Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅനുപമ ദത്ത്​ വിവാദം:...

അനുപമ ദത്ത്​ വിവാദം: ഡി.എൻ.എ പരിശോധനയെ കുറിച്ച്​ അറിയേണ്ടതെല്ലാം

text_fields
bookmark_border
അനുപമ ദത്ത്​ വിവാദം: ഡി.എൻ.എ പരിശോധനയെ കുറിച്ച്​ അറിയേണ്ടതെല്ലാം
cancel
camera_alt

അനുപമയും പങ്കാളിയും

പിതൃത്വ പരിശോധനയുമായി ബന്ധപ്പെട്ട വിവാദങ്ങൾ കേരളത്തിൽ പുത്തരിയല്ല. അതിൽ ഏറ്റവും അവസാനത്തെ കണ്ണിയാണ്​ തിരുവനന്തപുരത്തെ അനുപമ എന്ന യുവതിയുടെ കുഞ്ഞ്​. ​വിവാഹം കഴിക്കുന്നതിന്​ മുമ്പ്​ കുഞ്ഞ്​ ഉണ്ടായതിനെ തുടർന്ന്​ സി.പി.എം പ്രാദേശിക നേതാവ്​ കൂടിയായ അനുപമയുടെ അച്ഛനാണ്​ അവരുടെ കുഞ്ഞിനെ മാതാവിൽനിന്ന്​ അടർത്തി മാറ്റി ശിശു ക്ഷേമ സമിതിയെ ഏൽപിച്ചത്​. സംഭവം ഇപ്പോൾ കേരളത്തിൽ ഏറെ വിവാദം സൃഷ്​ടിച്ചിരിക്കുകയാണല്ലോ. ഒടുവിൽ ഇതര സംസ്​ഥാനത്തെ അധ്യാപക ദമ്പതികൾക്ക്​ ദത്ത്​ നൽകിയ കുട്ടിയെ കേരളത്തിലെത്തിച്ച്​ ഡി.എൻ.എ പരിശോധന ഫലം കാത്തിരിക്കുകയാണ്​.

ചൈൽഡ്​ വെൽഫെയർ കമ്മിറ്റിയുടെയും കുടുംബ കോടതിയുടെയും നിർദേശ പ്രകാരമാണ്​ ഡി.എൻ.എ പരിശോധന നടത്തുന്നത്​. അനുപമ, പങ്കാളി അജിത്ത്​, കുഞ്ഞ്​ എന്നിവരുടെ ഡി.എൻ.എ സാമ്പിളുകൾ കഴിഞ്ഞ ദിവസം ശേഖരിച്ചിരുന്നു. ഇതിന്‍റെ ഫലം മണിക്കൂറുകൾക്കകം ലഭിക്കും. ഇതിന്​ മുമ്പ്​ കേരളം ഏറ്റവും കൂടുതൽ ചർച്ച ചെയ്​തത്​ സി.പി.എം സംസ്​ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്​ണന്‍റെ മകനുമായി ബന്ധപ്പെട്ട ഡി.എൻ.എ പരിശോധന ഫലമായിരുന്നു. കോടിയേരിയുടെ മകനുമായി ബന്ധമുണ്ടെന്നും അതിൽ ഒരു ആൺകുട്ടിയുണ്ടെന്നും പറഞ്ഞ്​ ഇതര സംസ്​ഥാന യുവതി രംഗത്തുവന്നിരുന്നു.

ഇത്​ കേരളത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ടു. കോടതി ഉത്തരവിനെ തുടർന്ന്​ നടത്തിയ ഡി.എൻ.എ പരിശോധനയുടെ ഫലം രണ്ട്​ വർഷമായിട്ടും പുറത്തുവന്നിട്ടില്ല. അനുപമ വിഷയം ഏറെ ചർച്ചയാകുന്ന അവസരത്തിൽ ഇനി ഏറെ നിർണായകമാകുക ഡി.എൻ.എ പരിശോധന ഫലമാണ്​. ഡി.എൻ.എ സംബന്ധിച്ച സമ്പൂർണ വിവരങ്ങൾ ഇവിടെ അറിയാം.



എന്താണ്​ ഡി.എൻ.എ?

