാനാണ് അൻവർ ടീമിന്‍റെ നീക്കം.
തൃണമൂൽ കോൺഗ്രസിലൂടെ രാഷ്ട്രീയത്തിലിറങ്ങിയ യൂസുഫ് പത്താൻ പശ്ചിമ ബംഗാളിലെ ബെഹറാംപൂർ മണ്ഡലത്തിൽ നിന്നാണ് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. കോൺഗ്രസ് ലോക്സഭ കക്ഷി മുൻ നേതാവും പശ്ചിമ ബംഗാൾ അധ്യക്ഷനുമായിരുന്ന അധിർ രഞ്ജൻ ചൗധരി 1999 മുതൽ കൈവശം വെച്ച മണ്ഡലത്തിലാണ് പത്താൻ അട്ടിമറി വിജയം നേടിയത്.
അധിർ രഞ്ജൻ ചൗധരിയെ 85,022 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് യൂസഫ് പത്താൻ പരാജയപ്പെടുത്തിയത്. പത്താൻ 5,24,516 വോട്ടും അധിർ രഞ്ജൻ ചൗധരി 4,39,494 വോട്ടും നേടി. ബി.ജെ.പി സ്ഥാനാർഥി ഡോ. നിർമൽ കുമാർ സാഹ 3,71,886 വോട്ടുമായി മൂന്നാം സ്ഥാനത്തായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

