തിരുവനന്തപുരം: അമ്മയുടെ സമ്മതമില്ലാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജു ഖാനെ പിന്തുണച്ച് സി.പി.എം ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പൻ. ഷിജു ഖാന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ആനാവൂർ നാഗപ്പൻ പറഞ്ഞു.
നിയമപ്രകാരമാണ് ഷിജു ഖാൻ കാര്യങ്ങൾ ചെയ്തത്. അനുപമയുടെ പരാതി നിയമപരമായി തീർക്കേണ്ട വിഷയമാണ്. അല്ലാതെ പാർട്ടിയിൽ തീർക്കേണ്ട വിഷയമല്ല. ഷിജു ഖാനെതിരെ നടപടി ആലോചിച്ചിട്ടില്ലെന്നും ആനാവൂർ നാഗപ്പൻ വ്യക്തമാക്കി.
അമ്മതൊട്ടിലിൽ നിന്നാണ് കുഞ്ഞിനെ കിട്ടിയതെന്നാണ് തനിക്ക് ലഭിച്ച വിവരം. കുഞ്ഞിനെ കടത്തികൊണ്ടു പോയി എന്ന പറഞ്ഞ അനുപമ തന്നെ കുടുംബ കോടതിയിൽ അച്ഛന്‍റെ കൈയിൽ കൊടുത്തുവിട്ടൂവെന്നാണ് പറഞ്ഞത്.
കുഞ്ഞിന്‍റെ ഫോട്ടോ അടക്കം രണ്ട് തവണ പത്ര പരസ്യം കൊടുത്തിരുന്നു. ആരും എതിർപ്പ് അറിയിച്ചിട്ടില്ല. പരാതി നൽകാൻ അനുപമയോ അജിത്തോ തയാറാകേണ്ടതായിരുന്നു. വീട്ടിൽ പൂട്ടിയിട്ടെന്നാണ് അനുപമ പറയുന്നത്. അജിത്തിനെ ആരും പൂട്ടിയിട്ടിരുന്നില്ല. കുഞ്ഞിന്‍റെ കാര്യം ചൂണ്ടിക്കാട്ടി അജിത്തിന് പരാതി നൽകാമായിരുന്നു.
കുഞ്ഞിനെ ദത്ത് കൊടുത്ത സംഭവത്തിൽ സി.പി.എം ജില്ലാ കമ്മിറ്റിക്ക് അനുപമ പരാതി നൽകിയിട്ടില്ല. കുട്ടിയുടെ പിതാവ് അജിത്തും പരാതിയുമായി എത്തിയില്ല. അനുപമയുടെ പരാതി ലഭിച്ചപ്പോൾ തന്നെ പൊലീസ് എഫ്.ഐ.ആർ എടുക്കണമായിരുന്നു. കുഞ്ഞിനെ കുടുംബത്തിന് തിരികെ കിട്ടണമെന്നും ആനാവൂർ നാഗപ്പൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.