ശാസ്ത്രീയ കുറ്റാന്വേഷണത്തിന്‍റെ നൂതന സാങ്കേതികവിദ്യയാണ്​ ഡി.എന്‍.എ പരിശോധന. കുറ്റവാളികളെ കണ്ടെത്താനും പിതൃത്വപരിശോധനക്കും ലോകമാകെ ഈ സാങ്കേതികവിദ്യ ഉപയോഗിച്ചുവരുന്നു. വ്യാപകമായി പ്രയോഗത്തിലുണ്ടെങ്കിലും ഈ പരിശോധനയുടെ സാങ്കേതികവശമെന്താണെന്നു നമ്മിൽ പലര്‍ക്കുമറിയില്ല. അതിനെ സംബന്ധിച്ച്​ വിശദമായി ഇവിടെ പറയാം.

ഡി.എന്‍.എ പരിശോധനയെന്താണെന്ന് അറിയുന്നതിനു മുമ്പ്​ ഡി.എന്‍.എയെക്കുറിച്ചുള്ള പ്രാഥമികവിവരങ്ങള്‍ അറിയുന്നത്​ നല്ലതാണ്. മനുഷ്യശരീരത്തിലെ ഓരോ കോശത്തിലും ജീനുകള്‍ അടങ്ങിയ 46 ക്രോമസോമുകളുണ്ടാകും. ഇവയില്‍ 23 എണ്ണം പിതാവില്‍നിന്നും 23 എണ്ണം മാതാവില്‍നിന്നും ലഭിക്കുന്നവയാണ്. ക്രോമസോമുകളുടെ അടിസ്ഥാനം ഡി.എന്‍.എ അഥവാ ഡീ ഓക്‌സി റൈബോ ന്യൂക്ലിക് ആസിഡാണ്. ഒരു കോശത്തിലെ ഡി.എന്‍.എയിലെ ജീനുകള്‍ പ്രസ്തുതകോശത്തിലെ പ്രവര്‍ത്തനത്തിനാവശ്യമായ തോതില്‍ പ്രോട്ടീനുകള്‍ നിര്‍മിക്കാന്‍ നിര്‍ദേശം നല്‍കുന്നു.

ഡി.എന്‍.എ തന്മാത്രകള്‍ ദൈര്‍ഘ്യമേറിയ പോളിമര്‍ രൂപത്തിലുള്ളവയാണ്. ഇവയെല്ലാം ഡീ ഓക്‌സി റൈബോ ന്യൂക്ലിയോറ്റൈഡുകളുടെ ആവര്‍ത്തിക്കപ്പെടുന്ന ഏകകങ്ങള്‍കൊണ്ടാണു നിര്‍മിക്കപ്പെടുന്നത്. ഓരോ ഏകകവും ഒരു ഷുഗര്‍ അഥവാ 2 ഡീഓക്‌സി റൈബോസ്, ഫോസ്‌ഫേറ്റ്, പ്യൂരിന്‍ അഥവാ പിരമിഡിന്‍ ബേസ് എന്നിവയെ ഉള്‍ക്കൊള്ളുന്നവയാണ്.

ഡീ ഓക്‌സി റൈബോ ന്യൂക്ലിയോറ്റൈഡുകള്‍ ഫോസ്‌ഫേറ്റ് ഗ്രൂപ്പുകള്‍കൊണ്ടു പരസ്പരം ബന്ധിപ്പിച്ചിരിക്കുന്നു. ഇടവിട്ടുള്ള ഷുഗര്‍ ഫോസ്‌ഫേറ്റ് അവശേഷങ്ങളാണു പ്രസ്തുത തന്മാത്രയുടെ നട്ടെല്ലായി നിലകൊള്ളുന്നത്. പിരമിഡിന്‍ ബേസുകള്‍ ഈ നട്ടെല്ലിനോടു ബന്ധിപ്പിച്ചിരിക്കുന്നതു ഡീ ഓക്‌സി റൈബോ ന്യൂക്ലിയോറ്റൈഡുകള്‍കൊണ്ടാണ്. പിരമിഡിന്‍ ബേസുകളുടെ അനുക്രമമാണ് ഓരോ ഡി.എന്‍.എയ്ക്കും ഓരോ വ്യക്തിത്വം സമ്മാനിക്കുന്നതെന്നു പറയാം.

