അനുപമയുടെ പിതാവ് സമർപ്പിച്ച മുൻകൂർ ജാമ്യ അപേക്ഷയിൽ വാദം പൂർത്തിയായി
text_fieldsതിരുവനന്തപുരം: അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ അനുപമയുടെ പിതാവ് ജയചന്ദ്രന്‍റെ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി. കുഞ്ഞിനെ ദത്ത് നൽകിയത് നാട്ടുനടപ്പ് അനുസരിച്ചാണെന്നും അവിവാഹിതയായ മൂത്ത മകളുടെയും അനുപമയുടെയും കുഞ്ഞിൻ്റെയും ഭാവി കരുതിയാണ് കുഞ്ഞിനെ അനുപയുടെ അനുവാദത്തോടെ ഏൽപിച്ചതെന്നുമാണ് അനുപമയുടെ പിതാവ് ജയചന്ദ്രൻ്റെ വാദം.
തന്‍റെ കുഞ്ഞിനെ നിർബന്ധ പൂർവം എടുത്തു മാറ്റിയെന്ന് അനുപമ പൊലീസിന് നൽകിയ പരാതിയിൽ പ്രധാന പ്രതി ജയചന്ദ്രനാണ്. സ്വാധീനമുള്ള വ്യക്തി എന്ന നിലക്ക് മുൻകൂർ ജാമ്യം നൽകുന്നത് കേസിനെ അട്ടിമറിക്കാൻ കാരണമാകുമെന്നും പബ്ലിക് പ്രോസിക്യൂട്ടർ ഹരീഷ് കുമാർ കോടതയിൽ വാദിച്ചു. തിരുവനന്തപുരം ഏഴാം അഡീ.സെഷൻസ് കോടതിയാണ് മുൻകൂർ ജാമ്യ അപേക്ഷ പരിഗണിച്ചത്.
അനുപമയുടെ അമ്മ അടക്കമുള്ള അഞ്ചു പ്രതികൾക്ക് സെഷൻസ് കോടതി കഴിഞ്ഞ ദിവസം ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.
താൻ അറിയാതെയാണ് കുഞ്ഞിനെ ദത്ത് നൽകിയതെന്നാണ് അനുപമ പേരൂർക്കട പൊലീസിന് നൽകിയ പരാതിയിൽ പറയുന്നത്. ഈ പരാതിയുടെ അടിസ്ഥനത്തിൽ അനുപമയുടെ പിതാവ് അടക്കം ആറു പേർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തിരുന്നു. കേസിലെ ഒന്നാം പ്രതിയാണ് അനുപമയുടെ പിതാവ് ജയചന്ദ്രൻ.പി.എസ്.