Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആന്റണിയുടേത്...

ആന്റണിയുടേത് വസ്തുതാവിരുദ്ധമായ വാദം; ജനക്ഷേമ പദ്ധതികളിൽ നിന്ന് പിന്മാറാനുള്ള മുൻകൂർ ജാമ്യമെന്ന് കെ.എൻ. ബാലഗോപാൽ

text_fields
bookmark_border
ആന്റണിയുടേത് വസ്തുതാവിരുദ്ധമായ വാദം; ജനക്ഷേമ പദ്ധതികളിൽ നിന്ന് പിന്മാറാനുള്ള മുൻകൂർ ജാമ്യമെന്ന് കെ.എൻ. ബാലഗോപാൽ
cancel

തിരുവനന്തപുരം: കേരളം പാപ്പരായ സംസ്ഥാനമാണെന്ന എ.കെ. ആന്റണിയുടെ പ്രസ്താവന അങ്ങേയറ്റം വസ്തുതാവിരുദ്ധവും കാര്യങ്ങൾ മനസ്സിലാക്കാതെയുള്ളതുമാണെന്ന് മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ. രണ്ടാം പിണറായി സർക്കാർ അധികാരമൊഴിയുമ്പോൾ 4000 കോടി രൂപ ഖജനാവിൽ നീക്കിയിരിപ്പുണ്ടായിരുന്നുവെന്നും ഏത് സാമ്പത്തിക വെല്ലുവിളിയും നേരിടാൻ പര്യാപ്തമായ ഖജനാവാണ് പുതിയ സർക്കാരിന് കൈമാറിയതെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധങ്ങൾക്കിടയിലും ശമ്പളമോ പെൻഷനോ ഒരു ദിവസം പോലും മുടങ്ങിയിട്ടില്ലെന്നും ക്ഷേമ പെൻഷനുകൾ കുടിശ്ശികയില്ലാതെയാണ് വിതരണം ചെയ്തതെന്നും പറഞ്ഞ അദ്ദേഹം, കെ.എസ്.ആർ.ടി.സിക്ക് പ്രതിമാസം 125 കോടി രൂപ നൽകി ശമ്പളവും പെൻഷനും ഒന്നാം തീയതി തന്നെ ഉറപ്പാക്കിയതും ചൂണ്ടിക്കാട്ടി.

20 ലക്ഷത്തിലധികം സ്ത്രീകൾക്കുള്ള ധനസഹായവും യുവാക്കൾക്കുള്ള സ്കോളർഷിപ്പുകളും മുടക്കമില്ലാതെ നൽകിയ സർക്കാർ അഞ്ച് വർഷം കൊണ്ട് സംസ്ഥാനത്തിന്റെ തനത് വരുമാനം 47,000 കോടിയിൽ നിന്ന് ഒരു ലക്ഷം കോടിയായി വർധിപ്പിക്കുകയും പൊതു കടം 39 ശതമാനത്തിൽ നിന്ന് 34 ശതമാനത്തിന് താഴെയായി കുറയ്ക്കുകയും ചെയ്തു. 16-ാം ധനകാര്യ കമീഷനിൽ നിന്ന് കേരളത്തിനുള്ള വിഹിതം 1.925 ശതമാനത്തിൽ നിന്ന് 2.382 ശതമാനമായി വർധിപ്പിക്കാൻ കഴിഞ്ഞതിലൂടെ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 50,000 കോടി രൂപ ഖജനാവിലേക്ക് അധികമായി എത്തുമെന്നും ഇതിന്റെ ഗുണഭോക്താക്കൾ പുതിയ യു.ഡി.എഫ് സർക്കാരാണെന്നും ബാലഗോപാൽ ഓർമ്മിപ്പിച്ചു. വാഗ്ദാനങ്ങൾ നടപ്പിലാക്കാൻ ബുദ്ധിമുട്ടാണെന്ന ആന്റണിയുടെ പ്രസ്താവന ജനങ്ങളെ കബളിപ്പിക്കാനും ക്ഷേമ പദ്ധതികളിൽ നിന്ന് പിൻവാങ്ങാനുമുള്ള മുൻകൂർ ജാമ്യമാണെന്നും അദ്ദേഹം പറഞ്ഞു.

