അനുപമയുടെ കുട്ടിയെ ദത്ത് നൽകിയതിൽ ഗുരുതരപിഴവെന്ന് അന്വേഷണ റിപ്പോർട്ട്
text_fieldsതിരുവനന്തപുരം: അനുപമയുടെ കുട്ടിയെ ദത്ത് നൽകിയതിൽ ഗുരുതരപിഴവുണ്ടായെന്ന് അന്വേഷണ റിപ്പോർട്ട്. സി.ഡബ്ല്യു.സിക്ക് പിഴവുണ്ടായയെന്നാണ് കണ്ടെത്തൽ. വകുപ്പുതല അന്വേഷണ റിപ്പോർട്ടാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ഇത് ഉടൻ തന്നെ ആരോഗ്യമന്ത്രി വീണ ജോർജിന് കൈമാറും.
ദത്ത് തടയാൻ സി.ഡബ്ല്യു.സി ഇടപെട്ടില്ലെന്നും പൊലീസിനെ അറിയിച്ചില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. അനുപമയുടെ പരാതി ലഭിച്ചിട്ടും ദത്ത് നടപടികളുമായി മുന്നോട്ട് പോയി. ശിശുക്ഷേമ സമിതി രജിസ്റ്ററിൽ ഒരു ഭാഗം മായ്ച്ചു കളഞ്ഞിട്ടുണ്ട് തുടങ്ങി ദത്ത് നടപടിക്രമങ്ങളിൽ ക്രമക്കേട് നടന്നെന്ന അനുപമയുടെ വാദങ്ങൾ ശരിവെക്കുന്നതാണ് പുതിയ കണ്ടെത്തൽ.
കുഞ്ഞ് തന്‍റേതാണെന്ന ഡി.എൻ.എ ഫലത്തിൽ അതിയായ സന്തോഷമുണ്ടെന്ന് അനുപമ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. കുഞ്ഞിനെ കണ്ടിട്ട് ഒരു വർഷത്തിലധികമായി. കുഞ്ഞിനെ കൈയ്യിൽ കിട്ടുന്ന നിമിഷം മാത്രമാണ് മനസിലുള്ളത്. അതിനായി കാത്തിരിക്കുകയാണെന്നും അനുപമ വ്യക്തമാക്കി.
കുഞ്ഞിനെ എത്രയും വേഗം തിരിച്ചു കിട്ടുമെന്നാണ് പ്രതീക്ഷ. കാലതാമസമില്ലാതെ കുഞ്ഞിനെ തിരികെ നൽകണമെന്നാണ് അഭ്യർഥനയെന്നും അനുപമ പറഞ്ഞു. ആവശ്യങ്ങൾ അംഗീകരിക്കും വരെ സമരം തുടരും. കുഞ്ഞിനെ ദത്ത് നൽകാൻ കൂട്ടുനിന്നവർക്കെതിരെ നടപടി വേണമെന്നും അനുപമ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.