'ഞങ്ങൾ കുഞ്ഞിനെ കണ്ടു, മോനെ വിട്ടുപോരുന്നതിൽ സങ്കടം'; കണ്ണുനിറഞ്ഞ് അനുപമ
text_fieldsതിരുവനന്തപുരം: കുന്നുകുഴിയിലെ നിർമല ശിശു ഭവനിലെത്തി കുഞ്ഞിനെ കണ്ട അനുപമ മാധ്യമങ്ങളോട് പ്രതികരിച്ചത് കണ്ണുനിറഞ്ഞും ശബ്ദമിടറിയും. തന്‍റെ കുഞ്ഞിനെ കാണാൻ പറ്റിയതിൽ സന്തോഷമുണ്ടെന്നും എന്നാൽ മോനെ വിട്ടുപോരുന്നതിൽ സങ്കടമുണ്ടെന്നും അനുപമ പറഞ്ഞു.
ഞങ്ങൾ കാണുമ്പോൾ കുഞ്ഞ് ഉറങ്ങാൻ പോവുകയായിരുന്നു. കണ്ട ശേഷം പുറത്തിറങ്ങിയപ്പോഴേക്കും അവൻ ഉറങ്ങി. കുഞ്ഞിനെ ശിശുഭവൻ അധികൃതർ നല്ല രീതിയിൽ പരിപാലിക്കുന്നുണ്ടെന്നും അനുപമ പറഞ്ഞു.
കുഞ്ഞിനെ കണ്ടിട്ട് ഒരു വർഷത്തിലധികമായി. അവനെ കൈയ്യിൽ കിട്ടുന്ന നിമിഷം മാത്രമാണ് മനസിലുള്ളത്. അതിനായി കാത്തിരിക്കുകയാണ്. കുഞ്ഞിനെ എത്രയും വേഗം കിട്ടുമെന്നാണ് പ്രതീക്ഷ. കാലതാമസമില്ലാതെ തിരികെ നൽകണമെന്നാണ് അഭ്യർഥനയെന്നും അനുപമ പറഞ്ഞു.
കേസ് നേരത്തെ പരിഗണിക്കാനായി കുടുംബ കോടതിയിൽ പ്രത്യേക അപേക്ഷ നൽകുമെന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി അധികൃതർ അറിയിച്ചിട്ടുണ്ടെന്നും അനുപമ വ്യക്തമാക്കി.
ഡി.എൻ.എ ഫലത്തിൽ സന്തോഷമുണ്ടെന്ന് അജിത് കുമാർ പറഞ്ഞു. കുഞ്ഞിനെ കണ്ടെത്തുന്നതിനായി നിരവധി ഒാഫീസുകളെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ലെന്നും അജിത് മാധ്യമങ്ങളോട് പറഞ്ഞു.
പ്രസവിച്ച് മൂന്നാംനാൾ മാറ്റപ്പെട്ട കുഞ്ഞിനെ ഒരു വർഷത്തിന് ശേഷമാണ് അനുപമ കാണുന്നത്. ഡി.എൻ.എ ഫലം പോസിറ്റീവായതിന് പിന്നാലെയാണ് കുഞ്ഞിനെ കാണാൻ അനുപമക്ക് ചൈൽഡ് വെൽഫെയർ കമ്മിറ്റി അനുമതി നൽകിയത്. ഇതിന് പിന്നാലെയാണ് ശിശു ഭവനിലെത്തി കുഞ്ഞിനെ അനുപമയും ഭർത്താവ് അജിത് കുമാറും കണ്ടത്.
ആന്ധ്രാ സ്വദേശികൾക്ക് ദത്ത് നൽകിയ കുഞ്ഞ് പേരൂർക്കട സ്വദേശി അനുപമയുടേതാണെന്ന് സ്ഥിരീകരിക്കുന്ന ഡി.എൻ.എ പരിശോധനാ ഫലം ഇന്നാണ് പുറത്തുവന്നത്. തിരുവനന്തപുരം രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ബയോടെക്നോളജി പുറത്തുവിട്ട കുഞ്ഞ്, അനുപമ, ഭർത്താവ് അജിത്കുമാർ എന്നിവരുടെ ഡി.എൻ.എ ഫലം പോസിറ്റീവ് ആണ്.
കുടുംബ കോടതി നിർദേശ പ്രകാരം നവംബർ 21നാണ് ആന്ധ്ര ദമ്പതികൾക്ക് ദത്ത് നൽകിയ കുഞ്ഞിനെ പ്രത്യേകസംഘം വിമാനമാർഗം കേരളത്തിലെത്തിച്ചത്. ഇന്നലെയാണ് ഡി.എൻ.എ പരിശോധനക്കായി കുഞ്ഞ്, അനുപമ, ഭർത്താവ് അജിത്കുമാർ എന്നിവരുടെ സാമ്പിളുകൾ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ബയോടെക്നോളജി ശേഖരിച്ചത്.
ഒക്ടോബർ 14നാണ് താനറിയാതെ കുഞ്ഞിനെ മാതാപിതാക്കൾ ചേർന്ന് ദത്ത് നൽകിയെന്ന ആരോപണവുമായി പേരൂർക്കട സ്വദേശി അനുപമ രംഗത്തെത്തിയത്.