ഡി.എന്‍.എയിലെ വിവരങ്ങള്‍ ന്യൂക്ലിയോറ്റൈഡ് ക്രമാവര്‍ത്തിരൂപത്തിലാണു പകര്‍ത്തിവച്ചിട്ടുള്ളത്. നിരവധി ന്യൂക്ലിയോറ്റൈഡ് തന്മാത്രകള്‍കൊണ്ടാണു ഡി.എന്‍.എ നിര്‍മിച്ചിട്ടുള്ളത്. ഓരോ ന്യൂക്ലിയോറ്റൈഡിലും മൂന്നുതരം രാസ പദാര്‍ഥങ്ങള്‍ അടങ്ങിയിരിക്കും. അവ ഡീ ഓക്‌സി റൈബോയെന്ന പേരിലാണറിയപ്പെടുന്നത്. ഫോസ്‌ഫേറ്റ്, പഞ്ചസാര തന്മാത്രകള്‍, നൈട്രജന്‍ ബേസുകള്‍ തുടങ്ങിയവയാണവ.

നൈട്രജന്‍ ബേസുകള്‍ നാല്​ തരത്തിലുണ്ട്. അഡിനിന്‍, തെമി, ഗുവാനിന്‍, സൈറ്റോസിന്‍ തുടങ്ങിയവയാണവ. സാധാരണ രീതിയില്‍ ഒരു ന്യൂക്ലിയോറ്റൈഡില്‍ ഏതെങ്കിലുമൊരു നൈട്രജന്‍ ബേസ് മാത്രമേ കാണുകയുള്ളൂ. ഇവയുടെ ക്രമീകരണരീതിയും വ്യത്യാസമായിരിക്കും. നീളമുള്ള രണ്ടു തന്തുക്കള്‍ ചുറ്റിപ്പിണഞ്ഞു കിടക്കുന്ന പിരിയന്‍ഗോവണി രൂപത്തില്‍ ഡി.എന്‍.എ നിലകൊള്ളുന്നു. ഇവ നിര്‍മിച്ചിരിക്കുന്നതാകട്ടെ ഡീ ഓക്‌സി റൈബോസ് എന്ന പഞ്ചസാര തന്മാത്ര, ഫോസ്‌ഫേറ്റ് തന്മാത്ര എന്നിവ കൊണ്ടാണ്. ഈ ഗോവണിയുടെ പടികള്‍ നൈട്രജന്‍ ബേസുകള്‍ കൊണ്ടാണു നിര്‍മിച്ചിരിക്കുന്നത്. ഇവയെ തമ്മില്‍ ബന്ധിപ്പിച്ചിരിക്കുന്നതു ഹൈഡ്രജന്‍ ബോണ്ടുകള്‍ കൊണ്ടാണ്.

ഡി.എന്‍.എയുടെ രഹസ്യങ്ങള്‍ നിര്‍വചിക്കണമെങ്കില്‍ ന്യൂക്ലിയോറ്റൈഡ് ആവര്‍ത്തനത്തെ നിര്‍ധാരണം ചെയ്യാനാകണം. രഹസ്യമായ ജനിതകഭാഷയെ സാമാന്യഭാഷയിലേക്ക്​ നിര്‍വചിക്കണമെന്നു സാരം. ശാസ്ത്രസാങ്കേതികവിദ്യയുടെ വികാസം അനുദിനം സാധ്യമായിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് അവ എളുപ്പമാണെന്നു പറയേണ്ടതില്ലല്ലോ.

ഡി.എൻ.എ പരിശോധന എങ്ങനെ?