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണ്ണ രൂപം

കേരളം പാപ്പരായ സംസ്ഥാനമാണ് എന്ന ശ്രീ. എ കെ ആന്റണിയുടെ വാദം അങ്ങേയറ്റം വസ്തുതാവിരുദ്ധവും കാര്യങ്ങൾ മനസ്സിലാക്കാതെയുള്ളതുമാണ്. വസ്തുതകൾ മനസ്സിലാക്കി അദ്ദേഹം തന്റെ പ്രസ്താവന തിരുത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. പ്രകടന പത്രികയിൽ പറഞ്ഞ 95 ശതമാനം കാര്യങ്ങളും ഉത്തരവാദിത്വത്തോടെ പൂർത്തീകരിച്ച സർക്കാരാണ് ചുമതല ഒഴിഞ്ഞത്. ഈ പ്രവർത്തനങ്ങൾക്കാകെ വേണ്ടിവന്ന പണം യാതൊരു തടസ്സവും ഇല്ലാതെ ഖജനാവിൽ നിന്ന് ധനവകുപ്പ് അനുവദിച്ചു നൽകുകയുണ്ടായി. സംസ്ഥാനത്തിന്റെ കഴിഞ്ഞ അഞ്ചുവർഷത്തെ ശരാശരി വാർഷിക ചെലവ് 1.72 ലക്ഷം കോടി രൂപയാണ്. 2025- 26 സാമ്പത്തിക വർഷം മാത്രം സർക്കാർ ഖജനാവിൽ നിന്ന് ചെലവഴിച്ചത് 2 ലക്ഷം കോടി രൂപയിലധികമാണ്. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് ശരാശരി 70000 കോടി രൂപയും ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ശരാശരി 1.15 ലക്ഷം കോടി രൂപയുമായിരുന്നു സംസ്ഥാനത്തിന്റെ വാർഷിക ചെലവ്.

കേന്ദ്രം നാനാവിധത്തിൽ സംസ്ഥാന സർക്കാരിനെ ശ്വാസംമുട്ടിച്ചപ്പോഴും ഒരു ദിവസം പോലും ട്രഷറി പൂട്ടുകയോ സർക്കാർ ജീവനക്കാരുടെ ശമ്പളവും പെൻഷനും മുടങ്ങുകയോ ചെയ്തിട്ടില്ല. സർക്കാർ ചുമതല ഒഴിയുമ്പോൾ ക്ഷേമ പെൻഷൻ ഒരു ഗഡു പോലും കുടിശ്ശികയുണ്ടായില്ല. സർക്കാർ ഉദ്യോഗസ്ഥർക്കും പെൻഷൻകാർക്കും മുഴുവൻ ഡിഎയും ഡി ആറും അനുവദിച്ചു നൽകി. ഡി എ/ഡി ആർ മുൻകാല കുടിശ്ശിക 8 തുല്യ ഗഡുക്കളായി നൽകാൻ നടപ്പു വർഷത്തെ ബജറ്റിൽ പണം വകയിരുത്തുകയും ചെയ്തു.

സംസ്ഥാന ഖജനാവിൽ നിന്നും പ്രതിമാസം 125 കോടിയോളം രൂപ കൊടുത്താണ് കെ.എസ്.ആർ.ടി.സിക്കാരുടെ ശമ്പളവും പെൻഷനും നൽകിവന്നിരുന്നത്. എല്ലാ മാസവും ഒന്നാം തീയതി തുടർച്ചയായി കെഎസ്ആർടിസി കാർക്ക് ശമ്പളം മുടക്കമില്ലാതെ നൽകാൻ ഈ സർക്കാരിന് കഴിഞ്ഞു.സംസ്ഥാനത്തെ 20 ലക്ഷത്തിലധികം സ്ത്രീകൾക്ക് പ്രതിമാസം ആയിരം രൂപ മുഖ്യമന്ത്രിയുടെ സ്ത്രീസുരക്ഷാ ധനസഹായമായും തൊഴിലന്വേഷകരായ ചെറുപ്പക്കാർക്ക് 1000 രൂപ കണക്ട് വർക് സ്കോളർഷിപ്പായും കൃത്യമായി നൽകി. പട്ടികജാതി- പട്ടികവർഗ്ഗ മേഖലയിലെ സ്കോളർഷിപ്പുകളും മറ്റ് അടിസ്ഥാന മേഖലകളിലെ വിഹിതങ്ങളും മുടക്കമില്ലാതെ നൽകി.

