തിരുവനന്തപുരം: കുഞ്ഞിനെ മാതാവിൽ നിന്ന് വേർപ്പെടുത്തി സി.പി.എം നേതാവായ അച്ഛനും മാതാവും ചേർന്ന് ദത്ത് നൽകിയ സംഭവത്തിൽ കേസെടുക്കാൻ വൈകിയ പൊലീസിനെതിരെ നടപടി വേണമെന്ന ആവശ്യവുമായി കുടുംബം. കുഞ്ഞിന്‍റെ മാതാപിതാക്കളായ അനുപമയും അജിത്തുമാണ് ഇക്കാര്യം ആവശ്യപ്പെട്ട് രംഗത്തുവന്നത്.
പൊലീസിലും വനിതാ കമീഷനിലും പ്രതീക്ഷയില്ലെന്ന് അനുപമ പറഞ്ഞു. ചൈൽഡ് വെൽഫെയർ കമ്മിറ്റിയിൽ നിന്നും ശിശുക്ഷേമ സമിതിയിൽ നിന്നും നീതി ലഭിച്ചിട്ടില്ല. ഒരു സ്റ്റേഷന്‍റെ പരിധിയിൽ നിന്ന് കുഞ്ഞിനെ കാണാതെ പോയാൽ ആറു മാസം കഴിഞ്ഞേ കേസെടുക്കൂവെന്നാണ് പൊലീസ് പറഞ്ഞത്.
ആവശ്യപ്പെട്ട രേഖകൾ ലഭിച്ചാലുടൻ ഹൈകോടതിയെ സമീപിക്കും. ആരോഗ്യ മന്ത്രിയുടെ നിലപാടിൽ സന്തോഷമുണ്ട്. ഇന്ന് നടത്താനിരിക്കുന്ന നിരാഹാരം നീട്ടേണ്ടി വരില്ലെന്നാണ് പ്രതീക്ഷ. ബന്ധപ്പെട്ടവരിൽ നിന്ന് നടപടി സ്വീകരിക്കാമെന്ന ഉറപ്പ് ലഭിക്കണമെന്നും അനുപമ മാധ്യമങ്ങളോട് പറഞ്ഞു.
നഷ്ടപ്പെട്ട കുഞ്ഞിനെ തിരികെ ലഭിക്കാൻ ഇന്ന് മുതൽ നിരാഹാരം കിടക്കുമെന്ന് അനുപമ ചാനൽ ചർച്ചയിൽ വ്യക്തമാക്കിയിരുന്നു. സെക്രേട്ടറിയറ്റിനു മുന്നിൽ നിരാഹാരം അനുഷ്ഠിക്കാനാണ് തീരുമാനം.