ആരംഭകാല പത്ത് ​െറസ്​ട്രിക്ഷൻ ഫ്രാഗ്​ശമന്‍റ്​ ലെങ്​ത്​ പോളി മോർഫിസം (RFLP) എന്ന സങ്കേതമുപയോഗിച്ചാണ് ഡി.എൻ.എ പരിശോധനകൾ നടത്തിയിരുന്നത്. ഇത് അത്രയൊന്നും കൃത്യമോ എളുപ്പമോ ആയിരുന്നില്ല. ഡി.എൻ.എ തന്തുക്കൾ നിശ്ചിത എൻസൈമുകൾ ഉപയോഗിച്ച്​ വിവിധ സ്ഥാനങ്ങളിലും നീളങ്ങളിലും മുറിച്ച് അവയിലെ ഓരോ അണുവിനും സാധാരണ പതിവിൽനിന്നുള്ള വ്യത്യാസം കണ്ടുപിടിക്കുന്നതായിരുന്നു ഈ രീതി. ഒരു മാസത്തോളമെങ്കിലും സമയമെടുക്കുന്ന ഈ പ്രക്രിയയുടെ അന്തിമഫലം കൃത്യമായിരിക്കണമെന്നില്ല. മാത്രമല്ല, പരിശോധനക്കുവേണ്ട സാമ്പിളുകൾ താരതമ്യേന വലുതുമായിരിക്കണം.

1980കളിലാണ് ഡി.എൻ.എ കൈയൊപ്പുകൾ കൂടുതൽ കൃത്യമായി നിർണ്ണയിക്കാനുതകുന്ന സാങ്കേതികവിദ്യകൾ ഉരുത്തിരിഞ്ഞത്​. ഇവയിൽ ഏറ്റവും പ്രധാനപ്പെട്ടവ PCR, STR, കമ്പ്യൂട്ടറുകൾ വഴിയുള്ള അപഗ്രഥനസൗകര്യം എന്നിവയാണ്. വളരെക്കുറച്ചുമാത്രം തെളിവുകൾ അവശേഷിക്കുന്ന ഒരു കുറ്റകൃത്യത്തിന്‍റെ അന്വേഷണത്തിന്​ ഡി.എൻ.എ അനാലിസിസ് എങ്ങനെ ഉപയോഗിക്കാം? ഉണങ്ങി വറ്റിപ്പോയ ഒരു തുള്ളി ഉമിനീർ, കുപ്പിയിൽ പറ്റിപ്പിടിച്ച ഒരു വിയർപ്പുപാട്, പരാക്രമത്തിൽ പിടിച്ചുപറിച്ച ഒരൊറ്റ നാര്​ മുടി, ധരിച്ചിരുന്ന അടിവസ്ത്രത്തിലെ ഒരു നനവുപാട് ഇതിൽ നിന്നൊക്കെ, മഹാകോടി വിവരങ്ങൾ അടങ്ങിയ ഒരു സാമ്പിൾ ശേഖരിക്കാനാവുമോ? അഥവാ ശേഖരിച്ചാൽ തന്നെ, അത്രയും ഭാരിച്ച ഒരു മഹാഭാഗവതത്തിൽനിന്ന് നമുക്കാവശ്യമുള്ള ഇത്തിരി വിവരം മാത്രം എങ്ങനെ അരിച്ചുവേർപ്പെടുത്തിയെടുക്കും?

ബ്രിട്ടീഷ് ഇന്ത്യയിൽ ജനിച്ച് അമേരിക്കയിലേക്കു കുടിയേറിയ പ്രൊഫ. ഹർ ഗോവിന്ദ് ഖുറാനയുടെ പഠനഗവേഷണങ്ങളാണ്​ ഡി.എൻ.എയുടെ അക്ഷരക്രമം ജനിതകസൂത്രങ്ങളുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നു വ്യക്തമാക്കിയത്​. അദ്ദേഹം തന്നെയാണ്​ പോളിമെറേസ് ചെയിൻ റിയാക്ഷൻ (PCR) എന്ന ഒരു സാങ്കേതികവിദ്യയെപ്പറ്റി ആദ്യം പ്രവചിച്ചതും. എന്നാൽ ഇതു ഫലത്തിൽ വരാൻ 1983 വരെ കാത്തിരിക്കേണ്ടിവന്നു. കാരി മുള്ളിസ് എന്ന മറ്റൊരു ശാസ്ത്രജ്ഞന്‍റെ ശാസ്ത്രഭാവനയിലാണ് PCR ഒരു പ്രായോഗിക സാദ്ധ്യതയായി ആദ്യമായി വിരിഞ്ഞുവന്നത്. വളരെക്കുറച്ച് കോശങ്ങളിലെ ഡി.എൻ.എ മാത്രമുപയോഗിച്ച് വളരെ കുറഞ്ഞ സമയം കൊണ്ട് ശതകോടി പകർപ്പുകളുണ്ടാക്കുന്ന രീതിയാണ് PCR. മാതൃകോശം നേരിയ തോതിൽ കൃത്യമായ താപനിലയിൽ ചൂടാക്കി അതിൽ നിന്നും ഡി.എൻ.എ തന്മാത്രകൾ വേർപെടുത്തുന്നു. തുടർന്നു് സ്വല്പം കൂടി താഴ്ന്ന ചൂടിലേക്കു കൊണ്ടുവരുന്നതോടെ, ഇരട്ടനാരുകളുടെ രൂപത്തിലുള്ള ഈ തന്മാത്രകൾ ഇഴപിരിഞ്ഞ് ഒറ്റനാരുകളാവുന്നു. ഒരു ബാഗിന്‍റെ സിബ് തുറന്നു രണ്ടു പാളികളാക്കിയതിനു സമാനമാണെന്നു പറയാം ഇത്​.

