തിരുവനന്തപുരം: കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി ദത്ത് നൽകിയ സംഭവത്തില്‍ അനുപമയും അജിത്തും സമരത്തിലേക്ക്. ശിശുക്ഷേമ സമിതി ഓഫീസിന് മുന്നിൽ ഇന്നുമുതല്‍ അനിശ്ചിതകാല രാപ്പകൽ സമരം നടത്തും.
ചൈൽഡ് വെൽഫയർ കമ്മിറ്റി ചെയർപേഴ്സൺ അഡ്വ. എൻ സുനന്ദയേയും ശിശുക്ഷേമ ജനറൽ സെക്രട്ടറി ഷിജുഖാനെയും പുറത്താക്കണമെന്നാണ് ആവശ്യം.ഇരുവരും ചേർന്നാണ് തന്‍റെ കുഞ്ഞിനെ ദത്ത് നൽകിയതെന്ന് അനുപമ ആരോപിക്കുന്നു. ഇവർ രണ്ടുപേരും അധികാര സ്ഥാനത്ത് തുടരുന്നത് തെളിവ് നശിപ്പിക്കാനാണെന്നും അനുപമ ആരോപിക്കുന്നു.
ഇരുവരെയും മാറ്റി നിർത്തി അന്വേഷിക്കണമെന്ന് മന്ത്രി വീണാ ജോർജിനെ നേരിട്ട് കണ്ട് അനുപമ ആവശ്യപ്പെട്ടിരുന്നു. എന്നാൽ നടപടിയൊന്നും എടുക്കാത്ത സാഹചര്യത്തിലാണ് ശിശുക്ഷേമ സമിതിയ്ക്ക് മുന്നിലെ സമരം.
കുഞ്ഞിനെ ആന്ധ്ര ദമ്പതികളിൽ നിന്ന് ഏറ്റെടുത്ത് കേരള സർക്കാർ സംരക്ഷണയിലാക്കണമെന്നും അനുപമ ആവശ്യപ്പെടുന്നു. ഇന്നലെ അനുപമ ഡി.ജി.പിക്കും ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്കും പരാതി നല്‍കിയിരുന്നു.
കുഞ്ഞിനെ രാജ്യത്തിന് പുറത്തേക്ക് നാടുകടത്തുമോയെന്ന് ആശങ്കയുണ്ട്. കുഞ്ഞിന്‍റെ ജീവന്‍ അപായപ്പെടുത്തിയേക്കുമെന്നും സംശയമുണ്ട്. കുഞ്ഞിന് എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദി ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയായിരിക്കുമെന്നും അനുപമയുടെ പരാതിയിൽ ഉണ്ട്.