തിരുവനന്തപുരം: മാതാവ് അറിയാതെ ദത്ത് നല്കിയ സംഭവത്തില്‍ ആന്ധ്ര ദമ്പതികൾ ശിശുക്ഷേമസമിതി ഉദ്യോഗസ്ഥർക്ക് കൈമാറിയ കുഞ്ഞിനെ ഇന്ന് തിരുവനന്തപുരത്ത് എത്തിക്കും. നാലംഗ ഉദ്യോഗസ്ഥസംഘം ഇന്നലെ ആന്ധ്രയിലെത്തി ദമ്പതികളിൽ നിന്ന് കുഞ്ഞിനെ ഏറ്റുവാങ്ങിയിരുന്നു.
കുഞ്ഞ് എത്തിക്കഴിഞ്ഞാൽ വൈകാതെ അനുപമയുടെയും അജിത്തിന്റെ യും കുഞ്ഞിന്റെയും ഡി.എൻ.എ പരിശോധനക്കായി സാമ്പിള്‍ ശേഖരിക്കും. രണ്ട് ദിവസത്തിനകം ഡി.എൻ.എ പരിശോധന നടത്തുന്ന രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഫോര്‍ ബയോടെക്നോളജിയില്‍നിന്ന് ഫലവും വരും. ഫലം പോസിറ്റിവായാല്‍ ചൈല്‍ഡ് വെൽഫെയര്‍ കമ്മിറ്റി കുഞ്ഞിനെ വിട്ടുകൊടുക്കുന്ന നടപടിയിലേക്ക് കടക്കും. ഇൗ പരിശോധനഫലം കുടുംബകോടതിയെ അറിയിക്കുന്നതുൾപ്പെടെ തുടർനടപടികൾ സ്വീകരിക്കും.
കുട്ടിയെ തിരിച്ചുകൊണ്ടുവരാന്‍ ശിശുക്ഷേമസമിതിയെതന്നെ ചുമതലപ്പെടുത്തിയതില്‍ ഉത്കണ്ഠയുണ്ടെന്ന് അനുപമ ബാലാവകാശ കമീഷനും വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ക്കും പരാതി നല്‍കിയിരുന്നു. കുഞ്ഞിനെ കാണാൻ സാധിക്കുമെന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് അവർ മാധ്യമങ്ങളോട് പ്രതികരിച്ചു.
ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ (സി.ഡബ്ല്യു.സി) നിർദേശാനുസരണം ശിശുക്ഷേമസമിതിയുടെ നേതൃത്വത്തിലാണ് കുട്ടിയെ നാട്ടിലെത്തിക്കാനുള്ള നടപടി സ്വീകരിച്ചത്. അതീവ രഹസ്യമായാണ് ഒാേരാ നീക്കവും. ശനിയാഴ്ച രാവിലെ 6.10 നുള്ള സ്വകാര്യ വിമാനത്തിലാണ് സംഘം തിരുവനന്തപുരം വിമാനത്താവളത്തിൽനിന്ന് തിരിച്ചത്.
പുലർച്ച 4.15 ഓടെയാണ് മൂന്നംഗ പൊലീസ് സംഘം വിമാനത്താവളത്തില്‍ എത്തിയത്. പിന്നാലെ ശിശുക്ഷേമ സമിതിയിലെ ജീവനക്കാരിയുമെത്തി. ഔദ്യോഗിക വാഹനം ഉപേക്ഷിച്ച് സ്വകാര്യ വാഹനത്തിലായിരുന്നു നാലുപേരും എത്തിയത്. തിരിച്ചറിയാതിരിക്കാന്‍ നാലുപേരും വെവ്വേറെയായാണ് ടിക്കറ്റെടുത്ത്.
കേരളത്തില്‍നിന്ന് ഉദ്യോഗസ്ഥ സംഘമെത്തുന്ന വിവരം നേരത്തേ ആന്ധ്രയിലെ ദമ്പതികളെ അറിയിച്ചിരുന്നു. കുഞ്ഞിനെ തിരുവനന്തപുരത്ത് എത്തിച്ചാൽ ജില്ല ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസര്‍ക്കാണ് സംരക്ഷണ ചുമതല.