പോളിമെറേസ് ഉപയോഗിച്ചു നടത്തുന്ന അതിതീവ്ര-അതിദ്രുതശൃംഖലാരാസപ്രവർത്തനം (Polymerase Chain Reaction) എന്ന് ഈ പരിശോധനാസമ്പ്രദായത്തിനു പേരു വന്നു.

PCR ലൂടെ വൻതോതിൽ വർദ്ധിപ്പിച്ച ഡി.എൻ.എ സാമ്പിൾ കടത്തിവിടുമ്പോൾ ലഭിക്കുന്നത് പലയിടത്തുമായി വരകളും ഷെയ്ഡുകളുമുള്ള, ഏകദേശം പോസ്റ്റ് കാർഡിന്‍റെ വലിപ്പമുള്ള ഒരു ഷീറ്റ് ആണ്. ഈ ഷീറ്റിലെ പാറ്റേൺ, മുമ്പ് ഇതുപോലെത്തന്നെ തയ്യാർ ചെയ്തെടുത്ത മറ്റൊരു ഷീറ്റിലെ പാറ്റേണുമായി ഒറ്റയടിക്ക്​ തട്ടിച്ചുനോക്കാം. രണ്ടു പാറ്റേണുകളും ഒരുപോലെയിരിക്കുന്നുണ്ടെങ്കിൽ അവയുടെ മൂലകാരണമായ ഡി.എൻ.എയും ഒന്നുതന്നെ എന്നനുമാനിക്കാം. ആ ഡി.എൻ.എയുടെ സ്രോതസ്സായ കുറ്റവാളിയേയും (അല്ലെങ്കിൽ ഇരയേയും) ഇങ്ങനെ പരിഗണനാലിസ്റ്റിൽ ഉൾപ്പെടുത്താം.

മനുഷ്യജിനോമിന്‍റെ ഏറെക്കുറെ സമ്പൂർണ്ണമായ ഒരു സ്റ്റാൻഡേർഡ് ഫലകം ഇതിനകം കണ്ടുപിടിക്കപ്പെട്ടുകഴിഞ്ഞിട്ടുണ്ട്​. ഭൂമിയിലെ ഓരോ വ്യക്തികളും തമ്മിലുള്ള ഡി.എൻ.എ ഘടനകളിലെ വ്യത്യാസങ്ങൾ മൊത്തം ഒരു ശതമാനത്തിൽ താഴെയേ വരൂ. ബാക്കി 99% ഘടനയും എല്ലാർക്കും ഒരുപോലെയാണ്. അതിനാൽ, ഒരാളെ വേറിട്ടു തിരിച്ചറിയേണ്ടി വരുമ്പോൾ ആ ഒരു ശതമാനം മാത്രം കൂടുതൽ തെളിമയോടെ പരിശോധിക്കുന്നതാണ്​ നല്ലത്​. ഇതിനുപയോഗിക്കുന്ന ഒരു മാർഗ്ഗമാണ്​ ഷോട്ട്​ ടൻഡെം റിപ്പീറ്റ്​സ്​ (STR). പരമാവധി ഡി.എൻ.എ പാറ്റേണുകൾ ശേഖരിച്ചുവെച്ചിട്ടുള്ള ഒരു ജിനോം ഡാറ്റാബേസുമായി സാമ്പിൾ ഡി.എൻ.എ യിലെ ഏറ്റവും പ്രത്യേകതകൾ കാണപ്പെടുന്ന 13 ജനിതകസ്ഥാനങ്ങൾ ഒത്തുനോക്കുന്നതാണ്​ ഈ രീതിയിൽ ചെയ്യുന്നത്​.

