അനുമോളുടെ കൊലപാതകം: ഭർത്താവ് വിജേഷിനെ തമിഴ്‌നാട് വനാതിർത്തിയിൽനിന്നു പിടികൂടി
text_fieldsവിജേഷ്, അനുമോൾ
ഇടുക്കി: കാഞ്ചിയാറിൽ അധ്യാപികയായ അനുമോളെ കൊലപ്പെടുത്തി കട്ടിലിനടിയിൽ ഒളിപ്പിച്ച കേസിൽഭർത്താവ് വിജേഷ് അറസ്റ്റിൽ. കുമളിയിലെ വനാതിർത്തിയിലുള്ള ഗേറ്റ് ബാറിന് സമീപത്തു നിന്നാണ് അന്വേഷണ സംഘം പ്രതിയെ പിടികൂടിയത്. ഇയാളുടെ മൊബൈൽ ഫോൺ കുമളി അട്ടപ്പള്ളത്തിനു സമീപം തമിഴ്‌നാട് അതിർത്തിയിലെ വനത്തിൽ നിന്നു പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. തുടർന്നു നടത്തിയ തിരച്ചിലിലാണ് ഇയാളെ പിടികൂടിയത്.
കഴിഞ്ഞ 21ന് വൈകിട്ടാണ് കാഞ്ചിയാർ സ്വദേശിനിയായ അധ്യാപിക അനുമോളെ (വത്സമ്മ) സ്വന്തം വീട്ടിലെ കിടപ്പുമുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. മുറിയിലെ കട്ടിലിനടിയിൽ പുതപ്പിൽ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം. ഇതിന് പിന്നാലെ ഭർത്താവ് ബിജേഷിനെ കാണാതാവുകയായിരുന്നു.
കാഞ്ചിയാർ പള്ളിക്കവലയിലുള്ള സ്വകാര്യ സ്‌കൂളിലെ അധ്യാപികയായിരുന്നു അനുമോൾ. മകൾ വീട്ടിൽനിന്ന് ഇറങ്ങിപ്പോയെന്ന് അനുമോളുടെ മാതാപിതാക്കളെ ഭർത്താവ് വിജേഷ് ഫോണിൽ വിളിച്ചറിയിക്കുകയായിരുന്നു. തുടർന്ന് കട്ടപ്പന പൊലീസിൽ മകളെ കാണാനില്ലെന്നു പരാതി നൽകി.
പിന്നീട് ഏകമകളെ വിജേഷ് വെങ്ങാലൂർക്കടയിലുള്ള തന്റെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയി. യുവതിയുടെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. എന്നാൽ തിങ്കളാഴ്ച ഈ ഫോണിലേക്കു വീട്ടുകാർ വിളിച്ചപ്പോൾ ബെല്ലടിക്കുകയും കട്ടാക്കുകയും ചെയ്തു. തുടർന്ന് അനുമോളുടെ മാതാപിതാക്കളും സഹോദരനും ചൊവ്വാഴ്ച വൈകിട്ട് ആറോടെ പേഴുംകണ്ടത്തെ വീട്ടിൽ എത്തി. വീട് പൂട്ടിയിരുന്നതിനാൽ തള്ളിത്തുറന്ന് അകത്തുകയറിയപ്പോൾ ദുർഗന്ധം അനുഭവപ്പെടുകയും പരിശോധനക്കിടെ കിടപ്പുമുറിയിലെ കട്ടിലിനടിയിൽ കമ്പിളിപുതപ്പ് മാറ്റിയപ്പോഴാണ് മൃതദേഹം കണ്ടത്.
കൊലപാതകത്തിന് ശേഷം ഭർത്താവ് ബിജേഷ് മൃതദേഹം വീട്ടിൽ നിന്ന് മാറ്റുന്നതിനായി സുഹൃത്തുക്കളോട് വാഹനം ആവശ്യപ്പെട്ടിരുന്നതായാണ് വിവരം. പിക്കപ്പ് ഡ്രൈവറായ ബിജേഷ് ഓട്ടം പോകുന്നതിനായി സുഹൃത്തുക്കളോട് വാഹനം ആവശ്യപ്പെടുകയായിരുന്നു. എന്നാൽ പല തവണയായി സാമ്പത്തിക ഇടപാടിൽ കൃത്യത ഇല്ലാത്തതിനാൽ ഇവർ ആരും വാഹനം നൽകാൻ തയ്യാറായില്ല. തുടർന്നാണ് മൃതദേഹം കട്ടിലിനടിയിൽ ഒളിപ്പിച്ച് കടന്നതെന്നാണ് പൊലീസ് കരുതുന്നത്.
പ്രതി തമിഴ്നാട്ടിലേക്ക് കടക്കാനുള്ള സാധ്യത കണക്കിലെടുത്ത് സംഘങ്ങളായി തിരിഞ്ഞാണ് പൊലീസ് അന്വേഷണം നടത്തിയിരുന്നത്. കട്ടപ്പന ഡി.വൈ.എസ്.പി യുടെ നേതൃത്വത്തിൽ 13 അംഗ സംഘമാണ് കേസ് അന്വേഷിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