സംസ്ഥാനത്തിന്റെ പൊതു കടമാകട്ടെ അഞ്ചുവർഷംകൊണ്ട് അഞ്ചു ശതമാനത്തിലധികം കുറയുകയും ചെയ്തു. 2021ൽ 39% ആയിരുന്ന സംസ്ഥാന കടം ഇന്ന് 34 ശതമാനത്തിൽ താഴെയാണ്. കടത്തിന്റെ കണക്കിൽ ഇന്ത്യയിലെ ആദ്യത്തെ 15 സംസ്ഥാനങ്ങളിൽ പോലും കേരളമില്ല. രാജ്യത്ത് ഏറ്റവും മികച്ച ധന ദൃഢീകരണം നടന്ന സംസ്ഥാനങ്ങളിൽ ഒന്നായി കേരളം പരിഗണിക്കപ്പെടുന്നുണ്ട്. തനത് വരുമാനം വർദ്ധിപ്പിച്ചും വരവ് ചെലവുകൾ മികച്ച രീതിയിൽ മാനേജ് ചെയ്തുമാണ് ഈ നേട്ടത്തിലേക്ക് എത്താൻ സർക്കാരിന് കഴിഞ്ഞത്. അഞ്ചുവർഷംകൊണ്ട് 47,000 കോടിയിൽ നിന്നും ഒരു ലക്ഷം കോടിയിലേക്ക് സംസ്ഥാനത്തിന്റെ തനത് വരുമാനം വർദ്ധിപ്പിക്കാൻ കഴിഞ്ഞു. കേന്ദ്രം സംസ്ഥാനത്തിന് ന്യായമായും നൽകേണ്ട വിഹിതം വെട്ടിക്കുറച്ചില്ലായിരുന്നുവെങ്കിൽ സംസ്ഥാനത്തിന്റെ ധനസ്ഥിതി ഏറ്റവും മികച്ചതാകുമായിരുന്നു.

സാമ്പത്തിക ഫെഡറലിസത്തെ തകർക്കുന്ന കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ കേരളം ഉയർത്തിയ പ്രതിരോധം രാജ്യം ഏറ്റെടുത്ത കാലം കൂടിയാണ് കടന്നുപോയത്. അർഹമായ കേന്ദ്രവിഹിതം നിവർത്തിച്ചു കിട്ടാൻ സുപ്രീംകോടതിയിൽ കേരളം കേസു നൽകി. കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ പാർലമെന്റിനു മുൻപിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ധർണ്ണ നടത്തി. കേരളത്തിന്റെ ചുവട് പിടിച്ച് തമിഴ്നാടും കർണാടകയും പശ്ചിമബംഗാളും ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളും കേന്ദ്ര ധനവിതരണത്തിലെ അസന്തുലിതത്വത്തിനെതിരെ രംഗത്തുവന്നു. അഞ്ചുവർഷമായി സംസ്ഥാന സർക്കാർ നിരന്തരം നടത്തിയ പരിശ്രമങ്ങളുടെ ഭാഗമായി പതിനാറാം ധനകാര്യ കമ്മീഷൻ കേരളത്തിനുള്ള കേന്ദ്രവിഹിതത്തിൽ വർദ്ധനവ് വരുത്തുകയുണ്ടായി. സംസ്ഥാനങ്ങൾക്ക് വീതിച്ചു നൽകുന്ന ഡിവിസിബിൾ പൂളിൽ 1.925% ആയിരുന്ന കേരളത്തിന്റെ വിഹിതം ഇപ്പോൾ 2.382 % ആയി വർദ്ധിച്ചിരിക്കുകയാണ്. ധനകാര്യ മന്ത്രി എന്ന നിലയിൽ കേന്ദ്രസർക്കാരിൽ അഞ്ചുവർഷക്കാലം നടത്തിയ നിരന്തര സമ്മർദ്ദത്തിന്റെ ഫലമായാണ് ഈ വർദ്ധനവ് നമുക്ക് ലഭിച്ചത്. ഓരോ വർഷവും ചുരുങ്ങിയത് 10000 ത്തിലധികം കോടി രൂപയാണ് ഇതിലൂടെ സംസ്ഥാന ഖജനാവിൽ അധികമായി വരാൻ പോകുന്നത്. 2026 മുതൽ 2031 വരെയുള്ള ഈ നിരക്ക് വർദ്ധനയുടെ ഗുണഭോക്താക്കൾ പുതിയ യുഡിഎഫ് സർക്കാരാണ്. അഞ്ചുവർഷംകൊണ്ട് 50,000 കോടി രൂപ ഇതിലൂടെ അധികമായി ഖജനാവിലെത്തും.