ക്രോമസോം മാത്രം പരിശോധിച്ചാൽ കുറ്റവാളി അല്ലെങ്കിൽ ഇര പുരുഷനോ സ്ത്രീയോ എന്നു തിരിച്ചറിയാനാകും. ഒരു കുറ്റത്തിൽ ഒന്നിലധികം പുരുഷന്മാർ ഇടപെട്ടിട്ടുണ്ടെങ്കിലോ സംശയിക്കപ്പെടുന്നവരിൽനിന്നും സ്ത്രീകളേയോ പുരുഷന്മാരെയോ വേർതിരിച്ചറിയണമെങ്കിലോ Y-ക്രോമസോം ടെസ്റ്റ് സഹായിക്കും. ആധുനികകാലത്തെ ഏറ്റവും മികച്ച കുറ്റാന്വേഷണ സങ്കേതങ്ങളിലൊന്നാണ് ഇത്തരം ഡി.എൻ.എ പരിശോധന. ഒന്നോ രണ്ടോ ദിവസങ്ങൾ കൊണ്ട്​ ഫലം ലഭിക്കാവുന്ന പുതിയ രീതികൾ ഒരു മാസം വരെ സമയമെടുത്തിരുന്ന പഴയ കാലത്തേക്കാൾ വളരെ മെച്ചപ്പെട്ടിട്ടുണ്ട്​.

ഡി.എന്‍.എ വേര്‍തിരിക്കാം

നമ്മുടെ ശരീരത്തിലെ ഏതു കോശത്തില്‍നിന്നും ഡി.എന്‍.എ വേര്‍തിരിച്ചെടുക്കാം. രക്തം, വായിലെ ശ്ലേഷ്മസ്തരം, ശുക്ലം, തലമുടി, അസ്ഥി എന്നിവയില്‍നിന്നാണു സാധാരണയായി വേര്‍തിരിച്ചെടുക്കുന്നത്. കോശത്തിലെ കേന്ദ്രബിന്ദുവില്‍നിന്നു വേര്‍തിരിച്ചെടുക്കുന്ന ഡി.എന്‍.എ സാമ്പിളുകള്‍ നിരവധി മാര്‍ഗങ്ങളുപയോഗിച്ച് അപഗ്രഥനം ചെയ്യാം. ഉണങ്ങിയ ചർമ്മകോശങ്ങൾ, മാംസം, ഉമിനീർ, രക്തം, യോനീദ്രവങ്ങൾ, കഫം, കൺപീള, മലം, മൂത്രം, വിയർപ്പ് തുടങ്ങി ഏതു ജൈവപദാർത്ഥവും ഡി.എന്‍.എ സ്രോതസ്സായി ഉപയോഗിക്കാം. മരണം നടന്ന്​ വളരെ നാളുകൾ കഴിഞ്ഞായാൽ പോലും പല്ല്, അസ്ഥി, മുടി, രോമങ്ങൾ, നഖങ്ങൾ തുടങ്ങിയവ ഡി.എന്‍.എ സ്രോതസ്സായി അവശേഷിക്കും.

കുറ്റമറ്റരീതിയില്‍ സാമ്പിളുകള്‍ ശേഖരിച്ചാല്‍ മാത്രമേ ഡി.എന്‍.എ അപഗ്രഥനരീതി പൂര്‍ണമായും വിജയിക്കുകയുള്ളൂ. രക്തമാണു ശേഖരിക്കുന്നതെങ്കില്‍ ഹെപ്പാരിനോ ഇ.ഡി.റ്റി.എയോ ചേര്‍ത്തു രക്തം നന്നായി സംരക്ഷിക്കണം. രക്ത, ഉമിനീര്‍ക്കറകള്‍ വസ്ത്രങ്ങളിലോ മറ്റോ ആണെങ്കില്‍ അവ നന്നായി ഉണക്കിയശേഷം ശേഖരിക്കണം.

