ആന്റണി രാജുവിന്റെ തിരുവനന്തപുരം സീറ്റ് സി.പി.എം ഏറ്റെടുക്കും; സ്ഥാനാർഥി കരുത്തനെങ്കിൽ മണ്ഡലം നഷ്ടപ്പെടില്ലെന്ന് കണക്കുക്കൂട്ടൽ..!
text_fieldsതിരുവനന്തപുരം: മയക്കുമരുന്നുമായി അറസ്റ്റിലായ വിദേശ പൗരനെ രക്ഷിക്കാന്‍ തൊണ്ടിമുതലിൽ കൃത്രിമം നടത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട ജനാധിപത്യ കേരള കോൺഗ്രസ് നേതാവ് ആന്‍റണി രാജു മത്സരിച്ച തിരുവനന്തപുരം സീറ്റ് സി.പി.എം ഏറ്റെടുത്തേക്കും. കേസിൽ മൂന്നുവർഷം തടവിന് ശിക്ഷിക്കപ്പെട്ടതോടെ എം.എൽ.എ സ്ഥാനത്തുനിന്ന് ആന്‍റണി രാജു അയോഗ്യനായി.
ആറുവർഷം തെരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ലെന്ന വിലക്ക് മുൻനിർത്തിയാണ് സി.പി.എം നീക്കം. ജനാധിപത്യ കേരള കോൺഗ്രസിന് എൽ.ഡി.എഫ് നൽകിയ ഏക സീറ്റാണ് തിരുവനന്തപുരം. ലത്തീൻ കത്തോലിക വിഭാഗത്തിന് സ്വാധീനമുള്ളതും തീരദേശ ജനങ്ങൾ വിധി നിർണയിക്കുന്നതുമായ മണ്ഡലത്തിൽ കരുത്തുറ്റ സ്ഥാനാർഥിയെ നിർത്തിയാൽ ജയിക്കാമെന്നാണ് സി.പി.എം പ്രതീക്ഷ.
കോടതി തടവുശിക്ഷ വിധിച്ചെങ്കിലും ഒരുമാസം ജാമ്യം അനുവദിച്ചതിനാൽ ഉടൻ അപ്പീൽ പോകാനുള്ള ഒരുക്കത്തിലാണ് ആന്‍റണി രാജു. നിയമപരമായ കാര്യങ്ങൾ പെട്ടെന്ന് ആരംഭിച്ചില്ലെങ്കിൽ ഒരുമാസത്തിനപ്പുറം ജയിലിൽ പോകേണ്ട അവസ്ഥയുണ്ടാകും. ഇക്കാര്യത്തിൽ, നടപടികൾ പൂർത്തിയാകുന്ന മുറക്കാകും രാഷ്ട്രീയമായ തുടർനീക്കം ആലോചിക്കുക.
തനിക്ക് അവസരമില്ലെങ്കിലും സീറ്റ് പാർട്ടിക്ക് വേണമെന്നാണ് അദ്ദേഹത്തിന്‍റെ നിലപാട്. മുൻമന്ത്രിയും സിറ്റിങ് എം.എൽ.എയുമായിരുന്ന കോൺഗ്രസിലെ വി.എസ്. ശിവകുമാറിനെ ഏഴായിരത്തിൽപരം വോട്ടിന് പരാജയപ്പെടുത്തിയ ആന്‍റണി രാജു രണ്ടാം പിണറായി സർക്കാറിൽ രണ്ടരവർഷം ഗതാഗത മന്ത്രിയുമായിരുന്നു.
തൊണ്ടിമുതൽ അട്ടിമറിയുടെ നാൾവഴി
- 1990 ഏപ്രിൽ നാല്: അടിവസ്ത്രത്തിൽ ഒളിപ്പിച്ച 61.5 ഗ്രാം ഹാഷിഷുമായി ഓസ്ട്രേലിയൻ പൗരൻ ആൻഡ്രൂ സാൽവേദോർ തിരുവനന്തപുരം വിമാനത്താവളത്തിൽ അറസ്റ്റിൽ.
- 1990: സാൽവേദോറിന് 10 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ച് തിരുവനന്തപുരം സെഷൻസ് ജഡ്ജി കെ.വി. ശങ്കരനാരായണൻ ഉത്തരവിറക്കി. പ്രശസ്ത അഭിഭാഷകയായ സെലിൻ വിൽഫ്രഡാണ് പ്രതിക്കു വേണ്ടി ഹാജരായത്. നിയമ ബിരുദം നേടിയ ആന്റണി രാജു അക്കാലത്ത് സെലിന്റെ ജൂനിയർ അഭിഭാഷകനായിരുന്നു
- 1994: അപ്പീൽ ഹൈക്കോടതിയിൽ. അടിവസ്ത്രം ആൻഡ്രുവിന്റേതല്ലെന്ന വാദം അംഗീകരിച്ച് വെറുതേവിട്ടു. തൊട്ടുപിന്നാലെ ആൻഡ്രൂ സാൽവേദോർ രാജ്യം വിട്ടു.
- 1994: തൊണ്ടിമുതലിൽ കൃത്രിമം കാട്ടിയെന്ന പരാതിയിൽ വഞ്ചിയൂർ പൊലീസ് കേസെടുത്തു.
- 2002: തെളിവില്ലെന്നു കാട്ടി കേസ് റദ്ദാക്കണമെന്ന പൊലീസ് റിപ്പോർട്ട് കോടതിയിൽ.
- 2005: കേസ് പുനരന്വേഷിക്കാൻ ഐ.ജിയായിരുന്ന ടി.പി. സെൻകുമാർ ഉത്തരവിട്ടു.
- 2006 ഫെബ്രുവരി 13: ആന്റണി രാജു ഒന്നും കോടതിയിലെ തൊണ്ടി സെക്ഷൻ ക്ലർക്ക് എസ്. ജോസ് രണ്ടും പ്രതിയാക്കി തിരുവനന്തപുരം സെഷൻസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.
- 2014: നെടുമങ്ങാട് ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിലേക്ക് കേസ് മാറ്റി
- 2023: കേസ് പുനരന്വേഷിക്കണമെന്ന് ഹൈകോടതി ഉത്തരവിട്ടു
- 2024 നവംബർ 20: ആന്റണി രാജു പുനരന്വേഷണം നേരിടണമെന്ന് സുപ്രീംകോടതി അറിയിച്ചു
- 2026 ജനുവരി മൂന്ന്: ആന്റണി രാജുവും ജോസും കുറ്റക്കാരെന്ന് നെടുമങ്ങാട് ജുഡീഷല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി കണ്ടെത്തി മൂന്ന് വർഷം തടവിന് ശിക്ഷിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