ഏതു നിലയിലും സാമ്പത്തിക വെല്ലുവിളികൾ ഏറ്റെടുക്കാൻ പര്യാപ്തമായ ഒരു ഖജനാവാണ് പുതിയ സർക്കാരിന് ഞങ്ങൾ കൈമാറിയിട്ടുള്ളത്. രണ്ടാം പിണറായി സർക്കാർ അധികാരമൊഴിയുമ്പോൾ 4000 കോടി രൂപ ഖജനാവിൽ നീക്കിയിരിപ്പുണ്ടായിരുന്നു. ഒന്നും രണ്ടും പിണറായി സർക്കാരുകൾ ചുമതല ഏറ്റെടുത്തപ്പോൾ അവർക്ക് നിർവഹിക്കാനുണ്ടായിരുന്ന സാമ്പത്തിക ഉത്തരവാദിത്വവുമായി തട്ടിച്ചു നോക്കുമ്പോൾ പുതിയ യുഡിഎഫ് സർക്കാരിന് മുന്നിലുള്ളവ ചെറുതാണ്. കേരളത്തിന്റെ ചരിത്രത്തിൽ ഏറ്റവും ബൃഹത്തായ വികസന പദ്ധതികൾ പൂർത്തീകരിക്കുകയും, രാജ്യത്തെ തന്നെ ഏറ്റവും സമഗ്രമായ ക്ഷേമ പദ്ധതികൾ വിജയകരമായി മുന്നോട്ടു കൊണ്ടുപോവുകയും ചെയ്ത സർക്കാരുകളാണ് ഒന്നും രണ്ടും പിണറായി സർക്കാരുകൾ. രണ്ടാം പിണറായി സർക്കാർ മാത്രം ക്ഷേമപെൻഷൻ ഇനത്തിൽ വിതരണം ചെയ്തത് 50,000 കോടി രൂപയിലധികമാണ്.

അധികാരത്തിൽ ഇരുന്നപ്പോഴൊക്കെ ക്ഷേമ പെൻഷനുകൾ കുടിശ്ശികയാക്കിയും സർക്കാർ ജീവനക്കാരുടെ അവകാശങ്ങൾ നിഷേധിച്ചും പൊതുമേഖലാ സ്ഥാപനങ്ങളെ തച്ചു തകർത്തും വികസന പ്രവർത്തനങ്ങൾ നിശ്ചലമാക്കിയും സംസ്ഥാനത്തെ പിന്നോട്ടടിച്ച പാരമ്പര്യമാണ് യുഡിഎഫ് സർക്കാരുകൾക്കുള്ളത്. അധികാരം ഏറ്റെടുത്ത ദിവസം തന്നെ, വാഗ്ദാനങ്ങൾ ഇപ്പോൾ നടപ്പിലാക്കുക ബുദ്ധിമുട്ടായിരിക്കും എന്ന നിലയിൽ നടത്തിയ പ്രസ്താവന ജനക്ഷേമ പദ്ധതികളിൽ നിന്ന് പിൻവലിയാനുള്ള മുൻകൂർ ജാമ്യമായി കാണാവുന്നതാണ്. ജനങ്ങളുടെ മുന്നിൽ സമർപ്പിച്ച എല്ലാ വാഗ്ദാനങ്ങളും ഏതാണ്ട് പൂർണമായി നടപ്പിലാക്കുകയും അത് സംബന്ധിച്ച് ജനസമക്ഷം പ്രോഗ്രസ്സ് റിപ്പോർട്ട് പുറത്തിറക്കുകയും ചെയ്ത സർക്കാരുകളാണ് ഒന്നും രണ്ടും പിണറായി സർക്കാരുകൾ. ആ സർക്കാരിന്റെ തുടർച്ചയായി വന്ന യുഡിഎഫ് സർക്കാർ തങ്ങളുടെ വാഗ്ദാനങ്ങളിൽ നിന്ന് പിൻവാങ്ങി ജനങ്ങളെ കബളിപ്പിക്കുന്നതിനുമുള്ള നടപടികൾ ആരംഭിച്ചു എന്ന നിലയിൽ വേണം ശ്രീ എ കെ ആന്റണിയുടെ പ്രസ്താവനയെ കാണാൻ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AK AntonyFacebookKN Balagopal
News Summary - Antony's claim is factually incorrect; K.N. Balagopal calls it an excuse to withdraw from welfare schemes
Next Story