പരിശോധന രീതി

കൊല്ലപ്പെട്ടയാളി​േന്‍റത്, സംഭവസ്ഥലത്തുനിന്നു ലഭിച്ചവ, കുറ്റവാളിയെന്നു സംശയിക്കുന്നയാളുടേത് എന്നിങ്ങനെയുള്ള ഡി.എന്‍.എ സാമ്പിളുകള്‍ ഒരേസമയം വിശകലനത്തിനു വിധേയമാക്കി സാമ്യമുള്ളവ തിരിച്ചറിഞ്ഞാണ്​ കുറ്റവാളിയെ കണ്ടെത്തുന്നത്. ഓരോ മനുഷ്യന്‍റെയും ഡി.എന്‍.എ ഘടന വ്യത്യസ്ഥമാണെന്നതാണ് ഈ പരിശോധനയുടെ അടിസ്ഥാനമെന്നു പറയാം.

അപഗ്രഥന രീതികള്‍

വേര്‍തിരിച്ചെടുത്ത ഡി.എന്‍.എയെ പോളിമറൈസ് ചെയിന്‍ റിയാക്ഷന്‍, വേര്യബിള്‍ നമ്പര്‍ ടാന്‍ഡം റിപീറ്റ്‌സ് അനാലിസിസ്, ആംപ്ലിഫൈഡ് ഫ്രാഗ്മെന്‍റ്​ ലെങ്ത് പോളിമോര്‍ഫിസം, റിവേഴ്‌സ് ഡോട്ട് ബ്ലോട്ട് അനാലിസിസ് തുടങ്ങിയ മാര്‍ഗങ്ങളുപയോഗിച്ചാണ് അപഗ്രഥനംനടത്തുന്നത്.

ഉറപ്പായും തെളിയിക്കേണ്ടുന്ന ഒരു ഡി.എൻ.എ പരിശോധനക്ക്​ ഒന്നിലധികം വ്യത്യസ്ത സ്രോതസ്സുകൾ ഉണ്ടായിരിക്കണമെന്നാണ് പൊതുവേയുള്ള നിയമവ്യവസ്ഥ. വിദൂരസാദ്ധ്യതയെങ്കിലുമുള്ള എല്ലാ പ്രതികളേയും (സംശയിക്കപ്പെടുന്നവരേയും) ഡി.എൻ.എ മാച്ചിങ്ങിനു വിധേയമാക്കുക പതിവാണ്. ഇതിനുശേഷം ലഭിക്കുന്ന ഫലങ്ങളിൽ നിന്ന് ഇവരെ പൊരുത്തപ്പെടുന്നവർ, പൊരുത്തപ്പെടാൻ സാദ്ധ്യതയുള്ളവർ, പൊരുത്തപ്പെടാൻ സാദ്ധ്യതയില്ലാത്തവർ, പൊരുത്തപ്പെടാത്തവർ എന്നിങ്ങനെ വിവിധ പട്ടികകളാക്കി തിരിക്കുന്നു. ഈ പട്ടികകളിൽനിന്നും അന്തിമമായി ഒരു വ്യക്തിയെ വേർതിരിച്ചെടുക്കാൻ അയാളുടെ വംശീയപ്രത്യേകതകളും ആ വംശത്തിന്‍റെ പൊതുവായ സ്വഭാവം ഉൾക്കൊള്ളുന്ന ഡി.എൻ.എ ഡാറ്റാബേസുകളും സ്ഥിതിവിവരശാസ്ത്രസങ്കേതങ്ങളും ഉപയോഗിച്ചെന്നു വരാം. വിചാരണ വേളയിൽ, കുറ്റവാളിയുടെ പങ്ക് കൂടുതൽ ഉറപ്പാക്കുന്ന മറ്റു തെളിവുകൾക്കൊപ്പം ഡി.എൻ.എയും ഒരു മുഖ്യതെളിവായോ പിന്തുണത്തെളിവായോ പരിഗണിക്കപ്പെടുന്നു.

കടപ്പാട്​: https://luca.co.in

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DNA testingAnupama controversy
News Summary - Anupama controversy: Everything you need to know about DNA testing
Next Story